mosc
കോലഞ്ചേരി എം.ഒ.എസ്.സി മെഡിക്കൽ മിഷൻ ആശുപത്രിയുടെ സുവർണ ജൂബിലിയാഘോഷങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.

കോലഞ്ചേരി: ചില സ്വകാര്യ ആശുപത്രികൾ ഡോക്ടർമാർക്ക് ടാർജറ്റ് നിശ്ചയിച്ച് അനാവശ്യ പരിശോധനകൾക്ക് രോഗികളെ നിർബന്ധിക്കുന്നുവെന്ന് പരാതിയുണ്ടെന്നും ആശുപത്രികൾ കൊളളലാഭമുണ്ടാക്കാനുളള കേന്ദ്രങ്ങളാണെന്ന ധാരണ നല്ലതല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

മലങ്കര ഓർത്തഡോക്‌സ് ചർച്ച് മെഡിക്കൽ മിഷൻ ആശുപത്രിയുടെ സുവർണ ജൂബിലിയാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.

പൊതുജനാരോഗ്യ രംഗത്ത് സ്വകാര്യ മേഖല മികച്ച സംഭാവനയാണ് നൽകുന്നത്. എന്നാൽ ചില സ്വകാര്യ ആശുപത്രികൾ ലാഭക്കണ്ണോടെയാണ് പ്രവർത്തിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ല. ചികിത്സാ രംഗത്ത് ജനങ്ങൾക്ക് ആശ്വാസമേകാനാണ് ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തുന്നത്. നിപ പോലുളള പകർച്ച വ്യാധികളെ അതിജീവിക്കാൻ കഴിഞ്ഞത് ആരോഗ്യ രംഗത്തെ വളർച്ചയുടെ ഉദാഹരണമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സുവർണ ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന നൂറ് ഹൃദയ ശസ്ത്രക്രിയ പദ്ധതിയുടെ സമ്മതപത്ര കൈമാറ്റം മന്ത്രി കെ.കെ.ശൈലജ നിർവഹിച്ചു. ചടങ്ങിൽ ആശുപത്രി പ്രസിഡന്റ് ബസേലിയോസ് മാർത്തോമ പൗലോസ് ദ്വീതിയൻ ബാവ അദ്ധ്യക്ഷനായിരുന്നു. സൗജന്യ തിമിര ശസ്ത്രക്രിയ പദ്ധതിയുടെ ഉദ്ഘാടനം വി.പി സജീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളികുര്യാക്കോസ്, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗൗരിവേലായുധൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ.രാജു, ഷിജിമോൾ അജയൻ,മാത്യൂസ് മാർ സെവേറിയോസ് മെത്രാപ്പോലീത്ത, തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്തതുടങ്ങിയവർ പ്രസംഗിച്ചു. ആശുപത്രി സി.ഇ.ഒയും സെക്രട്ടറിയുമായ ജോയി.പി.ജേക്കബ് സ്വാഗതവും മെഡിക്കൽ സൂപ്രണ്ട് ഡോ.സോജൻ ഐപ്പ് നന്ദിയും പറഞ്ഞു.