ന്യൂഡൽഹി:ഇന്ത്യൻ സമ്പദ്‌രംഗത്ത് വീണ്ടുമൊരു മാന്ദ്യത്തിന് വഴിവെട്ടി തകർന്നുവീണ ബാങ്കിതര ധനകാര്യ സ്ഥാപനമായ (എൻ.ബി.എഫ്.സി) ഐ.എൽ ആൻഡ് എഫ്.എസിന് സമാനമായ അവസ്ഥയിലേക്ക് അനിൽ അംബാനിയുടെ റിലയൻസ് കാപ്പിറ്റലും കൂപ്പുകുത്തിയേക്കുമെന്ന് ആശങ്ക. റിലയൻസ് കാപ്പിറ്റലിന്റെ റേറ്റിംഗ്, പ്രമുഖ റേറ്റിംഗ് ഏജൻസിയായ കെയർ റേറ്രിംഗ്‌സ് ലിമിറ്റഡ് കുത്തനെ താഴ്‌ത്തിയതാണ് ആശങ്കയ്ക്ക് വളമിട്ടത്.
റിലയൻസ് കാപ്പിറ്റൽ പുറത്തിറക്കിയ ഡിബഞ്ചറുകളുടെ (ഓഹരികളാക്കി മാറ്റാനാവാത്ത കടപ്പത്രങ്ങൾ) റേറ്റിംഗ് ആണ് ഭേദപ്പെട്ട റേറ്റിംഗ് ആയ 'ബി.ബി"യിൽ നിന്ന് മോശം റേറ്റിംഗായ 'ഡി"യിലേക്ക് താഴ്‌ത്തിയത്. കടപ്പത്രങ്ങളിന്മേലുള്ള തിരിച്ചടവുകൾ (കൂപ്പൺ പേമെന്റ്‌സ്) മുടങ്ങിയതോടെയാണ് റേറ്റിംഗ് താഴ്‌ത്തിയത്. കൂടുതൽ നിക്ഷേപം നേടാനും പൊതു വിപണിയിൽ നിന്ന് പണം സമാഹരിക്കാനും വായ്‌പനൽകിയ സ്ഥാപനങ്ങളുമായി തിരിച്ചടവ് സംബന്ധിച്ച പദ്ധതി രൂപപ്പെടുത്താനും റേറ്റിംഗ് ഇടിവ് റിലയൻസിന് തിരിച്ചടിയാകും.
എന്നാൽ, കെയർ റേറ്റിംഗ്‌സിന്റെ നടപടി തങ്ങളുടെ വാദം കേൾക്കാതെയാണെന്ന് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് നൽകിയ കത്തിൽ സൂചിപ്പിച്ചു. ബാങ്കുകളുടെ സെർവറുകളിലുണ്ടായ സാങ്കേതിക തകരാർ മൂലമാണ് കൂപ്പൺ പേമെന്റുകൾ മുടങ്ങിയത്. ഇക്കാര്യം അറിയിക്കാനുള്ള അവസരം റിലയൻസ് കാപ്പിറ്റലിന് കെയർ റേറ്റിംഗ്‌സ് നൽകിയില്ല. തിരിക്കുപിടിച്ച് റേറ്റിംഗ് താഴ്‌ത്തിയ കെയർ റേറ്റിംഗ്‌സിന്റെ നടപടി ദശലക്ഷത്തോളം വരുന്ന റീട്ടെയിൽ, ഇൻസ്‌റ്റിറ്റ്യൂഷണൽ നിക്ഷേപകരെ സാരമായി ബാധിക്കും. അടുത്ത പ്രവൃത്തിദിനത്തിൽ തന്നെ കൂപ്പൺ പേമെന്റ് നടത്തുമെന്നും റിലയൻസ് കാപ്പിറ്റൽ വ്യക്തമാക്കി.
അനിൽ അംബാനി നയിക്കുന്ന റിലയൻസ് ഗ്രൂപ്പിന്റെ മൊത്തം കടബാദ്ധ്യത 93,900 കോടി രൂപയോളമാണെന്നാണ് വിലയിരുത്തൽ. ഇതിൽ 38,900 കോടി രൂപയും മുംബയ് ആസ്ഥാനമായുള്ള റിലയൻസ് കാപ്പിറ്റലിന്റേതാണ്. റിലയൻസ് പവറിന് 30,200 കോടി രൂപയുടെയും റിലയൻസ് ഇൻഫ്രാസ്‌ട്രക്‌ചറിന് 17,800 കോടി രൂപയുടെയും റിലയൻസ് നേവൽ ആൻഡ് എൻജിനിയറിംഗിന് 700 കോടി രൂപയുടെയും കടബാദ്ധ്യതയുണ്ട്. ആസ്‌തികൾ വിറ്റഴിച്ച് കടം വീട്ടാനുള്ള ശ്രമത്തിലാണ് റിലയൻസ് കാപ്പിറ്റൽ. കടബാദ്ധ്യതയെ തുടർന്ന് കഴിഞ്ഞ ഒരുവർഷത്തിനിടെ കമ്പനിയുടെ ഓഹരി മൂല്യത്തിൽ 90 ശതമാനത്തോളം ഇടിവുമുണ്ടായി.
ഐ.എൽ ആൻഡ് എഫ്.എസ്
കഴിഞ്ഞവർഷമാണ് ഇന്ത്യയെ സാമ്പത്തിക ഞെരുക്കത്തിലേക്ക് തള്ളിവിട്ട് ഐ.എൽ ആൻഡ് എഫ്.എസ് തകർന്നടിഞ്ഞത്. വൻകിട അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് വായ‌്‌പ നൽകുന്ന ബാങ്കിതര ധനകാര്യ സ്ഥാപനമായ (എൻ.ബി.എഫ്.സി) ഐ.എൽ ആൻഡ് എഫ്.എസിന്റെ തകർച്ച, ഇവർക്ക് വായ്പ നൽകിയ ബാങ്കുകളെയും പ്രതിസന്ധിയിലാഴ്‌ത്തി. ഇതോടെ, വായ്‌പാ വിതരണവും പണലഭ്യതയും കുറയുകയായിരുന്നു. പിന്നീട്, ഐ.എൽ ആൻഡ് എഫ്.എസിനെ സർക്കാർ ഏറ്റെടുത്തതോടെയാണ് പ്രതിസന്ധി അയഞ്ഞത്.
റിലയൻസും കടക്കെണിയും
(കോടി രൂപയിൽ)
റിലയൻസ് കാപ്പിറ്റൽ : ₹38,900
റിലയൻസ് പവർ : ₹30,200
റിലയൻസ് ഇൻഫ്ര: ₹17,800
റിലയൻസ് എൻജി.: ₹700