കൊച്ചി: സംസ്ഥാനത്ത് അഞ്ചുമണ്ഡലങ്ങളിലേക്കുള്ള ബി.ജെ.പി സ്ഥാനാർത്ഥികളുടെ സാദ്ധ്യത പട്ടികയ്ക്ക് ബി.ജെ.പി കോർകമ്മിറ്റി രൂപം നൽകി. ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന നിലപാട് തള്ളി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അന്തിമതീരുമാനം കേന്ദ്രനേതൃത്വത്തിന് വിടാൻ കൊച്ചിയിൽ ചേർന്ന കോർകമ്മിറ്റി യോഗം തീരുമാനിച്ചു. സ്ഥാനാർത്ഥികളെ രണ്ടോ മൂന്നോ ദിവസത്തിനകം ഡൽഹിയിൽ പ്രഖ്യാപിക്കും.
സ്ഥാനാർത്ഥികളെപറ്റിയുള്ള വിവരങ്ങൾ പുറത്തുവിടുന്നത് പാര്‍ട്ടി രീതിയല്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ സംസ്ഥാന നേതാക്കൾ മത്സരരംഗത്തുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. വാശിയേറിയ മത്സരം അഞ്ചിടങ്ങളിലും കാഴ്ചവെക്കാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് എം.ടി. രമേശ് വ്യക്തമാക്കി.
വട്ടിയൂർക്കാവിൽ വിജയസാദ്ധ്യത മുന്നിൽക്കണ്ട് കുമ്മനം തന്നെ മത്സരിക്കണമെന്നായിരുന്നു പൊതുനിലപാട്. ഇതോടെ കുമ്മനത്തിന്റെ പേരു കൂടി ഉൾപ്പെടുത്തിയ പട്ടിക എൻ.ഡി.എയ്ക്കും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റിക്കും സമർപ്പിക്കാൻ തീരുമാനമായി. ഓരോ മണ്ഡലത്തിലേക്കും മൂന്നു പേരുകൾ കേന്ദ്രകമ്മറ്റിക്ക് നൽകുമെന്നും എന്നാൽ ഇപ്പോൾ പരസ്യപ്പെടുത്താനാവില്ലെന്നും സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു.
മഞ്ചേശ്വരത്തും കോന്നിയിലും കെ.സുരേന്ദ്രന്റെ പേരാണ് മുൻഗണനയിലുള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോന്നിയിൽ ബിജെപി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിൽ ലോക്‌സഭയിലേക്ക് പത്തനംതിട്ടയിൽ നിന്ന് മത്സരിച്ചത് കെ. സുരേന്ദ്രനായിരുന്നു. എറണാകുളത്ത് ബി. ഗോപാലകൃഷ്ണന്റെ പേരിനാണ് മുൻഗണന.
വട്ടിയൂർക്കാവ്, മഞ്ചേശ്വരം മണ്ഡലങ്ങളിലാണ് ബി.ജെ.പിക്ക് വിജയസാധ്യത ഉള്ളതായി വിലയിരുത്തുന്നത്. ഇവിടെ രണ്ടിടത്തും മികച്ച സ്ഥാനാർത്ഥികളെ നിർത്താനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.