petrol

റിയാദ്: സൗദി അരാംകോ പ്ലാന്റിലുണ്ടായ ഡ്രോൺ ആക്രമണത്തിനു ശേഷം ഇന്ത്യ നേരിടുന്ന എണ്ണ പ്രതിസന്ധിക്ക് പരിഹാരമുണ്ടാകുമെന്ന് സൗദി അറേബ്യയുടെ ഉറപ്പ്. ഇന്ത്യയുടെ ഊർജ്ജ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താൻ തങ്ങൾ പ്രതിബദ്ധരാണെന്ന് സൗദി അംബാസഡർ ഡോ. സൗദ് ബിൻ മൊഹമ്മദ് അൽ സാതി വാർത്താ ഏജൻസിയായ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

വിപണിയുടെ സ്ഥിരത നിലനിറുത്താൻ തങ്ങൾ ഒപെക് രാജ്യങ്ങൾക്കു പുറത്തുള്ള എണ്ണ ഉത്പാദകരുമായി ചേർന്ന് ക്രിയാത്മകമായ ഇടപെടൽ നടത്തുമെന്ന് സൗദി വ്യക്തമാക്കി. അരാംകോയിലെ ആക്രമണത്തെ ഇന്ത്യ അപലപിച്ചതായും അൽ സാതി പറഞ്ഞു. എല്ലാത്തരത്തിലുമുള്ള ഭീകരവാദത്തെ തങ്ങൾ എതിർക്കുന്നുവെന്നും ഇന്ത്യ വ്യക്തമാക്കിയെന്ന് അദ്ദേഹം അറിയിച്ചു. ഒരു സുഹൃത്തെന്ന നിലയിലും നയതന്ത്രപങ്കാളിയെന്ന നിലയിലും ഇന്ത്യയുടെ വാക്കുകളെ മതിക്കുന്നതായി അൽ സാദി വ്യക്തമാക്കി. സൗദി അറേബ്യയിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ അരാംകോയുടെ രണ്ട് എണ്ണയുത്പാദന കേന്ദ്രങ്ങളിൽ ഇക്കഴിഞ്ഞ 14ന് നടന്ന ഡ്രോൺ ആക്രമണം രാജ്യത്തു നിന്നുള്ള എണ്ണയുത്പാദനത്തെ ഭാഗികമായി സ്തംഭിപ്പിച്ചിരിക്കുകയാണ്. ഹൂതി വിമതർ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തെങ്കിലും പിന്നിൽ ഇറാനാണെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് അമേരിക്ക. ഇക്കാര്യം സൗദിയും ശരിവച്ചിരുന്നു. അരാംകോയുടെ 2 ട്രില്യൺ ഡോളറിന്റെ ഓഹരികൾ പൊതുവിപണിയിലെത്തിക്കാൻ സൗദി തയ്യാറെടുക്കുന്ന ഘട്ടത്തിലാണ് ഈ ആക്രമണം നടന്നതെന്നതും ശ്രദ്ധേയമാണ്.