ന്യൂഡൽഹി: കാശ്മീർ വിഷയത്തിൽ കോൺഗ്രസിനെ. കടുത്ത ഭാഷയിൽ വിമർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അന്നത്തെ പ്രധാനമന്ത്റിയായിരുന്ന ജവഹർലാൽ നെഹ്റു അനവസരത്തിലാണ് വെടിനിറുത്തൽ പ്രഖ്യാപിച്ചതെന്ന് അമിത് ഷാ ആരോപിച്ചു. അല്ലാത്തപക്ഷം പാക് അധിനിവേശ കശ്മീർ ഉണ്ടാവുമായിരുന്നില്ലെന്നും അമിത് ഷാ പറഞ്ഞു. മുംബയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.
അന്ന് നെഹ്റു അനവസരത്തിലാണ് പാകിസ്ഥാനോട് വെടിനിർത്തൽ പ്രഖ്യാപിച്ചത്. അല്ലാത്തപക്ഷം പാക് അധിനിവേശ കശ്മീർ ഉണ്ടാവുമായിരുന്നില്ല. നെഹ്റുവിന് പകരം സർദാർ പട്ടേൽ ആയിരുന്നുവെങ്കിൽ കാശ്മീർ പ്രശ്നം കൈകാര്യം ചെയ്‌തെനേയെന്നും അമിത് ഷാ പറഞ്ഞു.
ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370ലെ വ്യവസ്ഥകൾ റദ്ദാക്കിയതിൽ പ്രധാനമന്ത്റി നരേന്ദ്രമോദിയെ അമിത് ഷാ അഭിനന്ദിച്ചു. മോദിയുടെ ധീരതയുടെയും നിശ്ചയദാർഢ്യത്തിന്റെയും വിജയമാണിതെന്നും അമിത് ഷാ പറഞ്ഞു. രണ്ടാം എൻ.ഡി.എ സർക്കാർ അധികാരത്തിലേറിയതിന്റെ ആദ്യ പാർലമെന്റ് സമ്മേളനത്തിൽ തന്നെ ആർട്ടിക്കിൾ 370ലെ വ്യവസ്ഥകളും 35എയും മോദി റദ്ദാക്കിയതായും അമിത് ഷാ പറഞ്ഞു.
നിലവിൽ കശ്മീരിൽ ഒരു അശാന്തിയും നിലനിൽക്കുന്നില്ല. ആർട്ടിക്കിൾ 370ലെ വ്യവസ്ഥകൾ റദ്ദാക്കിയതിന് ശേഷം ഒറ്റ വെടിയൊച്ച പോലും ഉണ്ടായിട്ടില്ല. വരും ദിവസങ്ങളിൽ ഭീകരവാദവും പൂർണമായി അവസാനിപ്പിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.