തൊടുപുഴ: 'വൺ, ടു, ത്രീ..." എന്ന് പറഞ്ഞ് മന്ത്രി എം.എം മണി നടത്തിയ വിവാദ പ്രസംഗം കാമറയിൽ പകർത്തി ശ്രദ്ധേയനായ പ്രാദേശിക ചാനൽ കാമറാമാൻ പി.ഡി സന്തോഷ് (ചന്തു- 46) വാർത്തകൾ ഇല്ലാത്ത ലോകത്തേക്ക് വിടവാങ്ങി. ഹൃദയാഘാതത്തെ തുടർന്ന് കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്നലെ പുലർച്ചെയായിരുന്നു മരണം. തൊടുപുഴയിലെ മുക്കിലും മൂലയിലും നാട്ടുകാരുടെ പ്രശ്‌നങ്ങൾ വാർത്തയാക്കി നടന്ന ചന്തു സൗമ്യതയുടെ മുഖമുദ്രയായിരുന്നു. പ്രാദേശിക ചാനലായ വീ വൺ ന്യൂസിന്റെ കാമറാമാനായി പ്രവർത്തിച്ചു വരികായിരുന്നു. പ്രാദേശിക കേബിൾ ചാനലായ സീ ടിവി ന്യൂസിലും ദീർഘകാലം പ്രവർത്തിച്ചിരുന്നു.
കേരളം കണ്ട പ്രധാന രാഷ്ട്രീയ ന്യൂസ് ബ്രേക്കുകളിൽ ഒന്ന് കാമറയിൽ പകർത്തിയതോടെയാണ് ചന്തുവിന്റെ പേര് മാദ്ധ്യമലോകത്ത് ശ്രദ്ധ നേടുന്നത്. 2012 മേയ് 24ന് മന്ത്രി എം.എം.മണി മണക്കാട് നടത്തിയ വിവാദ പ്രസംഗം സി.ടി.വി കേബിൾ ചാനലിന് വേണ്ടിയാണ് ചന്തു പകർത്തിയത്. പിന്നീട് ഈ ദൃശ്യങ്ങളാണ് മുഖ്യധാരാ ചാനലുകളും പത്രങ്ങളും ബ്രേക്കിംഗ് ന്യൂസ് ആക്കിയത്. വിഷയം വൻ രാഷ്ട്രീയകോളിളക്കം സൃഷ്ടിച്ചതോടെ ചന്തുവിന് പലവിധ പ്രതിസന്ധികളുണ്ടായെങ്കിലും എല്ലാം സൗമ്യമായ ചിരിയോടെ അദ്ദേഹം നേരിട്ടു. പാർട്ടി പ്രവർത്തകനായിരുന്നതിനാൽ പാർട്ടിതല അന്വേഷണമുണ്ടായി. എങ്കിലും അദ്ദേഹം ജനകീയ പ്രശ്‌നങ്ങൾ വാർത്തയാക്കുന്നതിൽ പിന്നോട്ട് പോയില്ല.
ഹൃദയാഘാതം വന്നതിന്റെ തലേദിവസവും ചന്തു കാമറയുമായി സജീവമായിരുന്നു. കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കൽകോളജിൽ വെന്റിലേറ്ററിൽ കഴിയുമ്പോഴും ജീവിതത്തിലേയ്ക്ക് കൂടുതൽ ഊർജസ്വലതയോടെ തിരിച്ചു വരുമെന്ന പ്രതീക്ഷയിലായിരുന്നു ഉറ്റവരും സുഹൃത്തുക്കളും. എന്നാൽ, പ്രാർത്ഥനകളും പ്രതീക്ഷകളും വിഫലമാക്കി ഇന്നലെ പുലർച്ചെ വീണ്ടുമുണ്ടായ ഹൃയഘാതം ചന്തുവിന്റെ ജീവൻ കവർന്നെടുത്തു. ഇന്നലെ രാവിലെ പത്തോടെ ഇടുക്കി പ്രസ് ക്ളബിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ സമൂഹത്തിലെ നാനാതുറയിൽപ്പെട്ട നൂറുകണക്കിനാളുകൾ അന്ത്യാജ്ഞലി അർപ്പിച്ചു. തുടർന്ന് മൃതദേഹം മണക്കാട്ടിലുള്ള വസതിയിൽ എത്തിച്ചു. വൈകിട്ട് നാലോടെ നഗരസഭ ശാന്തികവാടം ശ്മശാനത്തിൽ വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ സംസ്‌കരിച്ചു.