blue-blackmailing-

കൊച്ചി: കൊച്ചിയിൽ ബ്ലൂ ബ്ലാക്ക് മെയിലിംഗ് കേസിൽ യുവതി അടക്കം നാലുപേർ അറസ്റ്റിൽ. നഗ്നദൃശ്യം പകർത്തി വിദേശ വ്യവസായിയുടെ 50 ലക്ഷം രൂപ തട്ടാൻ ശ്രമിച്ച സംഘത്തെയാണ് പൊലീസ് പിടികൂടിയത്.


ഫോർട്ട് കൊച്ചി സ്വദേശിനി ആയ യുവതിയുടെ നേതൃത്വത്തിലായിരുന്നു ബ്ലാക്‌മെയിലിംഗ്. ഭീഷണിപ്പെടുത്തി വ്യവസായിയിൽ നിന്ന് 30 ലക്ഷം രൂപ തട്ടിയെടുത്തതായി അന്വേഷണത്തിൽ തെളിഞ്ഞതായി പൊലീസ് പറയുന്നു. 50 ലക്ഷം രൂപയായിരുന്നു വ്യവസായിയോട് ഇവർ ആവശ്യപ്പെട്ടിരുന്നത്. തുടർന്ന് വ്യവസായിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് യുവതി അടക്കം നാലുപേർ പിടിയിലായത്. കണ്ണൂർ സ്വദേശികളായ യുവാക്കളാണ് പിടിയിലായ മ​റ്റു മൂന്നുപേർ. കൊച്ചി സെൻട്രൽ പൊലീസാണ് പ്രതികളെ പിടികൂടിയത്.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വ്യവസായികൾ യുവതിയുടെ തട്ടിപ്പിനിരയായതായാണ് വിവരം.

സോഷ്യൽ മീഡിയ വഴി വ്യവസായികളുമായി സൗഹൃദം സ്ഥാപിക്കുന്ന യുവതി മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം സ്വകാര്യ ഇടങ്ങളിലേക്ക് ഇവരെ ക്ഷണിച്ച് നഗ്ന ദൃശ്യങ്ങൾ പകർത്തുകയാണ് പതിവ്. പിന്നീട് ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് പണം തട്ടുന്നത്. ഇത്തരത്തിൽ തട്ടിപ്പിനിരയായ വ്യവസായിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് നാലുപേരും പിടിയിലാകുന്നത്.