pravasi

ആലുവ: ആപത്കരമായ ജനസംഖ്യാ വ്യതിയാനത്തിലേക്ക് കേരളം മാറുകയാണെന്ന് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രതാത്പര്യവും ഹൈന്ദവ താത്പര്യവും മുൻനിറുത്തി പ്രവർത്തിക്കുന്നൊരു സർക്കാരിനെ അധികാരത്തിലെത്തിക്കാനുള്ള ശ്രമങ്ങളുണ്ടാകണം. പ്രവാസി ക്ഷേമസമിതി രണ്ടാം സംസ്ഥാന സമ്മേളനം ആലുവയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള ജനസംഖ്യയിൽ ഹൈന്ദവസമൂഹം കുറഞ്ഞുവരികയാണ്. അധികം വൈകാതെ ഇപ്പോൾ മതേതരത്വം പറയുന്ന പലരും മതാടിസ്ഥാനത്തിൽ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുന്ന സ്ഥിതിയുണ്ടാകുമെന്നും സ്വാമി ചിദാനന്ദ പുരി പറഞ്ഞു. സമിതി സംസ്ഥാന അദ്ധ്യക്ഷൻ ടി.വി. വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു.

ബി.ജെ.പി അഖിലേന്ത്യാ ജനറൽ സെക്രട്ടറി രാം മാധവ് മുഖ്യപ്രഭാഷണം നടത്തി. പ്രവാസികൾ അവരുടെ സമ്പാദ്യം സമൂഹത്തിന് ഗുണകരമായ വിധം നാട്ടിൽ ബുദ്ധിപൂർവം വിനിയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസി സമൂഹത്തിന്റെ ഉന്നമനത്തിനായുള്ള എല്ലാ കാര്യങ്ങളും കേന്ദ്രസർക്കാർ നടപ്പാക്കി വരുന്നുണ്ട്.
പ്രവാസികൾ കേരള സർക്കാരിൽ നിന്ന് ഒരുമുഴം കയർ മാത്രം പ്രതീക്ഷിച്ചാൽ മതിയെന്ന് മുൻ ഡി.ജി.പി ടി.പി. സെൻകുമാർ പറഞ്ഞു. മൂന്ന് ലക്ഷം കോടി കടം ബാക്കി വച്ചായിരിക്കും ഇടതുസർക്കാർ ഇറങ്ങുക. പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീടുകൊടുക്കാനാകാത്ത സർക്കാരിൽ നിന്ന് മരടിലെ ഒഴിപ്പിക്കപ്പെടുന്ന ഫ്ളാറ്റുടമകൾ കൂടുതലൊന്നും പ്രതീക്ഷക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. ആർ.എസ്.എസ് പ്രാന്തീയ കാര്യകാരി സദസ്യൻ എ.ആർ. മോഹൻ, ടി.എസ്. ജഗദീശൻ എന്നിവർ സംസാരിച്ചു.