
കഴിഞ്ഞ ഒരു ദശാബ്‌ദക്കാലമായി ഇന്ത്യൻ നിരത്തിലെ ഏറ്റവും പ്രിയമേറിയ ആഡംബര എസ്.യു.വികളിലൊന്നാണ് ഔഡിയുടെ ക്യൂ7. വൻകിട ബിസിനസുകാർ, സെലബ്രിറ്റികൾ, പ്രവാസികൾ തുടങ്ങിയവർക്കിടയിൽ മികച്ച സ്വീകാര്യത ഔഡി ക്യൂ7 നേടി. പിന്നീട്, ക്യൂ8 എന്ന താരത്തെയും ഔഡി വിപണിയിൽ എത്തിച്ചെങ്കിലും ഔഡി ക്യൂ7ന്റെ ആരാധകപ്രീതിക്ക് കുറവുണ്ടായില്ല. ക്യൂ7, ക്യൂ8 എന്നിവ ഒന്നിന് കുതിക്കുന്ന കാഴ്‌ചയാണ് പിന്നീട് വിപണി കണ്ടത്.
ഇപ്പോഴിതാ, കാലികമായ മാറ്റങ്ങളുമായി ക്യൂ7ന്റെ പുത്തൻ വേർഷനെ പരിചയപ്പെടുത്തുകയാണ് ജർമ്മൻ ആഡംബര ബ്രാൻഡായ ഔഡി. 2020ൽ പുതിയ ക്യൂ7 ഇന്ത്യയിലെത്തും. ബി.എം.ഡബ്ള്യു എക്‌സ് 5, മെഴ്‌സിഡെസ് - ബെൻസ് ജി.എൽ.ഇ., വോൾവോ എക്‌സ്.സി 90 എന്നിവയാണ് വിപണിയിലെ മുഖ്യ എതിരാളികൾ. 5-സീറ്റർ, 7-സീറ്റർ ശ്രേണി ക്യൂ7ന് ഉണ്ടാകും. പൗരുഷഭാവം നിറയുന്ന പുതിയ ഒക്‌ടഗണൽ ഗ്രില്ലാണ് മുൻഭാഗത്തെ പ്രധാന ആകർഷണം. പുതിയ ഹെഡ്‌ലൈറ്റുകളും ബമ്പറുകളും ക്യൂ7ന് ഒരു 'അഗ്രസീവ് ലുക്കും" സമ്മാനിക്കുന്നുണ്ട്.
വശങ്ങളിൽ നിന്ന് നോക്കിയാൽ, ആരെയും ആകർഷിക്കുന്ന ക്യൂ7ന്റെ അഴക് അടുത്തറിയാനാകും. ഡോളറുകൾക്ക് വെള്ളിവരകൾ അതിർവരമ്പ് തീർക്കുന്നു. പുതിയ വീലുകളും 'ഡൈനാമിക്ക്" ലുക്ക് നൽകുന്നുണ്ട്. എ8ൽ നിന്ന് കടംകൊണ്ടതും ക്രോം സ്‌ട്രിപ്പുമായി ഇരു അറ്റങ്ങളിലും കോർത്തു നിൽക്കുന്നതുമാണ് പിന്നിലെ, ടെയ്ൽലാമ്പ്. വ്യത്യസ്‌തമായ ബമ്പർ ഡിസൈൻ ക്യൂ7നെ സ്‌പോർട്ടീയുമാക്കുന്നു.
മൂന്ന് - സ്‌ക്രീൻ ലേ ഔട്ടോട് കൂടിയതാണ് അകത്തളം. ക്യൂ8ൽ നിന്നുതന്നെ സ്വീകരിച്ച പ്രീമിയം ഘടകമാണിത്. അത്യാധുനിക ഇൻഫോടെയ്‌ൻമെന്റ് സ്‌ക്രീനിന് കീഴിലായാണ് മറ്റു സ്‌ക്രീനുകൾക്ക് ഇടം. ഉന്നത നിലവാരമുള്ള മെറ്റീരിയലുകളും ഫീച്ചറുകളും കളർതീമും അകത്തളത്തെ മനോഹരമാക്കുന്നുണ്ട്. വിശലമാണ് അകത്തളം. മികച്ച സ്‌റ്റോറേജ് സ്‌പേസുകളും കാണാം. മൂന്നു ലിറ്റർ ഡീസൽ വി6 എൻജിനും ടർബോചാർജ്ഡ് പെട്രോൾ വി6 എൻജിനും പുതിയ ക്യൂ7ന് ഉണ്ടാകും. നിലവിൽ, ക്യൂ7ന്റെ ഡീസൽ എൻജിനാണ് പ്രിയം കൂടുതൽ.
എന്നാൽ, ഭാവിയിലേക്കുള്ള ചുവടുവയ്‌പായി ഹൈബ്രിഡ് വേരിയന്റും ഔഡി അവതരിപ്പിച്ചേക്കും. കുറഞ്ഞ ഇന്ധന ഉപഭോഗം വാഗ്‌ദാനം ചെയ്യുന്ന പുതിയ ക്യൂ7, പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം ഏതാനും 6 സെക്കൻഡിനകം കൈവരിക്കും.