ഹൂസ്റ്റൺ: ഹൂസ്റ്റണിലെ എൻ.ആർ.ജി ഫുട്ബാൾ സ്റ്റേഡിയത്തിന് ഇന്നലെ ഇന്ത്യയുടെ മുഖമായിരുന്നു. ഒരു കൊച്ച് ഇന്ത്യയാണ് സ്റ്റേഡിയത്തിനുള്ളിൽ നിമിഷങ്ങൾകൊണ്ട് രൂപപ്പെട്ടത്. അവർക്കെല്ലാം ഒരേശബ്ദവും- ഹൗ ഡു യു ഡു? ലോകം ഉറ്റുനോക്കിയ ഹൗഡി മോദി പരിപാടിയിൽ 50000ഓളം ഇന്ത്യൻ വംശജരാണ് പങ്കെടുത്തത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സാന്നിദ്ധ്യം തന്നെയായിരുന്നു പരിപാടിയുടെ മുഖ്യ ആകർഷണം. കലാപ്രകടനങ്ങളോടെയായിരുന്നു പരിപാടികൾക്ക് തുടക്കം.
ഭാരത് മാതാ കി ജയ് വിളിച്ചുകൊണ്ട് ഡോലക് കൊട്ടി ആഘോഷിച്ചുമാായിരുന്നു ടെക്സസിലെ ഇന്ത്യൻ വംശജർ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തത്. 'നമോ എഗെയ്ൻ' (വീണ്ടും നരേന്ദ്രമോദി) എന്നു രേഖപ്പെടുത്തിയ ടിഷർട്ടുകൾ ധരിച്ചാണ് വൊളന്റിയർമാരെത്തിയത്.
ഫ്രാൻസിസ് മാർപാപ്പ യു.എസിൽ പങ്കെടുത്ത പരിപാടിക്കുശേഷം ആദ്യമായാണ് ഇത്രയേറെ കാണികൾ അമേരിക്കയിൽ ഒരു രാഷ്ട്രനേതാവിനെ കാണാനെത്തുന്നത്.
എട്ട് മണിയോടെ ആരംഭിച്ച കലാപരിപാടികൾ 90 മിനുട്ട് നീണ്ട്നിന്നു. 9.20 ഓടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൗഡി മോദി വേദിയിലെത്തി. ഹൂസ്റ്റൺ മേയർ സിൽവസ്റ്റർ ടേണർ, ഹൂസ്റ്റൺ നഗരത്തിന്റെ പ്രതീകാത്മകതാക്കോൽ നൽകി മോദിയെ സ്വാഗതം ചെയ്തു. 10.25ന് ട്രംപ് വേദിയിലെത്തി. ട്രംപാണ് ആദ്യം ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത്.
ടെക്സാസ് ഇന്ത്യാ ഫോറമാണ് പരിപാടിയുടെ സംഘാടകർ. അമേരിക്കയിലെ ഏറ്റവും വലിയ ഫുട്ബാൾ സ്റ്റേഡിയമാണ് എൻ.ആർ.ജി. 2017ലെ സൂപ്പർ ബൗൾ ഫുട്ബാൾ മത്സരവേദി. 48 യു.എസ് സംസ്ഥാനങ്ങളിൽനിന്നുള്ളവർ പങ്കെടുത്തു.