ന്യൂഡൽഹി: ചന്ദ്രയാൻ 2 ദൗത്യത്തിൽ ചെറുതായി ഒന്ന് പതറിയെങ്കിലും അടുത്ത മിഷന്റെ തയ്യാറെടുപ്പുമായി ഇസ്രോ മുന്നോട്ട്. അസൂത്രണം ചെയ്തത് പോലെ സംഭവിക്കുകയാണെങ്കിൽ 2021 ഡിസംബറിൽ മൂന്നു ഇന്ത്യക്കാർ ബഹിരാകാശത്തേക്ക് തിരിക്കുമെന്ന് ഇസ്രോ ചെയർമാൻ കെ. ശിവൻ പറഞ്ഞു. ഗഗൻയാൻ ദൗത്യവുമായി ബന്ധപ്പെട്ട് ആളില്ലാ വിമാനം 2021 ഡിസംബറോടെ വിക്ഷേപിക്കും. ആദ്യത്തെ ഇന്ത്യക്കാരനെ സ്വന്തം റോക്കറ്റിൽ ബഹിരാകാശത്തേക്ക് കൊണ്ടുപോകുമെന്നും ഇസ്രോ മേധാവി പറഞ്ഞു. ഭുവനേശ്വറിലെ ഐ.ഐ.ടി വിദ്യാർഥികളെ അഭിസംബോധന ചെയ്തുകൊണ്ട് സംസ്കാരിക്കവെ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഗഗൻയാന് വേണ്ടി ഇസ്രോ പ്രവർത്തിച്ച് കൊണ്ടിരിക്കുകയാണ്. മൂന്ന് ഇന്ത്യൻ ബഹിരാകാശയാത്രികരെ ബഹിരാകാശത്തേക്ക് കൊണ്ടുപോകാനാണ് ലക്ഷ്യം വയ്ക്കുന്നത്. ജിയോസിൻക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (ജിഎസ്എൽവി) - എംകെ -111 റോക്കറ്റാണ് ഇതിന് വേണ്ടി ഉപയോഗിക്കുക. മൂന്ന് പേരടങ്ങുന്ന സംഘത്തെ ഏഴ് ദിവസത്തേക്ക് ബഹിരാകാശത്തേക്ക് അയക്കുന്ന ചരിത്ര ദൗത്യമായ ഗഗൻയാന് 10,000 കോടിയാണ് സർക്കാർ നീക്കിവച്ചിരിക്കുന്നത്.
ചരിത്ര ദൗത്യം പൂർത്തിയാകുന്നതോടെ മനുഷ്യരെ ബഹിരാകാശത്തെത്തിച്ച അമേരിക്ക,റഷ്യ,ചൈന എന്നീ രാജ്യങ്ങൾക്കൊപ്പം ഇന്ത്യയുമെത്തും. 75ാം സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സ്വപ്ന പദ്ധതിയായ ഗഗൻയാൻ പ്രഖ്യാപിച്ചത്. വ്യോമസേനയും ഐ.എസ്.ആർ.ഒയും സംയുക്തമായി യാത്രികരെ തിരഞ്ഞെടുത്ത് 2 വർഷം പരിശീലനം നൽകിതിന് ശേഷമാകും യാത്ര. ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ച് 16 മിനിട്ടിനകം ഭൂമിയിൽ നിന്ന് 300-400 കിലോമീറ്റർ ഉയരത്തിലുള്ള ലോ എർത്ത് ഓർബിറ്റിലെത്തും. 5 മുതൽ 7 ദിവസം വരെ ബഹിരാകാശത്ത് തുടരും.