ksrtc

മൂവാറ്റുപുഴ: സ്വന്തം കാലിൽ നിൽക്കാൻ കെ.എസ്.ആർ.ടി.സിക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻപറഞ്ഞു.കാലം കാത്ത് നിൽക്കില്ല.എല്ലാ കാലവും സഹായം പറ്റി നിലനിൽക്കുക സാദ്ധ്യമല്ല. മാനേജ്‌മെന്റും ജീവനക്കാരും ഒത്തൊരുമിച്ച് പ്രവർത്തിച്ച് വ്യവസായത്തെ രക്ഷിക്കണം. കെ.എസ്.ആർ.ടി.സിയെ ലാഭകരമാക്കാനുള്ളവിദഗ്ദ്ധസംഘത്തിന്റെ ശുപാർശകൾ നടപ്പാക്കാൻ നടപടിയെടുത്തു. ഈ സാഹചര്യത്തിൽ താൽക്കാലിക ബുദ്ധിമുട്ടുകളുണ്ടാകും. ഇതു തരണം ചെയ്യാനും ദീർഘകാല നേട്ടങ്ങൾക്കായി കൈകോർക്കാനും ജീവനക്കാർ തയ്യാറാകണം. കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കടം വാങ്ങി ഇനിയും മുന്നോട്ടു പോകാൻ കെ.എസ്.ആർ.ടി.സിക്ക് കഴിയില്ല. എൽഡിഎഫ് സർക്കാർ മൂന്നു വർഷം കൊണ്ട് 3300 കോടി രൂപ നൽകി. റോഡ് ടാക്‌സ് ഇനത്തിൽ 1797 കോടിയുടെ കുടിശിക എഴുതിത്തള്ളി. 2021 വരെ കെഎസ്ആർടിസിയെ റോഡ് ടാക്‌സിൽ നിന്ന് ഒഴിവാക്കി. ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ച് 3100 കോടി രൂപയുടെ കടബാദ്ധ്യത അടച്ചു തീർക്കാനും സഹകരണ ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ച് പെൻഷൻ നൽകുന്നതിനും നടപടി സ്വീകരിച്ചു. ഇതിന്റെയൊക്കെ ഗുണഫലങ്ങൾ കെഎസ്ആർടിസിക്കും ജീവനക്കാർക്കും ഉണ്ടായിട്ടുണ്ട്. വരുമാനം വർദ്ധിക്കുകയും ചെലവ് കുറയുകയും ചെയ്തു. ഇനി ജീവനക്കാർ ഉണർന്നു പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സമ്മേളനത്തിന് മുന്നോടിയായിനടന്ന പ്രകടനത്തിൽ ആയിരക്കണക്കിന് .ജീവനക്കാർ അണിനിരന്നു.ബാൻഡ് മേളവും, കാവടിയും തെയ്യവും തിറയും നാടൻ കലാരൂപങ്ങളും പ്രകടനത്തിന് മിഴിവേകി. കെ.എസ്.ആർടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനത്തിന് അസോസിയേഷൻ സംസ്ഥാന ഭാരവാഹികളായ സി.ആർ.ഹരികൃഷ്ണൻ, ബി.രമേശ്കുമാർ, എസ്.വിനോദ്, എസ്.ശ്രീദേവി., എ.മസ്താൻഖാൻ, ശാന്തകുമാർ, സുനിത കുര്യൻ, ഷീന സ്റ്റീഫൻ, പി.എസ്.സുമ, പി.എ.ജോജോ, പി.ഗോപാലകൃഷ്ണൻ, സജിത്ത് എസ്.കുമാർ എന്നിവർ നേതൃത്വം നൽകി. തുടർന്ന് ടൗൺ ഹാൾ മൈതാനിയിൽ നടന്ന സമ്മേളനത്തിൽസ്വാഗത സംഘം ചെയർമാൻ ഗോപി കോട്ടമുറിക്കൽ അദ്ധ്യക്ഷനായിരുന്നു. സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ, സിപിഎം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായി പി.എം.ഇസ്മായിൽ , പി.ആർ.മുരളീധരൻ, അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ.ഹരികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. പ്രളയ ദുരിതാശ്വാസമായി അസോസിയേഷൻ നിർമിച്ച വീടിന്റെ താക്കോൽ മുഖ്യമന്ത്രി കൈമാറി.