modi-trump

ഹൂസ്റ്റൺ:അരലക്ഷം ഇന്ത്യക്കാർ തിങ്ങിനിറഞ്ഞ ഹൂസ്റ്റണിലെ എൻ. ആർ. ജി സ്റ്റേഡിയത്തിലെ ഹൗഡി മോദി വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അത്യുജ്ജ്വല സ്വീകരണം. മാർപാപ്പ കഴിഞ്ഞാൽ അമേരിക്കയിൽ ഒരു വിദേശ രാഷ്‌ട്രനേതാവ് പങ്കെടുക്കുന്ന ഏറ്റവും വലിയ സ്വീകരണ സമ്മേളനമാണിത്.

ടെക്സാസിലെ ഇന്ത്യൻ വംശജരായ അമേരിക്കക്കാരോടു സംസാരിക്കുന്ന സംഗമ വേദിയിൽ ഇന്നലെ ഇന്ത്യൻസമയം രാത്രി ഒൻപതരയോടെയാണ് മോദി എത്തിയത്. പത്തരയോടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും എത്തിയതോടെ സ്റ്റേഡിയം ആവേശത്തിരയിൽ അമർന്നു. വേദിയിൽ ട്രംപും മോദിയും ആലിംഗനം ചെയ്‌തു. ആദ്യം അമേരിക്കയുടെയും പിന്നീട് ഇന്ത്യയുടെയും ദേശീയഗാനങ്ങൾ ആലപിച്ചു.

ട്രംപിന് പുറമേ അദ്ദേഹത്തിന്റെ ഭരണകൂടത്തിലെ പ്രമുഖരും പങ്കെടുക്കുന്നത് ചടങ്ങിന് ആവേശം കൂട്ടി..

ഭാരത് മാതാ കി ജയ് വിളിച്ചും ഡോലക് കൊട്ടി ആഘോഷിച്ചുമാണ് ഇന്ത്യൻ വംശജർ മോദിയെ സ്വാഗതം ചെയ്തത്.

അമേരിക്കയിലെ ഏറ്റവും വലിയ ഫുട്ബാൾ സ്റ്റേഡിയങ്ങളിലൊന്നായ എൻ.ആർ.ജി സ്റ്റേഡിയത്തിലെ മുഴുവൻ സീറ്റുകളും നിറഞ്ഞിരുന്നു. വിഖ്യാത ഗായിക ബിയോൺസ്, ബാൻഡ് മെറ്റാലിക്ക, യു 2 എന്നിവരുടെ പരിപാടികൾ നടക്കുന്ന സ്റ്റേഡിയമാണിത്.

മോദിയും ട്രംപും എത്തുന്നതിന് മുൻപ് എട്ട് മണിയോടെ വർണാഭമായ സാംസ്കാരിക പരിപാടികൾ തുടങ്ങിയിരുന്നു. ഒന്നര മണിക്കൂർ നീണ്ട പരിപാടിയിൽ ഡാൻസ്, സംഗീതം, മൾട്ടിമീഡിയ ഷോ തുടങ്ങിയവ അരങ്ങേറി. 27 ഗ്രൂപ്പുകളായി 400 കലാകാരന്മാർ പങ്കെടുത്തു. ഇൻഡോ അമേരിക്കൻ സമൂഹത്തിന്റെ സാംസ്‌കാരിക വൈവിദ്ധ്യം മൾട്ടിമീഡിയ അനുഭവമായി.

9.30ന് മോദി വേദിയിൽ എത്തിയപ്പോൾ ജനങ്ങൾ കാതടപ്പിക്കുന്ന

കരഘോഷം ഉയർത്തി. ഹൂസ്റ്റൺ മേയർ സിൽവസ്റ്റർ ട്യൂണർ സ്വാഗത പ്രസംഗം നടത്തി. ആദാരസൂചകമായി പ്രധാനമന്ത്രി മോദിക്ക് ഹൂസ്റ്റൺ നഗരത്തിന്റെ താക്കോൽ പ്രതീകം സമ്മാനിച്ചാണ് മേയർ സ്വാഗതം ചെയ്‌തത്. സെനറ്റർ ടെഡ് ക്രൂസ് ഉൾപ്പെടെ ഇരുപത്തിനാല് അമേരിക്കൻ കോൺഗ്രസ് അംഗങ്ങളും ഒരു സംസ്ഥാന ഗവർണറും ചടങ്ങിൽ പങ്കെടുത്തു.