ക്രിക്കറ്റ് ഭരണത്തിലേക്ക്
ശ്രീനിവാസന്റെ മകളും
ചെന്നൈ : സ്പോട്ട് ഫിക്സിംഗ് കേസിലെ സുപ്രീംകോടതി ഇടപെടലിനെത്തുടർന്ന് ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനം നഷ്ടമായ എൻ. ശ്രീനിവാസന്റെ മകൾ രൂപ ഗുരുനാഥ് തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റാകാനൊരുങ്ങുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ രൂപയ്ക്ക് എതിരുണ്ടാകാൻ ഇടയില്ലെന്നാണ് സൂചന. ചെന്നൈ സൂപ്പർ കിംഗ്സിന്റെ ടീം പ്രിൻസിപ്പലും വാതുവയ്പ്പ് ആരോപണ വിധേയനുമായ ഗുരുനാഥ് ഉമയ്യപ്പന്റെ ഭാര്യയാണ് രൂപ. 2013 ൽ ഗുരുനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായി മുൻ ബി.സി.സി.ഐ സെക്രട്ടറി നിരഞ്ജൻ ഷായുടെ മകൻ ജയ്ദേവ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.ഹിമാചൽ പ്രദേശിൽ മുൻ ബി.സി.സി.ഐ പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ അനുരാഗ് താക്കൂറിന്റെ അനുജനാണ് പുതിയ സ്റ്റേറ്റ് അസോസിയേഷൻ പ്രസിഡന്റ്.
ലോധ കമ്മിഷനിലൂടെ സുപ്രീംകോടതി ബി.സി.സി.ഐയിലെ കുത്തകകളെ ഒഴിപ്പിച്ചെങ്കിലും മക്കളും സഹോദരങ്ങളും വഴി അധികാരം തുടരാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.
കൗമാര ഇന്ത്യയ്ക്ക് യോഗ്യത
താഷ്കെന്റ് : ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ ഉസ്ബക്കിസ്ഥാനെ 1-1ന് സമനിലയിൽ തളച്ച ഇന്ത്യൻ ഫുട്ബാൾ ടീം അടുത്തവർഷം നടക്കുന്ന അണ്ടർ-16എ.എഫ്.സി കപ്പിനുള്ള യോഗ്യത സ്വന്തമാക്കി. ഗ്രൂപ്പ് ചാമ്പ്യൻമാരായാണ് ഇന്ത്യ യോഗ്യത നേടിയത്.
കരോളിനയ്ക്ക് കിരീടം
ബെയ്ജിംഗ് : പരിക്കിനെത്തുടർന്ന് എട്ടുമാസത്തോളം കോർട്ടിൽനിന്ന് വിട്ടുനിന്ന ഒളിമ്പിക് ബാഡ്മിന്റൺ ചാമ്പ്യൻ കരോളിന മാരിൻ ചൈന ഒാപ്പണിൽ കിരീടം നേടി തിരിച്ചെത്തി. ഫൈനലിൽ തായ് സു ഇംഗിനെ 14-21, 21-17, 21-18 ന് തോൽപ്പിച്ചാണ് കരോളിന കിരീടം നേടിയത്.
ഒസാക്കയ്ക്ക് കിരീടം
ടോക്കിയോ : സ്വന്തം നാട്ടിൽ ആദ്യ എ.ടി.പി കിരീടം നേടി മുൻ ലോക ഒന്നാംനമ്പർ ജാപ്പനീസ് ടെന്നിസ് താരം നവോമി ഒസാക്ക. ടോക്കിയോയിൽ നടന്ന പാൻ പസഫിക് ഒാപ്പണിലാണ് ഒസാക്ക ജേതാവായത്.