കൊല്ലം: വാക്കു തർക്കത്തിനിടെ രണ്ടാം ഭാര്യയെ കുത്തി കൊലപ്പെടുത്തിയശേഷം ഭർത്താവ് തീ കൊളുത്തി മരിച്ചു. പെരിനാട് കോട്ടയ്‌ക്കകം നഗർ പള്ളിയമ്പിൽ കായൽ വാരത്ത് വീട്ടിൽ ആട്ടോ ഡ്രൈവറായ ശ്രീകണ്‌ഠൻ നായരാണ് (65) കശുഅണ്ടി തൊഴിലാളിയായ ഭാര്യ ലതികയെ (54) കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്‌തത്. ഇന്നലെ വൈകിട്ട് ആറരയോടെ ആയിരുന്നു സംഭവം. ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായ സമയത്ത് മരുമകൾ വീട്ടിലുണ്ടായിരുന്നു. അക്രമം ഭയന്ന് പുറത്തേക്ക് പോയ അവർ ലതികയുടെ നിലവിളി കേട്ടാണ് തിരികെ എത്തിയത്. അതേ സമയം തന്നെ വീടിനുള്ളിൽ നിന്ന് തീയും പുകയും ഉയർന്നിരുന്നു. മരുമകളുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തുമ്പോൾ അടുക്കളയിൽ തീ കൊളുത്തിയ നിലയിലായിരുന്നു ശ്രീകണ്ഠൻ നായർ. തുടർന്ന് നോക്കിയപ്പോഴാണ് ലതിക കുത്തേറ്റ് അവശ നിലയിൽ കിടക്കുന്നത് കണ്ടത്. ലതികയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. ഫയർഫോഴ്സും പൊലീസും എത്തിയാണ് ശ്രീകണ്ഠൻ നായരുടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയത്. അടുക്കളയിലെ സാധനങ്ങളും കിടപ്പുമുറിയിലെ കട്ടിലും മേശയും ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങൾ കത്തി നശിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ മുതൽ ഇരുവരും തമ്മിൽ തർക്കം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പെട്രോൾ ഒഴിച്ചാണ് ശ്രീകണ്ഠൻനായർ തീ കൊളുത്തിയത്. അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു. ലതികയുടെ മൃതദേഹവും ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി