modi-trump

ഹൂസ്റ്റൺ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കീഴിൽ ഇന്ത്യ കുതിച്ചുയരുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. അമേരിക്കയിലെ ഹൂസ്റ്റണിൽ നടന്ന ആവേശ്വജ്ജ്വലമായ ഹൗഡി മോദി ചടങ്ങിൽ സംസാരിക്കുകയായിരുന്നു ട്രംപ്. മോദിക്ക് ജന്മദിനാശംസ നേർന്ന് പ്രസംഗം ആരംഭിച്ച ട്രംപ്, അമേരിക്കയുടെ വിശ്വസ്തനായ സുഹൃത്തെന്നാണ് മോദിയെ വിശേഷിപ്പിച്ചത്. മോദിയോടൊപ്പം വേദിപങ്കിടാനായത് മഹത്തായ കാര്യമാണ്. ഇന്ത്യയ്ക്കായി അസാധാരണമായി പ്രവർത്തിക്കുന്ന മഹാനായ നേതാവാണ് മോദി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യ 300 മില്യൺ ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് ഉയർത്തി. ഇന്ത്യ - അമേരിക്ക ബന്ധം മുമ്പുണ്ടായിരുന്നതിനെക്കാളേറെ ശക്തിപ്പെട്ടു. തന്നേക്കാൾ നല്ലൊരു സുഹൃത്തിനെ ഇനി ഇന്ത്യയ്ക്ക് കിട്ടാനില്ലെന്നും ട്രംപ് പറഞ്ഞു.

'ഇന്ത്യയിലേക്കുള്ള എൽ.എൻ.ജി, പ്രകൃതിവാതക കയറ്റുമതി വരും വർഷങ്ങളിൽ കൂടുതൽ മെച്ചപ്പെടും. ആരോഗ്യമേഖല, സുരക്ഷ, പ്രതിരോധം, ബഹിരാകാശം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തും. നവംബറിൽ ഇന്ത്യയും അമേരിക്കയും ടൈഗർ ട്രയംഫ് എന്ന പേരിൽ സംയുക്ത സൈനികാഭ്യാസം നടത്തും. അതിർത്തി സംരക്ഷണത്തിന്റെ കാര്യത്തിൽ ഇരുരാജ്യങ്ങൾക്കും വിട്ടുവീഴ്ചയില്ലാത്ത നിലപാടാണുള്ളത്. തീവ്ര ഇസ്ളാമിക ഭീകരവാദികളിൽ നിന്ന് സാധാരണ പൗരൻമാരെ സംരക്ഷിക്കാൻ ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണ്. ഇതിനായി ഇന്ത്യയ്ക്കൊപ്പംനിന്ന് നേരിടും. ജനങ്ങളുടെ സംരക്ഷണത്തിനായി ജോലി ചെയ്യുന്ന ധീരന്മാരായ അമേരിക്കൻ ഇന്ത്യൻ സൈനികരെ ആദരിക്കുന്നു.' - ട്രംപ് പറഞ്ഞു. നവംബറിൽ മുംബയിൽ നടക്കുന്ന ആദ്യ എൻ.ബി.എ ബാസ്‌കറ്റ് ബാൾ മത്സരം വീക്ഷിക്കാൻ പ്രധാനമന്ത്രി മോദി എന്നെ ക്ഷണിക്കുന്നില്ലേ എന്നും ട്രംപ് ചോദിച്ചു. ഇന്ത്യാസന്ദർശനത്തിന്റെ സൂചന നൽകി മത്സരം കാണാൻ താനെത്തിയേക്കുമെന്നും ട്രംപ് പറഞ്ഞു.

 ട്രംപ് വീണ്ടും ഭരണത്തിലെത്തട്ടെ: മോദി

ആമുഖം ആവശ്യമില്ലാത്ത ലോക നേതാവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾസ് ട്രംപിനെ പുകഴ്ത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ട്രംപ് വീണ്ടും ഭരണത്തിലെത്തട്ടെയെന്ന് ആശംസിച്ചു. രണ്ട് രാജ്യങ്ങൾക്കുമിടയിലെ സൗഹൃദം പുതിയ ഉയരങ്ങളിലെത്തുന്ന ചരിത്രനിമിഷം ലോകമെങ്ങും വീക്ഷിക്കുകയാണെന്നും മോദി പറഞ്ഞു. 'കൈവച്ച മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച നേതാവാണ് ട്രംപ്. അദ്ദേഹത്തിന്റെ നേതൃപാടവത്തോട് ബഹുമാനമുണ്ട്. അമേരിക്കൻ സമ്പദ് വ്യവസ്ഥയെ വീണ്ടും കരുത്തുറ്റതാക്കി മാറ്റിയ നേതാവാണ്. 2017ൽ ട്രംപ് വൈറ്റ് ഹൗസിൽ തന്റെ കുടുംബത്തിൽ എന്നെ പരിചയപ്പെടുത്തി. ഇന്ന് എന്റെ കോടിക്കണക്കിന് കുടുംബാംഗങ്ങളെ താങ്കൾക്ക് പരിചയപ്പെടുത്തുന്നുവെന്നും' മോദി സ്വാഗത പ്രസംഗത്തിൽ പറഞ്ഞു.