ഹൂസ്റ്റൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സദസിലിരുത്തി പാകിസ്ഥാനെ കടന്നാക്രമിച്ച് നരേന്ദ്രമോദി. ടെക്‌സസിൽ ഇന്ത്യൻ വംശജരായ അമേരിക്കക്കാരോടു സംസാരിക്കുന്ന 'ഹൗഡി മോദി' സംഗമ വേദിയിലാണ് മോദി പാകസ്ഥാനെതിരെ രംഗത്തെത്തിയത്. പാകിസ്ഥാൻ വിദ്വേഷം വളർത്തുന്നവരും ഭീകരവാദത്തിന് അഭയം നൽകുന്നവരുമാണ്. ഭീകരവാദത്തിനെതിരെ നിർണായക നടപടിക്ക് സമയമായി. ട്രംപ് ഈ നിർണായക നീക്കത്തിൽ ഉറച്ചുനിൽക്കുന്നതായും മോദി പറഞ്ഞു.
പാക് പ്രധാന്മന്ത്രിയെ പരിഹസിച്ച് കൊണ്ടും പ്രധാനമന്ത്രി രംഗത്തെത്തി. സ്വന്തം രാജ്യം നേരെ നടത്താൻ കഴിയാത്തവരാണ് കാശ്മീരിന് വേണ്ടി വാദിക്കുന്നതെന്നും മോദി പ്രസംഗത്തിൽ വ്യക്തമാക്കി.സമ്മേളനത്തിൽ ട്രംപിന്റെ സാന്നിദ്ധ്യം ഇന്ത്യ-യുഎസ് സൗഹൃദത്തിന്റെ ആഴത്തിന് സാക്ഷ്യമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ട്രംപ് ഒരിക്കൽ കൂടി അമേരിക്കന്‍ പ്രസിഡന്റ് ആകണമെന്നും അദ്ദേഹം പറഞ്ഞു.നവംബറിൽ ടൈഗർ ട്രയംഫ് എന്ന പേരിൽ ഇന്ത്യയും അമേരിക്കയും സംയുക്ത സൈനികാഭ്യാസം നടത്തുമെന്ന് ഡൊണാൾഡ് ട്രംപ് അറിയിച്ചു.
അതിർത്തി സംരക്ഷണം ഇന്ത്യക്കും അമേരിക്കയ്ക്കും നിർണായകമാണെന്നും ട്രംപ് അറിയിച്ചു. ജനങ്ങളുടെ സംരക്ഷണത്തിനായി ജോലി ചെയ്യുന്ന ധീരൻമാരായ അമേരിക്കൻ, ഇന്ത്യൻ സൈനികരെ ആദരിക്കുന്നു, ഇന്ത്യയും അമേരിക്കയും സാധാരണക്കാരായ ജനങ്ങളെ തീവ്ര ഇസ്ലാമിക് ഭീകരവാദത്തിൽ നിന്ന് സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരെന്നും ട്രംപ് വ്യക്തമാക്കി. ഇന്ത്യ പുരോഗതിയിലേയ്ക്ക് കുതിപ്പ് നടത്തുന്നതിനു പിന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് ട്രംപ് കൂട്ടിച്ചേർത്തു.