jose-k-mani

കോട്ടയം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലായിൽ രാവിലെ കൃത്യം ഏഴ് മണിയോടെ വോട്ടെടുപ്പ് ആരംഭിച്ചു. പോളിംഗ് വൈകിട്ട് 6 മണി വരെ നീളും. ആകെ 176 പോളിംഗ് ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. ഇടതുപക്ഷ സ്ഥാനാർത്ഥിയായ മാണി സി. കാപ്പൻ തന്റെ കുടുംബത്തോടൊപ്പമാണ് വോട്ട് ചെയ്യാൻ എത്തിയത്. ഒന്നാമത് വോട്ട് ചെയ്യാൻ എത്തിയത് തിരഞ്ഞെടുപ്പിൽ ഒന്നാമതാകാൻ പോകുന്നതിന്റെ സൂചനയാണെന്നും തനിക്ക് വൻ ഭൂരിപക്ഷത്തോടെ ജയിക്കാൻ സാധിക്കുമെന്നുമാണ് മാണി.സി കാപ്പൻ ഇതിനെക്കുറിച്ച് പ്രതികരിച്ചത്. അതേസമയം പാലായിൽ 100 ശതമാനം വിജയം കരസ്ഥമാക്കാൻ സാധിക്കുമെന്ന് യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോമും പറഞ്ഞു.വെളിച്ചക്കുറവ് മൂലം വോട്ടിംഗ് യന്ത്രത്തിലെ ചിഹ്നം കാണാൻ കഴിയുന്നില്ലെന്ന് ജോസ് കെ. മാണി പരാതി ഉന്നയിച്ചു.

ആകെ 1,79, 107 വോട്ടർമാരുള്ള പാലാ നിയമസഭാ മണ്ഡലത്തിൽ വനിതാ വോട്ടർമാരുടെ എണ്ണം 91,378ഉം പുരുഷ വോട്ടർമാരുടെ എണ്ണം 87,279ഉം ആണ്. 1557 പേർ പുതിയതായി വോട്ടർ പട്ടികയിൽ ചേർക്കപ്പെട്ടിട്ടുണ്ട്. സർവീസ് വോട്ടർമാർക്ക് ഓൺലൈൻ വഴി വോട്ട് രേഖപ്പെടുത്താൻ കഴിയുന്ന ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് ബാലറ്റ് പേപ്പറാണ് നൽകിയത്. മണ്ഡലത്തിൽ 212 വോട്ടിംഗ് യന്ത്രങ്ങളാണ് തയാറാക്കിയിട്ടുള്ളത്. പാലായിൽ രണ്ട് ബൂത്തുകളാണ് പ്രശ്‌നബാധിത ബൂത്തുകളായി കണക്കാക്കിയിട്ടുള്ളത്. മല്ലികശേരി സെന്റ് ഡൊമിനിക് സാവിയോ യു.പി സ്‌കൂളിലെ 159, 160 എന്നീ നമ്പറുകളിലുള്ള ബൂത്തുകളാണിവ. ഈ ബൂത്തുകളിലെ നടപടികൾ വീഡിയോ റെക്കോർഡിങ് വഴി രേഖപ്പെടുത്തും. വരുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായാണ് മൂന്ന് മുന്നണികളും പാലാ ഉപതിരഞ്ഞെടുപ്പിനെ കാണുന്നത്. നിലവിൽ 19.20 ശതമാനമാണ് പോളിംഗ്.