ന്യൂഡൽഹി: ഐ.എൻ.എക്‌സ് മീഡിയാ കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌ത മുതിർന്ന കോൺഗ്രസ് നേതാവും മുൻകേന്ദ്രമന്ത്രിയുമായ പി.ചിദംബരത്തെ സന്ദർശിക്കാൻ പാർട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധിയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും ഇന്ന് തീഹാർ ജയിലിലെത്തി. സാമ്പത്തിക കുറ്റകൃത്യത്തിൽ അറസ്‌റ്റിലായ കർണാടക കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാറിനെയും ഇരുവരും സന്ദർശിച്ചു. കൂടിക്കാഴ്‌ചയുടെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. കഴിഞ്ഞ ആഴ്‌ച മുതിർന്ന കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേൽ എന്നിവരും ചിദംബരത്തെ കാണാൻ എത്തിയിരുന്നു. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരവും ഇന്ന് ജയിലിലെത്തി അദ്ദേഹത്തെ കാണും. പ്രതിപക്ഷ നേതാക്കളെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കുടുക്കുകയാണെന്ന് ആരോപിച്ച് കേന്ദ്രസർക്കാരിനെതിരെ ആക്രമണം ശക്തിപ്പെടുത്താനാണ് കോൺഗ്രസിന്റെ ശ്രമമമെന്നാണ് സൂചന.
2007ൽ ധനമന്ത്രിയായിരിക്കെ ഐ.എൻ.എക്‌സ് മീഡിയാ കമ്പനിക്ക് വിദേശ നിക്ഷേപം നേടുന്നതിന് വഴി വിട്ട ആനുകൂല്യങ്ങൾ നൽകിയെന്നാണ് ചിദംബരത്തിനെതിരായ പരാതി. ഇതിന് പകരമായി മകൻ കാർത്തി ചിദംബരം വൻ തോതിൽ പണം കൈപ്പറ്റിയതായും എൻഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റ് ആരോപിക്കുന്നു. മകളെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന ഐ.എൻ.എക്സ് മീഡിയ ഉടമകളായ പീറ്റർ മുഖർജിയും ഇന്ദ്രാണി മുഖർജിയും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചിദംബരത്തിനെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം, ഇന്ന് 74ആം ജന്മദിനം ആഘോഷിക്കുന്ന ചിദംബരം പൂർണ ആരോഗ്യാവാനാണെന്ന് ന്യൂസ് ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു. ജയിലിലാണെങ്കിലും തന്റെ ട്വിറ്റർ ഹാൻഡിൽ ഉപയോഗിച്ച് വിവിധ വിഷയങ്ങളിൽ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിക്കുന്നത് ചിദംബരം തുടരുകയാണ്.
താൻ വിദേശത്തേക്ക് കടന്നേക്കുമെന്ന സി.ബി.ഐയുടെ ആരോപണത്തോട് രൂക്ഷമായ ഭാഷയിലാണ് കഴിഞ്ഞ ദിവസം ചിദംബരം പ്രതികരിച്ചത്. തനിക്ക് ചന്ദ്രനിലേക്ക് വരെ പറക്കാൻ കഴിയുന്ന സ്വർണ ചിറകുകൾ ഉണ്ടെന്ന് ചിലർ കണ്ടെത്തിയതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം കളിയാക്കി. സുരക്ഷിതനായി തന്നെ താൻ താഴെയിറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതിനിടെ ചിദംബരം നൽകിയ ജാമ്യാപേക്ഷ ഇന്ന് ഡൽഹി ഹൈക്കോടതി പരിഗണിക്കും. ചിദംബരത്തിന്റെ ജാമ്യത്തെ എതിർത്ത് സി.ബി.ഐ നൽകിയ മറുപടിയും ഇന്ന് കോടതിയുടെ പരിഗണനയിൽ വരും.