
മനുഷ്യന് ഈന്തപ്പനകളെ പ്രശംസിക്കാൻ വേണ്ടിയാണ് ദൈവം മരുഭൂമിയെ പടച്ചതെന്നാണ് എഴുത്തുകാരന്മാരുടെ പക്ഷം. കടല് കടന്ന് ലോകം കീഴടക്കിയവരേക്കാൾ മരുഭൂമിയെ വെട്ടിപ്പിടിച്ചവരാണ് ലോകത്ത് മാറ്റങ്ങളുണ്ടാക്കിയതെന്ന് ചരിത്രവും പറയുന്നു. ലോക ചരിത്രത്തിലെ പല മതങ്ങൾ പൊട്ടിമുളച്ചതും നാഗരികതയുടെ വിത്തുകൾ മുളപൊട്ടിയതും ഇതേ മരുഭൂമിയിൽ തന്നെ. നോക്കെത്താ ദൂരത്ത് പരന്ന് കിടക്കുന്ന മണൽക്കാടുകളും ഇടയ്‌ക്ക് എപ്പോഴെങ്കിലും കാണുന്ന ഈന്തപ്പനകൾ തിങ്ങി നിറഞ്ഞ മരുപ്പച്ചകളും സഞ്ചാരിയെ ആകർഷിച്ചുകൊണ്ടേയിരിക്കും. പറഞ്ഞുവരുന്നത് മരുഭൂമിയിലെ കാറ്റിനെക്കുറിച്ചാണ്. ചിലപ്പോൾ സുന്ദരിയെപ്പോലെ ചിണുങ്ങിയും മറ്റ് ചിലപ്പോൾ മുടിയഴിച്ചിട്ട് കൊമ്പുകിലുക്കി പായുന്ന യക്ഷിയെപ്പോലെയും അവൾ സഞ്ചാരിയെ പേടിപ്പിക്കും. എന്നാലും മരുഭൂമിയിൽ മറഞ്ഞിരിക്കുന്ന നിധി തേടി സഞ്ചാരിയുടെ യാത്ര വീണ്ടും തുടരും. ചിലപ്പോൾ മണൽക്കാറ്റുകളേറ്റ് കാൽകുഴഞ്ഞും ഉന്മാദിയെപ്പോലെ ആടിപ്പാടിയും അവൻ യാത്രപൂർത്തിയാക്കും. അടുത്ത യാത്രയ്‌ക്ക് സമയമാകുന്നത് വരെയുള്ള ഇടവേളയ്‌ക്ക് വേണ്ടി മാത്രം.
മരുഭൂമിയിലെ കാറ്റിനെ പല പ്രദേശങ്ങളിലും വിവിധ പേരുകളിലാണ് അറിയപ്പെടുന്നത്. ഹബൂബ്,ഖംസിൻ, ഹരാമത്താൻ, സിമൂൻ, ഐജേജ്, ബാദൽ സാദോബിസ്ത്, റോസ്, സാമിയൽ, സിറോക്കോ, ഷ്ളോക്‌സ്, സോണ്ട, സന്താന, ശാമൽ, ഷറാവ്, തെബ്ബാദ്, സുഖോവേ, ബ്രിക്ഫീൽഡർ, ചോക്കലേറ്റേറോ, ഡയാബ്ലോ, ഡസ്‌റ്റ് ഡെവിൾ, സാൻഡ് ഓഗർ, ഡാൻസിംഗ് ഡെവിൾ, ഡസ്‌റ്റ് വൈൽ, ഫോഹിൻ, കടാബാടിക്, ലെവിഷ്, മാടോ വമിന്യോമി, നാഷി, നാഷ്‌ചി, ബോറ ... തുടങ്ങി നിരവധി പേരുകൾ മരുഭൂമിയിലെ കാറ്റിന് സ്വന്തം. ഇവയിൽ ചിലതിനെ പരിചയപ്പെടാം.

ബ്രിക്ഫീൽഡർ
തണുത്ത പ്രദേശങ്ങളിലേക്ക് ചൂട് വായുവിനെ കൊണ്ടുവരുന്ന ഒരു പ്രത്യേകതരം കാറ്റാണിത്. തെക്ക് കിഴക്കൻ ആസ്ട്രേലിയയിൽ ചൂടുകാലത്താണ് ഈ കാറ്റ് കാണപ്പെടുന്നത്. മണ്ണിനെ ചുടുകട്ട പോലെ ദൃഢമാകുന്നത് കൊണ്ടോ കാറ്റിനൊപ്പം നിക്ഷേപിക്കപ്പെടുന്ന പ്രത്യേക തരം ചുവന്ന പൊടിയുടെ പേരിലോ ആണ് ഈ പേര് വന്നതെന്നാണ് പറയപ്പെടുന്നത്.
സിറോക്കോ
സഹാറാ മരുഭൂമിയിൽ നിന്നും ഇറ്റലിയിലേക്കും വടക്കൻ ആഫ്രിക്കയിലേക്കും വീശുന്ന ഹോട്ട്, ഡ്രൈ, ഡസ്‌റ്റി വിൻഡാണ് സിറോക്കോ. മെഡിറ്ററേനിയൻ പ്രദേശത്ത് എത്തുമ്പോൾ ഇതിന്റെ സ്വഭാവം മാറുന്നു.
ഖംസീൻ
സിറോക്കോ കാറ്റ് ഈജിപ്‌തിലെത്തുമ്പോൾ ഖംസീൻ എന്നറിയപ്പെടും. ഖംസീൻ എന്ന അറബി പദത്തിന്റെ പേര് അമ്പത് എന്നാണ്. ഇത്രയും ദിവസങ്ങൾ നീണ്ടുനിൽക്കുന്നത് കൊണ്ടാണ് ഈ പേര് വന്നത്.
ഷ്ളോക്‌സ്
മാൽട്ടയിലെത്തുമ്പോൾ സിറോക്കോയുടെ പേര് ഷ്ളോക്‌സ് എന്നായി മാറും.

സമൂൻ
സഹാറാ, അറേബ്യൻ മരുഭൂമികളിലെ മണൽക്കുന്നുകളുടെ (ഡ്യൂൺസ്) ആകൃതി മാറ്റുന്ന പ്രത്യേക തരം കാറ്റാണിത്. ഒരു പ്രദേശത്ത് നിന്നും വലിയ അളവിൽ മണലും വഹിച്ചുകൊണ്ടായിരിക്കും ഇതിന്റെ സഞ്ചാരം. ഗൾഫ് നാടുകളിൽ മണൽക്കാറ്റിന് കാരണമാകുന്നത് ഈ കാറ്റാണ്. സമൂൻ എന്ന അറബി പദത്തിന് അർത്ഥം വിഷം എന്നാണ്.
ഷാമൽ
ഏഷ്യയിലെ ചില പ്രദേശങ്ങളിലും ഇറാഖിലും മണൽക്കാറ്റിനും മണൽക്കുന്നുകളുടെ രൂപീകരണത്തിനും കാരണമാകുന്ന കാറ്റ്.
മരുഭൂമിയിലെ കാറ്റിനെക്കുറിച്ച് പറയപ്പെടുന്ന മറ്റൊരു പ്രയോഗമുണ്ട്. മരുഭൂമിയിലെ കാറ്റ് എപ്പോഴും ഒരു ദിശയിലേക്ക് മാത്രം വീശാറില്ല, അത് ചിലപ്പോൾ എതിർ ദിശയിൽ നിന്നും വീശിയേക്കാമെന്ന്. മരുഭൂമിയിൽ കാലാവസ്ഥ മാറുന്നതിന് മുമ്പ് പ്രകൃതി നൽകുന്ന സന്ദേശമാണ് പൊടിക്കാറ്റും മഴയും. അത് കണ്ട് കൃത്യമായി മനസിലാക്കി യാത്ര ക്രമീകരിക്കുന്ന സഞ്ചാരിക്ക് സുരക്ഷിതനായി ലക്ഷ്യസ്ഥാനത്തെത്താം. ഇല്ലെങ്കിൽ പൊടിക്കാറ്റിന്റെ ഇരുട്ടിൽ കാലിടറി മരുഭൂമിയിലെ ഏതെങ്കിലും മണൽക്കുന്നുകൾക്ക് വളമാകും.