ന്യൂയോർക്ക് :ഐക്യരാഷ്ട്രസഭയിൽ പൊതു സമ്മേളനത്തിൽ പങ്കെടുക്കുവാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നേതാക്കൾ അമേരിക്കയിലെത്തുന്നുണ്ട്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഒരേ ദിവസമാണ് അമേരിക്കയിലെത്തിയതെന്ന പ്രത്യേകതയുമുണ്ട്. കാശ്മീർ വിഷയത്തിലെ പുതിയ സംഭവ വികാസങ്ങളുടെ പേരിൽ ഇന്ത്യ പാക് സംഘർഷം പുതിയ തലത്തിലേക്ക് കടക്കവേ ഇരു രാഷ്ട്ര നേതാക്കളുടെയും അമേരിക്കൻ സന്ദർശനത്തിന് പ്രാധാന്യമേറുകയാണ്. എന്നാൽ സമൂഹ മാദ്ധ്യമങ്ങളിലടക്കം ഇരു രാഷ്ട്ര നേതാക്കളെയും അമേരിക്ക വരവേറ്റതിന്റെ താരതമ്യമാണ് നടക്കുന്നത്.
അമേരിക്കയിലെത്തിയ പാകിസ്ഥാൻ പ്രധാനമന്ത്രിയെ സ്വീകരിക്കാനായി വിമാനത്താവളത്തിൽ ട്രംപ് ഭരണകൂടം ആരെയും ചുമതലപ്പെടുത്തിയിരുന്നില്ല. ഐക്യരാഷ്ട്രസഭയുടെ പാകിസ്ഥാൻ പ്രതിനിധി മലീഹ ലോഡിയാണ് മുഖ്യമായും അദ്ദേഹത്തെ സ്വീകരിക്കാനായി എത്തിയത്. മലീഹയെ കൂടാതെ അമേരിക്കയിലെ പാക് എംബസിയിലേതടക്കം ചില ഉദ്യോഗസ്ഥരും എത്തിയിരുന്നു. അതേ സമയം അമേരിക്കയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രിക്കായി വിമാനത്താവളത്തിൽ ചുവന്ന പരവതാനി നിവർത്തിയപ്പോൾ സ്വീകരിക്കാനായി ട്രംപ് ഭരണകൂടത്തിലെ അന്താരാഷ്ട്ര വ്യാപാര മന്ത്രാലയത്തിലെ ഡയറക്ടറെയാണ് ചുമതലപ്പെടുത്തിയത്. ഇദ്ദേഹത്തെ കൂടാതെ ഇന്ത്യയിലെ അമേരിക്കൻ അംബാസിഡറായ കെന്നത്ത് ജസ്റ്ററും എത്തിയിരുന്നു. അതേസമയം ഇന്ത്യൻ വംശജരെ അഭിസംബോധന ചെയ്ത് ഹൂസ്റ്റണിൽ നടന്ന ആവേശ്വജ്ജ്വലമായ ഹൗഡി മോദി ചടങ്ങിൽ അമേരിക്കൻ പ്രസിഡന്റ് നേരിട്ട് പങ്കെടുത്തതും ശ്രദ്ധേയമായി. മോദിക്ക് ജന്മദിനാശംസ നേർന്ന് പ്രസംഗം ആരംഭിച്ച ട്രംപ്, അമേരിക്കയുടെ വിശ്വസ്തനായ സുഹൃത്തെന്നാണ് മോദിയെ വിശേഷിപ്പിച്ചത്.
ഇന്ത്യയെയും പ്രധാനമന്ത്രിയേയും വാനോളം പുകഴ്ത്തിയാണ് ട്രംപ് വേദി പങ്കിട്ടത്. മോദിയോടൊപ്പം വേദിപങ്കിടാനായത് മഹത്തായ കാര്യമാണ്. ഇന്ത്യയ്ക്കായി അസാധാരണമായി പ്രവർത്തിക്കുന്ന മഹാനായ നേതാവാണ് മോദി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യ 300 മില്യൺ ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് ഉയർത്തി. ഇന്ത്യ അമേരിക്ക ബന്ധം മുമ്പുണ്ടായിരുന്നതിനെക്കാളേറെ ശക്തിപ്പെട്ടുവെന്നും അദ്ദേഹം പ്രസംഗിച്ചു.