നിലവറയുടെ കനത്ത തടിവാതിൽ അടഞ്ഞുകിടക്കുകയാണ്.
സി.ഐ അലിയാർ അതിൽ തള്ളിനോക്കി.
തുറക്കുന്നില്ല.
അത് പൂട്ടിയ അവസ്ഥയിലായിരുന്നു.
''ഇതിന്റെ താക്കോൽ എവിടെ?"
അലിയാർ തിരിഞ്ഞ് സുരേഷിനെ നോക്കി.
''അറിയില്ല...." അയാൾ വേഗം പോയി ഒരു താക്കോൽ കൂട്ടം എടുത്തുകൊണ്ടുവന്നു.
അതിൽ പക്ഷേ, നിലവറയുടെ താക്കോൽ ഉണ്ടായിരുന്നില്ല.
''പൂട്ടിക്കിടക്കുന്ന നിലയ്ക്ക് അതിൽ തിരയേണ്ട കാര്യമില്ലല്ലോ.."
എം.എൽ.എ ശ്രീനിവാസ കിടാവ് ആരോടെന്നില്ലാതെ പറഞ്ഞു.
മറുപടി നൽകിയില്ല അലിയാർ. പകരം പോലീസിനെയും കൂട്ടി തട്ടിൻപുറം പരിശോധിക്കുവാൻ പോയി.
ഇടുങ്ങിയ കോണിപ്പടികൾ കയറി അവർ മുകളിലെത്തി.
തള്ളിയതേ വല്ലാത്തൊരു 'കരകര" ശബ്ദത്തോടെ വാതിൽ തുറക്കപ്പെട്ടു.
അകത്തുനിന്ന് കെട്ടിക്കിടന്ന വായുവിന്റെ ഗന്ധം പുറത്തേക്കു വന്നു.
അവിടവും നോക്കിയിട്ടു കാര്യമില്ലെന്ന് അലിയാർക്ക് ഉറപ്പായി. എങ്കിലും അകത്തേക്കു ടോർച്ചു തെളിച്ചു.
ചിലന്തിവലകൾ മൂടിക്കിടക്കുന്ന ഓട്ടുപാത്രങ്ങളും മറ്റും കണ്ടു. പൊടിപിടിച്ച തറയിൽ യാതൊരു പാടുകളുമില്ല...
അതിനർത്ഥം കുട്ടികളുമായി അവിടേക്കും ആരും പോയിട്ടില്ല എന്നതാണ്.
അവർ തിരിച്ചിറങ്ങി.
ഹേമലത തേങ്ങിക്കരയുകയാണ്.
അന്വേഷണം പോലീസ് കോവിലകത്തിനു പുറത്തേക്കു മാറ്റി.
വിശാലമായ പറമ്പിൽ ഒരിടത്തും സംശയിക്കത്തക്കതായി ഒന്നും കണ്ടില്ല...
എന്തു ചെയ്യും എന്നറിയാതെ അലിയാരും കുഴങ്ങി.
''ഇനി നേരം പുലരട്ടെ..." പറഞ്ഞുകൊണ്ട് അലിയാർ പൂമുഖത്തെ കസേരയിലിരുന്നു.
സുരേഷ് തന്റെ ഭാര്യയുടെ അടുത്തേക്കു ചെന്നു.
ഹേമലത പൊട്ടിത്തെറിച്ചു.
''ഇവിടെ എന്തൊക്കെയോ കുഴപ്പമുണ്ടെന്ന് ഞാൻ പറഞ്ഞിട്ട് ആരെങ്കിലും വിശ്വസിച്ചോ?"
സുരേഷിന് ഉത്തരമില്ല.
''ഒരു കാര്യം ഞാൻ പറഞ്ഞേക്കാം. എന്റെ കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ ഒരു നിമിഷം ഞാൻ ജീവനോടെ ഉണ്ടാവില്ല."
സുരേഷ്, ഹേമലതയുടെ തോളിൽ കൈവച്ചു.
''ഒന്നും സംഭവിക്കില്ല ഹേമേ.... അവരെ നമുക്ക് തിരിച്ചുകിട്ടും."
ഹേമലത അയാളുടെ കൈ തട്ടിക്കളഞ്ഞു.
''എല്ലാത്തിനും കാരണം നിങ്ങളുടെ അച്ഛൻ ഒരുത്തനാ."
ശ്രീനിവാസ കിടാവ് അതുകേട്ടു. കടപ്പല്ലുകൾ കടിച്ചു ഞെരിച്ച് അയാൾ സംയമനം പാലിച്ചു.
നേരം പുലരുകയാണ്.
പെട്ടെന്ന് സി.ഐ അലിയാരുടെ ഫോൺ ശബ്ദിച്ചു.
കസേരയിലിരുന്ന് അല്പം ഒന്നു മയങ്ങിപ്പോയ അയാൾ ഞെട്ടിയുണർന്ന് ഫോണെടുത്തു.
ഡിസ്‌പ്ളേയിൽ അപരിചിതമായ ഒരു നമ്പർ.
റിസീവിംഗ് ബട്ടൺ പ്രസ് ചെയ്ത് ഫോൺ കാതിലമർത്തി.
''യേസ്.. സി.ഐ അലിയാർ..."
''സാറേ...." പരിഭ്രമം നിറഞ്ഞ ഒരു ശബ്ദം. ''ഞാൻ ആഢ്യൻപാറയിലെ വാച്ചാറാ... ഞാൻ കുളിക്കാൻ ഇവിടെ ചോലയിലേക്കു വന്നപ്പോൾ..."
അപ്പുറത്തുനിന്നു കേട്ട വാർത്ത വിശ്വസിക്കാനാവാതെ അലിയാർ ചാടിയെഴുന്നേറ്റു.
''എഴുന്നേൽക്ക്. ക്വിക്ക്." അയാൾ ഫോൺ പോക്കറ്റിൽ തിരുകിക്കൊണ്ട് പോലീസുകാരോട് കൽപ്പിച്ചു.
അകത്തുനിന്ന് സുരേഷ് പാഞ്ഞുവന്നു.
''എന്തെങ്കിലും വിവരം കിട്ടിയോ സാറേ..."
''ങാ. നമുക്ക് ആഢ്യൻപാറയിലേക്കു പോകണം."
ആഢ്യൻപാറ!
ആ പേരു കേട്ടതും എം.എൽ.എ ശ്രീനിവാസ കിടാവ് വല്ലാതെ ഞെട്ടി.
അവിടെ വച്ചാണ് പാഞ്ചാലിയെ...!
പോലീസ് സംഘം ബൊലേറോയിലും ശ്രീനിവാസ കിടാവും മകനും മരുമകളും കിടാവിന്റെ ബൻസിലും ആഢ്യൻപാറയിലേക്കു കുതിച്ചു.
നേർത്ത മഞ്ഞിനുള്ളിൽ പ്രഭാതത്തിന്റെ മുഖം തെളിഞ്ഞുവരികയായിരുന്നു.
ആഢ്യൻപാറ.
പാർക്കിംഗ് ഏരിയ കടന്ന് നേരെ മുന്നോട്ടുനീങ്ങി വാഹനങ്ങൾ.
താഴെ, ജലപാതത്തിന് അടുത്തേക്കു പോകുന്ന പടവുകൾക്ക് അരുകിൽ വാഹനങ്ങൾ നിന്നു.
അലിയാർ ബൊലോറോയിൽ നിന്നു ചാടിയിറങ്ങി.
കാലുകൾ ചിറകുകളാക്കി അയാൾ താഴേക്കു പാഞ്ഞു.
അവിടെ പാറകൾക്കിടയിലൂടെ കുത്തിമറിഞ്ഞ് പതഞ്ഞൊഴുകുന്ന അരുവിക്കരയിൽ ചിലർ നിൽക്കുന്നത് അവ്യക്തമായി കണ്ടു.
ഏറ്റവും ആദ്യം അവിടെയെത്തിയത് അലിയാരാണ്.
ആഢ്യൻപാറയിലെ ജീവനക്കാർ മൂന്നുപേർ ഉണ്ടായിരുന്നു അവിടെ?
''ആരാ എനിക്ക് ഫോൺ ചെയ്തത്?" അലിയാർ തിരക്കി.
''ഞാനാ സാറേ...." ഒരാൾ പറഞ്ഞു.
''കുട്ടികളെവിടെ?"
അയാൾ അല്പം അകലേക്കു കൈ ചൂണ്ടി.
കിടാവും സുരേഷും ഹേമലതയും തൊട്ടു പിന്നിൽ എത്തിയിരുന്നു.
''കമോൺ."
പോലീസുകാരോടു പറഞ്ഞുകൊണ്ട് മിനുസ്സമേറിയ പാറപ്പുറത്തുകൂടി ചരിവിലൂടെ താഴേക്കോടി അലിയാർ.
പിന്നാലെ മറ്റുള്ളവരും...
(തുടരും)