dead

കൊൽക്കത്ത: ഏഴുവയസുകാരനെ അയൽവാസിയായ പതിനാലുകാരൻ ദുർമന്ത്രവാദത്തിന്റെ പേരിൽ നരബലി നൽകി. ബംഗാളിലെ മിഡ്നാപൂർ ജില്ലയിൽ ശനിയാഴ്ചയാണ് സംഭവം. രുദ്ര നായക് എന്ന ഏഴുവയസുകാരനാണ് കൊല്ലപ്പെട്ടത്.

പ്രതിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. അമാനുഷിക ശക്തിയുള്ള മന്ത്രവാദിയാകാൻ വേണ്ടിയാണ് കൊല നടത്തിയതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. ദുർമന്ത്രവാദം പരിശീലിപ്പിച്ചതിന്റെ പേരിൽ പ്രതിയുടെ മാതാപിതാക്കളെയും അറസ്റ്റ് ചെയ്തു.

വീടിന് സമീപം കളിക്കാൻ പോയ രുദ്ര തിരിച്ച് വരാതായതോടെ അന്വേഷിച്ചപ്പോൾ ഗ്രാമവാസിയായ ഒരാൾ അയലത്തെ വീട്ടിൽ കുട്ടിയെ കണ്ടതായി പറഞ്ഞു. അവിടെയെത്തി കാര്യം തിരക്കിയപ്പോൾ കുട്ടിയെ കണ്ടില്ലെന്നും തങ്ങളുടെ മകൻ ഇവിടെയില്ലെന്നുമായിരുന്നു പതിനാലുകാരന്റെ മാതാപിതാക്കൾ പറഞ്ഞത്.

തുടർന്ന് കുട്ടിയുടെ അച്ഛനും നാട്ടുകാരും നടത്തിയ പരിശോധനയിൽ വീടിന് അകത്ത് നിന്ന് പതിനാലുകാരനെ കണ്ടെത്തി. രുദ്ര എവിടെയെന്ന് ചോദിച്ചപ്പോൾ ദേവദൂതൻ വന്ന് നിങ്ങളുടെ മകനെ കൂട്ടിക്കൊണ്ടുപോയെന്നായിരുന്നു പ്രതിയുടെ മറുപടി.

തുടർന്ന് നടത്തിയ തെരച്ചിലിൽ സമീപത്തെ കുളത്തിൽ രുദ്രയെ കണ്ടെത്തി. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിയുടെ വീട്ടിലേക്ക് ഗ്രാമവാസികൾ അതിക്രമിച്ച് കയറി. പൊലീസ് ഏറെ പാടുപെട്ടാണ് പ്രതിയേയും മാതാപിതാക്കളെയും അറസ്റ്റ് ചെയ്തത്.