
നമ്മൾക്ക് ജീവിതത്തെ നമ്മുടെ ഇഷ്ടത്തിന് നിർമ്മിക്കണമെങ്കിൽ, ആദ്യത്തേതും പരമവുമായ ആവശ്യം, നമ്മൾക്കെന്താണ് വേണ്ടതെന്ന് നമുക്ക് കൃത്യമായ വ്യക്തതയുണ്ടാവണം. നമുക്ക് അതറിയില്ലെങ്കിൽ, നിർമ്മിക്കുന്നതിന്റെ പ്രശ്നമേ ഉദിക്കുന്നില്ല. വളരുന്തോറും നാം ചിന്തിക്കും, 'ഈ ഒരൊറ്റ കാര്യം ശരിയായാൽ എന്റെ ജീവിതം പൂർണമാകും."
ഏതൊരു മനുഷ്യനും ആവശ്യപ്പെടുന്നത് ഉല്ലാസത്തോടെയും സമാധാനത്തോടെയും ജീവിക്കാനാണ്. മറ്റൊരർത്ഥത്തിൽ ബന്ധങ്ങളെക്കുറിച്ചാവുമ്പോൾ മനുഷ്യന് വേണ്ടത് സ്നേഹവും വാത്സല്യവുമാണ്. എല്ലാ മനുഷ്യനും ആവശ്യപ്പെടുന്നത് ഉള്ളിലും ചുറ്റുപാടിലും സന്തുഷ്ടതയാണ്. സന്തുഷ്ടത ശരീരത്തിലാണ് ഉള്ളതെങ്കിൽ നാമതിനെ ആരോഗ്യമെന്ന് പറയുന്നു. അത് മനസിലാണ് സംഭവിക്കുന്നതെങ്കിൽ ഉല്ലാസമെന്നും സന്തോഷമെന്നും പറയുന്നു. അത് നമ്മുടെ വികാരങ്ങളിലാണ് സംഭവിക്കുന്നതെങ്കിൽ സ്നേഹമെന്നും കാരുണ്യമെന്നും പറയുന്നു. നമ്മളുടെ ഊർജ്ജങ്ങളിലാണ് വരുന്നതെങ്കിൽ ആനന്ദമെന്നും നിർവൃതിയെന്നും പറയുന്നു.
നമ്മൾക്ക് നിർമ്മിക്കേണ്ടത് ഉള്ളിലൊരു സന്തുഷ്ടനായ മനുഷ്യനും, ചുറ്റുപാടിലും സമാധാനവും സ്നേഹവും നിറഞ്ഞ ലോകവുമാണെങ്കിൽ, അതിനെ നേരിട്ട് അഭിസംബോധന ചെയ്യുകയും, അത് നിർമ്മിക്കാൻ സ്വയം ചുമതലയേൽക്കുകയും ചെയ്യേണ്ട സമയമായി. ഇതിനായി ചെയ്യേണ്ടത് ഉള്ളിൽ സമാധാനവും ഉല്ലാസവും സ്നേഹവും ഉള്ളവരാകണം എന്നതാണ്. എന്നും ദിവസം തുടങ്ങുമ്പോൾ എവിടെത്തന്നെ പോയാലും സമാധാനപരവും സ്നേഹം നിറഞ്ഞതും ഉല്ലാസകരവുമായ ലോകം സൃഷ്ടിക്കുമെന്ന് വ്യക്തമായി ചിന്തിക്കണം.
പ്രതിജ്ഞ ചെയ്ത ഒരാൾക്ക് തോൽവി എന്നൊരു സ്ഥിതിയില്ല. ഇങ്ങനെ ഏറ്റവും ഇഷ്ടമുള്ളത് സൃഷ്ടിക്കാൻ സ്വയം അർപ്പിക്കുകയാണെങ്കിൽ, നമ്മളുടെ മനസ് ഏകോപിപ്പിക്കപ്പെടും. മനസ് ഏകോപിച്ചാൽ വികാരങ്ങളും സംഘടിതമാവും. നമ്മൾ എങ്ങനെയാണോ ചിന്തിക്കുന്നത് അതുപോലെയാണ് നമ്മൾ അനുഭവിക്കുന്നതും. നമ്മളുടെ വിചാരങ്ങളും വികാരങ്ങളും ഒരേ ദിശയിലായാൽ നമ്മുടെ ഊർജ്ജവും ഒരുമിക്കും. വിചാരവും വികാരവും ഊർജ്ജവും ഒരുമിച്ചാൽ നമ്മുടെ ശരീരവും ഒരേ രീതിയിൽ പ്രവർത്തിക്കാൻ തുടങ്ങും. അഥവാ ഈ നാലു വസ്തുതകളും ഒരേ ദിശയിലേക്ക് സംഘടിതമായി നിലനിൽക്കാൻ തുടങ്ങുന്നതോടെ, നമുക്കിഷ്ടപ്പെട്ട തരത്തിൽ എന്തും സൃഷ്ടിക്കാനും പ്രത്യക്ഷമാക്കാനും നിസാരമായി നമുക്ക് സാധിക്കും. പല അർത്ഥത്തിലും നമ്മൾ തന്നെയാണ് സ്രഷ്ടാക്കൾ.