thief-

കുളത്തൂപ്പുഴ : ക്ഷേത്രങ്ങളിലും വീടുകളിലും സ്ത്രീ വേഷം ധരിച്ചെത്തി മോഷണം നടത്തിയ മോഷ്ടാവിനെ പൊലീസ് ശാസ്ത്രീയ തെളിവുകളുടെ പിൻബലത്തിൽ അറസ്റ്റു ചെയ്തു. കൊല്ലം ജില്ലയിലെ ചോയിക്കോട് കല്ലുകുഴി പണയിൽ വീട്ടിൽ മുഹമ്മദ് ഹാരിസിനെയാണ് കുളത്തൂപ്പുഴ പൊലീസ് പിടികൂടിയത്. ഇരുപത്തിമൂന്നുകാരനായ ഇയാൾ കഴിഞ്ഞയാഴ്ച കുളത്തൂപ്പുഴ മഹാവിഷ്ണു ക്ഷേത്രം, ആനമൂട് മഹാ ശിവക്ഷേത്രം, ടൗണിലെ മൊബൈൽ ഷോപ്പിലുമാണ് മോഷണം നടത്തിയത്. പ്രദേശത്തെ ക്യാമറ ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചത്. മോഷണ ദിവസം മുഹമ്മദ് ഹാരിസ് പൊലീസ് സ്റ്റേഷന് സമീപവും മോഷണം നടന്ന സ്ഥലങ്ങൾക്ക് സമീപവും നിരീക്ഷണം നടത്തുന്നതായി കണ്ടെത്തിയിരുന്നു. എന്നാൽ മോഷണ സമയത്ത് മുഖം മറച്ച് സ്ത്രീ വേഷം ധരിച്ചിരുന്നതിനാൽ മോഷ്ടാവ് മുഹമ്മദ് ഹാരിസാണെന്ന് പ്രാഥമിക അന്വേഷണത്തിൽ തിരിച്ചറിയാൻ ഉദ്യോഗസ്ഥർക്കായിരുന്നില്ല.

തുടർന്ന് സൈബർസെല്ലിന്റെയും വിരലടയാള വിദഗ്ദ്ധരുടെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് പ്രതിയെ കുടുക്കാനായത്. കാണിക്ക വഞ്ചി മോഷ്ടിച്ച ശേഷം തെളിവ് നശിപ്പിക്കുന്നതിനായി സ്ഥലം കഴുകി വൃത്തിയാക്കിയാണ് ഇയാൾ മടങ്ങിയത്. മോഷണത്തിലൂടെ കിട്ടിയ പണം ഉപയോഗിച്ച് മദ്യപിച്ച് കറങ്ങിനടക്കുന്നതിനിടെയാണ് പൊലീസ് ഇയാളെ പിടികൂടിയത്.