രാജീവ് രവി സംവിധാനം ചെയ്ത് ഫർഹാൻ ഫാസിൽ നായകനായി എത്തിയ 'ഞാൻ സ്റ്റീവ് ലോപ്പസ്' എന്ന ചിത്രത്തിൽ നിന്നും താൻ പിന്മാറിയതെങ്ങനെ എന്ന് തുറന്ന് പറഞ്ഞ് നടൻ ഷെയ്ൻ നിഗം. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കാൻ ഏതാനും ദിവസം മാത്രം ബാക്കി നിൽക്കേയായിരുന്നു ഷെയ്ൻ 'സ്റ്റീവ് ലോപ്പസി'ൽ നിന്നും പിന്മാറുന്നതും അദ്ദേഹത്തിന് പകരമായി ഫർഹാൻ ഫാസിൽ ആ റോളിലേക്ക് എത്തുന്നതും. എന്നാൽ ഇതിന് ഷെയ്‌നിനെ പ്രേരിപ്പിച്ച കാര്യം ഏറെ കൗതുകം നിറഞ്ഞതാണ്. ചിത്രത്തിൽ കഥാപാത്രം സ്വയംഭോഗം ചെയ്യുന്ന ഒരു രംഗം ഉണ്ടായിരുന്നതാണ് അദ്ദേഹം സിനിമയിൽ നിന്നും പിന്മാറാൻ കാരണം.
'ഞാൻ സ്റ്റീവ് ലോപ്പസി'ന്റെ സമയത്ത് ഷെയ്‌നിന് 17 വയസ് ആയിരുന്നു പ്രായം. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഷെയ്ൻ ഇക്കാര്യം വെളിപ്പെടുത്തുന്നത്. കോളേജിൽ ഫസ്റ്റ് ഇയർ വിദ്യാർത്ഥിയായി പഠിക്കുന്ന സമയത്താണ് രാജീവ് രവി ഷെയ്‌നിനെ ചിത്രത്തിലേക്ക് സ്വാഗതം ചെയ്യുന്നത്. ഷൂട്ടിംഗ് തുടങ്ങുന്നതിന് ഒരാഴ്ച മുൻപാണ് തിരുവനന്തപുരത്ത് വച്ച്, ചിത്രത്തിൽ നായകൻ സ്വയംഭോഗം ചെയ്യുന്ന ഒരു രംഗം ഉണ്ടെന്ന് രാജീവ് രവി ഷെയ്‌നിനോട് പറയുന്നത്. ഇത് കേട്ട് താൻ ഞെട്ടുകയാണ് ഉണ്ടായതെന്നും ഇക്കാര്യം വീട്ടിൽ പറയാൻ പേടി തോന്നിയിരുന്നുവെന്നും ഷെയ്ൻ ഓർക്കുന്നു.
'സൗബിനിക്ക(സൗബിൻ ഷാഹിർ)യാണ് ഇക്കാര്യം വീട്ടിൽ പറഞ്ഞത്. വാപ്പച്ചിക്കും(അബി) ഉമ്മച്ചിക്കും ഇത് കേട്ടപ്പോൾ താത്‌പര്യം തോന്നിയില്ല. ഞാൻ ആദ്യമായി നായകനായി അഭിനയിക്കുന്ന സിനിമയിൽ ഇങ്ങനെയൊരു രംഗം ഉണ്ടെന്നുള്ളത് അവർക്ക് ഉൾക്കൊള്ളാനായില്ല. ഈ കാരണം കൊണ്ടാണ് ഞാൻ ആ സിനിമയിൽനിന്നും പിൻമാറിയത്. ഇത്രയും നാൾ കോളേജിലായിരുന്നു, പഠിക്കാനുണ്ടായിരുന്നു എന്നൊക്കെയായിരുന്നു ഞാൻ പറഞ്ഞിരുന്നത്. പറയാം എന്ന് തോന്നിയത് കൊണ്ടാണ് ഇക്കാര്യം ഞാൻ ഇപ്പോൾ പറയുന്നത്, ' ഷെയ്ൻ വ്യക്തമാക്കി. രാജീവ് രവിയുടെ സംവിധാനത്തിൽ 2014ൽ പുറത്തിറങ്ങിയ 'ഞാൻ സ്റ്റീവ് ലോപ്പസ്' മികച്ച നിരൂപക ശ്രദ്ധ നേടിയിരുന്നു. ഫർഹാൻ ഫാസിൽ, അഹാന കൃഷ്ണ, അലൻസിയർ, സുജിത്ത് ശങ്കർ എന്നിവരാണ് ചിത്രത്തിൽ വേഷമിട്ടത്.