പാറ്റ്‌ന: ഓൺലൈൻ ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോയിൽ നിന്നും 100 രൂപയ്‌ക്ക് ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ തന്റെ അക്കൗണ്ടിലുള്ള മുഴുവൻ പണവും നഷ്‌ടപ്പെടുമെന്ന് ബീഹാറിലെ പാറ്റ്‌നക്കാരനായ യുവാവ് ഒരിക്കലും ചിന്തിച്ചിട്ട് പോലുമുണ്ടാകില്ല. എന്നാൽ ആപ്പ് വഴി ഓർഡർ ചെയ്‌തപ്പോൾ കിട്ടയത് മോശം ഭക്ഷണമാണെന്ന് മാത്രമല്ല, അക്കൗണ്ടിലുണ്ടായിരുന്ന 77000 രൂപ നഷ്‌ടപ്പെട്ട അവസ്ഥയിലാണ് എഞ്ചിനീയറിംഗ് ബിരുദധാരിയായ വിഷ്‌ണു എന്ന യുവാവ്.
സംഭവം ഇങ്ങനെ: സെപ്‌തംബർ 10നാണ് സൊമാറ്റോ വഴി വിഷ്‌ണു 100 രൂപയ്‌ക്ക് ഭക്ഷണം ഓർഡർ ചെയ്തത്. എന്നാൽ ലഭിച്ച ഭക്ഷണത്തിൽ വിഷ്‌ണു തൃപ്‌തനായിരുന്നില്ല. ഇക്കാര്യം ഡെലിവറി ബോയിയോട് പറഞ്ഞപ്പോൾ സൊമാറ്റോയുടെ കസ്‌റ്റമർ കെയറിൽ വിളിച്ച് പരാതി പറയാൻ ഉപദേശിച്ചു. തുടർന്ന് ഗൂഗിളിൽ സൊമാറ്റോ കസ്‌റ്റമർ കെയർ എന്ന് സെർച്ച് ചെയ്‌തപ്പോൾ ലഭിച്ച നമ്പറിൽ വിഷ്‌ണു വിളിച്ചെങ്കിലും ആരും ഫോൺ എടുത്തില്ല. തൊട്ടുപിന്നാലെ മറ്റൊരു നമ്പറിൽ വിഷ്‌ണുവിന് കോൾ വന്നു. സൊമാറ്റോ കസ്‌റ്റമർ കെയറിൽ നിന്ന് വിളിക്കുന്നുവെന്നാണ് പരിചയപ്പെടുത്തിയത്. 100 രൂപ റീഫൻഡ് കിട്ടണമെങ്കിൽ അക്കൗണ്ടിൽ നിന്നും 10 രൂപ പോകുമെന്ന് ഇയാൾ വിഷ്‌ണുവിനോട് പറഞ്ഞു. ഫോൺ വിളിച്ചയാൾ അയച്ചുനൽകിയ ലിങ്കിൽ കയറിയ വിഷ്‌ണു അതിലെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ 10 രൂപ നിക്ഷേപിക്കുകയും ചെയ്‌തു. തൊട്ടുപിന്നാലെ പലതവണകളായി അക്കൗണ്ടിലുണ്ടായിരുന്ന 77,000 രൂപയും നഷ്‌ടമായി. അക്കൗണ്ടിൽ നിന്നും നഷ്‌ടമായ പണം തിരികെ കിട്ടാൻ ഇപ്പോൾ ബാങ്കുകളിലും പൊലീസ് സ്‌റ്റേഷനുകളിലും കയറി നടക്കുകയാണ് ഇപ്പോൾ വിഷ്‌ണു.