ന്യൂയോർക്ക് : യു.എൻ പൊതുസമ്മേളനത്തിൽ പങ്കെടുക്കുവാനായുള്ള ഏഴു ദിവസത്തെ അമേരിക്കൻ സന്ദർശനത്തിനായി പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെത്തിയത് സൗദി രാജകുമാരന്റെ സ്വകാര്യ വിമാനത്തിൽ. അമേരിക്കയിലേക്കുള്ള സന്ദർശനത്തിന് മുന്നോടിയായി സൗദി സന്ദർശിക്കുകയായിരുന്ന പാക് പ്രധാനമന്ത്രി അവിടെ നിന്നും വാണിജ്യ വിമാനത്തിൽ അമേരിക്കയിലേക്ക് യാത്രചെയ്യാനായിരുന്നു പദ്ധതി ഇട്ടിരുന്നത്. സാമ്പത്തിക ഞെരുക്കത്തിലായ പാകിസ്ഥാനെ കരകയറ്റുന്നതിനായി സർക്കാർ ചെലവുകൾ വെട്ടിച്ചുരുക്കിയതിന്റെ ഭാഗമായിട്ടാണ് ദീർഘയാത്രകളിൽ ഔദ്യോഗിക വിമാനം ഒഴിവാക്കാൻ ഇമ്രാൻ ഖാൻ തീരുമാനിച്ചത്. ഇതിനു മുൻപും അമേരിക്കയിൽ ട്രംപുമായി കൂടിക്കാഴ്ച നടത്തുവാനെത്തിയപ്പോൾ യാത്രാവിമാനത്തെയാണ് ഇമ്രാൻ ഖാൻ ആശ്രയിച്ചത്. ഇതു കൂടാതെ ഫൈവ് സ്റ്റാർ ഹോട്ടലിനു പകരമായി അമേരിക്കയിലെ പാക് എംബസിയിലാണ് അദ്ദേഹം അന്തിയുറങ്ങിയത്.
കാശ്മീർ വിഷയത്തിൽ സൗദിയുടെ പിന്തുണ ഉറപ്പിക്കുവാനാണ് പാക് പ്രധാനമന്ത്രി രണ്ട് ദിവസത്തെ സന്ദർശനത്തിന് സൗദി അറേബ്യയിലെത്തിയത്. ഇവിടെ വച്ചു സൗദി രാജകുമാരനും, കീരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാനുമായും പാക് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. സൗദിയുടെ വിശിഷ്ട അതിഥിയായ താങ്കൾ വാണിജ്യ വിമാനത്തിൽ പോകേണ്ടെന്നും സ്വന്തം വിമാനം ഉപയോഗിക്കാൻ സൽമാൻ രാജകുമാരൻ അഭ്യർത്ഥിക്കുകയായിരുന്നുവെന്നുമാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അമേരിക്കയിൽ എത്തിയ പാക് പ്രധാനമന്ത്രിക്ക് തണുപ്പൻ സ്വീകരണമാണ് ലഭിച്ചത്. എന്നാൽ അതേ ദിവസം അമേരിക്കൻ മണ്ണിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രിയെ ചുവന്ന പരവതാനി വിരിച്ച് അമേരിക്ക സ്വീകരിച്ചതും സമൂഹ മാദ്ധ്യമങ്ങളിൽ നിറഞ്ഞിരുന്നു. ഈ മാസം ഇരുപത്തിയേഴിനാണ് യു.എൻ പൊതുസഭയെ പാക് പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നത്. കാശ്മീർ വിഷയത്തെ കുറിച്ചാവും മുഖ്യമായും അദ്ദേഹം പ്രസംഗിക്കുക എന്നു കരുതുന്നു.