തിരുവനന്തപുരം: പൊലീസുകാർക്കെന്താ ഈ സ്‌കൂളിൽ കാര്യമെന്ന് ആരെങ്കിലും ചോദിച്ചു കഴിഞ്ഞാൽ ഡി.ജി.പിയുടെ ഉത്തരവാകും മറുപടി പറയുക. എന്താ കാര്യമെന്നല്ലേ? മക്കളുടെ സ്‌കൂൾകാര്യങ്ങൾ നോക്കാനും പി.ടി.എ. യോഗങ്ങളിൽ പങ്കെടുക്കാനും സംസ്ഥനത്തെ പൊലീസുകാർക്ക് അനുമതി നൽകികൊണ്ടുള്ള ഡി.ജി.പി ലോക്‌നാഥ് ബെഹറയുടെ ഉത്തരവിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ജോലിഭാരത്താൽ മക്കളുടെ സ്‌കൂൾകാര്യങ്ങൾ നോക്കാൻ പോലും കഴിയുന്നില്ലെന്ന പൊലീസുകാരുടെ ഏറെ നാളത്തെ പരാതിക്കാണ് ഇതോടെ പരിഹാരമായിരിക്കുന്നത്.
ഇത്തരം കാര്യങ്ങൾക്കായി അവധി ആവശ്യപ്പെടുന്ന പൊലീസുകാർക്ക് അടിയന്തരഘട്ടങ്ങളിലല്ലാതെ അതു നിഷേധിക്കരുതെന്നാണ് ലോക്‌നാഥ് ബെഹ്റ പുറത്തിറക്കിയ ഉത്തരവ്. ഇത്തരം സന്ദർഭങ്ങളിൽ പൊലീസുകാർക്ക് അവധി അനുവദിക്കാൻ കൺട്രോളിംഗ് ഓഫീസർമാർ ശ്രദ്ധിക്കണമെന്ന് ഉത്തരവിൽ പറയുന്നു. എന്നാൽ, ക്രമസമാധാനപ്രശ്നങ്ങളിൽ ഏറ്റവും ആവശ്യമുള്ള ഘട്ടത്തിലോ വി.വി.ഐ.പി. സന്ദർശനസമയത്തോ ഇത് നിയന്ത്രണങ്ങൾക്ക് വിധേയമായിരിക്കും.
മകനെ പഠിപ്പിക്കുന്ന അദ്ധ്യാപകന്റെ പേരുവരെ അറിയില്ലെന്നും ഒരു പി.ടി.എ. യോഗത്തിനുപോലും പങ്കെടുക്കാൻ കഴിഞ്ഞില്ലെന്നും പറഞ്ഞുള്ള 'മകനേ മാപ്പ്' എന്ന ഒരു സി.ഐ.യുടെ ഫേസ്ബുക്ക് പോസ്റ്റ് അടുത്തിടെ ശ്രദ്ധനേടിയിരുന്നു. ഇതും ഡി.ജി.പിയുടെ ഉത്തരവിന് പിന്നിലുണ്ടെന്നാണ് പൊലീസുകാർക്കിടയിലെ അടക്കം പറച്ചിൽ.
പൊലീസുകാരിലെ മാനസികസമ്മർദങ്ങൾ ചർച്ചയാവുകയും അത് പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് മക്കളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചർച്ചചെയ്യപ്പെട്ടത്. മക്കളുടെ പഠനപുരോഗതി അദ്ധ്യാപകരുമായി ചർച്ച ചെയ്യുന്നതും പരിഹാരം കാണുന്നതും പൊലീസുകാരുടെ മാനസികസമ്മർദം കുറയ്‌ക്കാൻ ഗുണകരമാണെന്നാണ് കണ്ടെത്തൽ. പൊലീസുകാർക്ക് വിവാഹവാർഷികത്തിനും ജന്മദിനത്തിനും അവധി നൽകണമെന്ന ഉത്തരവും നേരത്തെ ഡി.ജി.പി. പുറപ്പെടുവിച്ചിരുന്നു.