ന്യൂഡൽഹി: ഇന്ത്യ-പാക് അതിർത്തി മേഖലയിൽ നിന്ന് ഡ്രോൺ ഉപയോഗിച്ച് ആയുധങ്ങൾ കടത്തി ആക്രമണം നടത്താനുള്ള തീവ്രവാദികളുടെ പദ്ധതി പൊളിച്ചടുക്കി പഞ്ചാബ് പൊലീസ്. പഞ്ചാബിലും അയൽ സംസ്ഥാനങ്ങളിലും ആക്രമണങ്ങൾ നടത്താനുള്ള നിരോധിത തീവ്രവാദ സംഘടനയായ ഖലിസ്ഥാൻ സിന്ദാബാദ് ഫോഴ്‌സിന്റെ പദ്ധതിയാണ് പഞ്ചാബ് പൊലീസ് പരാജയപ്പെടുത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് പഞ്ചാബിലെ ടാൻ ടറാൻ ജില്ലയിൽ നിന്ന് നാല് ഭീകരരെ പൊലീസ് അറസ്റ്റ് ചെയ്തു. ബൽവന്ത് സിംഗ്, ആകാശ് ദീപ്, ഹർഭജൻ സിംഗ്, ബൽബീർ സിംഗ് എന്നിവരാണ് പൊലീസ് പിടിയിലായത്. ആകാശ് ദീപ്, ബൽവന്ത് സിംഗ് എന്നിവർക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. ഖലിസ്ഥാൻ സിന്ദാബാദ് ഫോഴ്‌സിന്റെ തലവൻ രഞ്ജിത് സിംഗും ജർമനി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗുർമീത് സിംഗുമാണ് സംസ്ഥാനത്ത് സംഘടനാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്.
ഇവരിൽ നിന്ന് എകെ-47 റൈഫിളുകളും പിസ്റ്റളുകളുമുൾപ്പെടെ വൻ ആയുധശേഖരം പിടിച്ചെടുത്തു. സാറ്റലൈറ്റ് ഫോണുകളും ഗ്രനേഡുകളും കൂടാതെ 10 ലക്ഷം രൂപയും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഇന്ത്യ-പാക് അതിർത്തി മേഖലയിൽ ഡ്രോൺ ഉപയോഗിച്ചാണ് ആയുധം എത്തിച്ചതെന്നാണ് പൊലീസ് നിഗമനം. ജമ്മു-കാശ്മീരും പഞ്ചാബും മറ്റ് അതിർത്തി മേഖലകളും കേന്ദ്രീകരിച്ച് അക്രമണം നടത്താനുള്ള ലക്ഷ്യം മുൻനിറുത്തിയുള്ള നുഴഞ്ഞുകയറ്റം വർദ്ധിച്ചത് ശ്രദ്ധയിൽ പെട്ടതായി പൊലീസ് ഡയറക്ടർ ജനറൽ ദിൻകർ ഗുപ്ത മാദ്ധ്യമങ്ങളെ അറിയിച്ചു. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പിശോധനയിലാണ് അക്രമണ പരമ്പര തടയാൻ സാധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് പഞ്ചാബിലും അയൽ സംസ്ഥാനങ്ങളിലും പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.