police

നെയ്യാറ്റിൻകര: ബന്ധുവിനെ തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ ഒളിവിലായ കൂട്ടുപ്രതിയെ പിടികൂടാൻ കസ്റ്റഡിയിലുണ്ടായ പ്രതിയെവച്ച് തന്ത്രം മെനഞ്ഞ പൊലീസിന് കിട്ടിയത് മുട്ടൻ പണി. കേസുമായി ബന്ധപ്പെട്ട് വെങ്ങാനൂർ സ്വദേശി വിപിനെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കേസിലെ ഒന്നാം പ്രതി അജിയും രണ്ടാം പ്രതി രാഹുലും ഒളിവിലായിരുന്നു.

കസ്റ്റഡിയിലുണ്ടായിരുന്ന വിപിനെ ഉപയോഗിച്ച് ബാലരാമപുരം രാമപുരം സ്വദേശിയായ രാഹുലിനെ പിടിക്കാൻ പൊലീസ് പദ്ധതിയിട്ടു. പൊലീസ് വിപിനെക്കൊണ്ട് നിരവധി തവണ ഫോണിൽ രാഹുലിനെ വിളിച്ച് സംസാരിപ്പിച്ചു. തന്നെ പൊലീസ് പിടിച്ചിരുന്നെന്നും, നിരപരാധിയാണെന്ന് മനസിലായപ്പോൾ വിട്ടയച്ചെന്നുമായിരുന്നു വിപിനെക്കൊണ്ട് പൊലീസ് പറയിപ്പിച്ചത്. ശേഷം തമ്മിൽക്കാണാൻ രാമപുരത്ത് എത്താനും വിപിൻ രാഹുലിനോട് ആവശ്യപ്പെട്ടു.

രാത്രി ഏഴരയോടെ വിപിനെക്കാണാൻ രാഹുൽ രാമപുരത്ത് ബൈക്കിലെത്തി. തുടർന്ന് വിപിനെ വണ്ടിയിൽ നിന്നിറക്കി രാഹുലിനടുത്തേക്ക് ഒറ്റയ്ക്ക് വിട്ടു. വിപിൻ രാഹുലിന്റെ അടുത്തെത്തിയതും പൊലീസ് ഇവരെ വളഞ്ഞു. എന്നാൽ രാഹുൽ കയ്യിൽ കരുതിയ പെപ്പർ സ്‌പ്രേ പൊലീസിന്റെ മുഖത്തടിക്കുകയും വിപിനെയും കൊണ്ട് സ്ഥലം വിടുകയും ചെയ്തു. ബൈക്കിലെത്തി മാല പറക്കുന്ന സംഘത്തിൽപ്പെട്ടയാളാണ് രാഹുൽ. പ്രതികൾക്കായുള്ള തെരച്ചിൽ ശക്തമാക്കിയെന്ന് പൂന്തുറ പൊലീസ് എസ്.ഐ കൃഷ്ണലാൽ പറഞ്ഞു.