ന്യൂഡൽഹി: മരടിലെ വിവാദ ഫ്ലാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിൽ സംസ്ഥാന സർക്കാരിന് ഗുരുതരമായ വീഴ്‌ചയുണ്ടായെന്ന് സുപ്രീം കോടതിയുടെ വിലയിരുത്തൽ. കേരളത്തിന്റെ നിലപാടിൽ ഞെട്ടലുണ്ടാക്കുന്നു. അടുത്തിടെ ഉണ്ടായ പ്രളയത്തിൽ നിരവധി പേർ മരിച്ചത് രാജ്യം മുഴുവൻ കണ്ടതാണ്. എന്നാൽ ഇതിൽ കേരളം പാഠം പഠിച്ചിട്ടില്ലെന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. കേരളത്തിലെ മുഴുവൻ നിയമലംഘനങ്ങളും പരിശോധിക്കും. നിയമലംഘകരെ കേരളം സംരക്ഷിക്കുകയാണ്. ഫ്ലാറ്റ് പൊളിക്കാൻ എത്ര സമയം വേണമെന്നും കോടതിയിൽ ഹാജരായ ചീഫ് സെക്രട്ടറി ടോം ജോസിനോട് സുപ്രീം കോടതി ചോദിച്ചു. മരട് കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്‌ച വിശദമായ ഉത്തരവ് പുറത്തിറക്കുമെന്നും കേസ് പരിഗണിച്ച ജസ്‌റ്റിസ് അരുൺ മിശ്ര വ്യക്തമാക്കി. സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകനായ ഹരീഷ് സാൽവെയാണ് ഹാജരായത്.
കേസ് പരിഗണിച്ചപ്പോൾ തന്നെ കേരള ചീഫ് സെക്രട്ടറി ടോം ജോസ് എവിടെയാണെന്ന് കോടതി ചോദിച്ചു. തുടർന്ന് മുന്നിലേക്ക് വിളിച്ചുവരുത്തിയ അദ്ദേഹത്തെ രൂക്ഷമായ ഭാഷയിലാണ് കോടതി ശകാരിച്ചത്. കേരളത്തിൽ എത്രപേർ പ്രകൃതി ദുരന്തങ്ങളിൽ മരിക്കുന്നുണ്ടെന്ന് അറിയാമോ എന്ന് കോടതി അദ്ദേഹത്തോട് ചോദിച്ചു. ദുരന്തമുണ്ടായാൽ ആദ്യം മരിക്കുക 4 ഫ്‌ളാറ്റുകളിലെ 300 കുടുംബങ്ങളാവും. ശക്തമായ വേലിയേറ്റമുണ്ടായാൽ ഒന്നും അവശേഷിക്കില്ലെന്നും കോടതി പറഞ്ഞു. ഉത്തരവ് നടപ്പാക്കാൻ എത്ര സമയം വേണമെന്നും കോടതി ചോദിച്ചു. ഫ്‌ളാറ്റ് പൊളിക്കാൻ മൂന്ന് മാസം വേണമെന്ന് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു. എന്നാൽ ഇത് അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. മൊത്തം തീരദേശനിർമാണങ്ങളെക്കുറിച്ചു പഠനം നടത്തേണ്ടിവരുമെന്നും കോടതി പറഞ്ഞു. വിഷയത്തിൽ ഇടപെടാൻ ശ്രമിച്ച ഹരീഷ് സാൽവേയെ കോടതി പലപ്പോഴും തടഞ്ഞു. കേസിന്റെ പല വശങ്ങളും സാൽവേയ്‌ക്ക് അറിയില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
അതേസമയം, വിഷയത്തിൽ സുപ്രീം കോടതിയുടെ ഉത്തരവ് പുറത്തുവന്നശേഷം പ്രതികരിക്കാമെന്ന് മന്ത്രി എ.സി.മൊയ്തീൻ അറിയിച്ചു. കോടതി അന്തിമമായി വിധിക്കുന്നത് എന്തായാലും അത് സർക്കാർ നടപ്പിലാക്കും. സർക്കാരിനെതിരെ കോടതി രൂക്ഷമായ ഭാഷയിൽ വിമർശനം നടത്തിയെന്ന് പറയുന്നത് ശരിയല്ല. കോടതി ചില നിരീക്ഷണങ്ങളാണ് നടത്തിയത്. പ്രളയ ദുരിതാശ്വാസം മറ്റ് സംസ്ഥാനങ്ങളേക്കാൾ മികച്ച രീതിയിലാണ് കേരളത്തിൽ നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.