woman-abused

ന്യൂഡൽഹി: റസ്റ്റോറന്റിൽ വച്ച് വനിതാ സി.ഇ.ഒയോട് യുവാക്കൾ മോശമായി പെരുമാറിയതായി പരാതി. തെക്കൻ ഡൽഹിയിലുള്ള ഗ്രെയ്റ്റർ കൈലാഷ് മാർക്കറ്റിലെ ഒരു റെസ്റ്റോ-ബാറിൽ വച്ചാണ് സംഭവം നടന്നത്. ഇവർ തന്നോടും ഒപ്പമുണ്ടായിരുന്ന കൂട്ടുകാരികളോടും അശ്ലീല ചുവയോടെ സംസാരിച്ചതായും അസഭ്യം പറഞ്ഞതായും യുവതി പറയുന്നു. റെസ്റ്റോറന്റ് ജീവനക്കാർ തന്നെ സഹായിക്കാനായി എത്തിയില്ലെന്നും യുവതി തന്റെ പരാതിയുടെ കുറ്റപ്പെടുത്തുന്നു. സംഭവത്തെ തുടർന്ന് ഡൽഹി പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും കുറ്റവാളികളെ ഉടൻ തന്നെ പിടികൂടുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ പൊലീസ് സമയത്ത് ആവശ്യവുമായ നടപടിയെടുത്തില്ല എന്ന് ആരോപണം ഉയർന്നിട്ടുണ്ട്. തനിക്ക് സംഭവിച്ച ദുരനുഭവം വിശദീകരിച്ച് യുവതി ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തി.

'റെസ്റ്റോറന്റിൽ രണ്ടു കൂട്ടുകാർക്ക് ഒപ്പമാണ് പോയത്. ഞങ്ങൾ ഇരുന്ന മേശയ്ക്ക് പിന്നിൽ രണ്ട് യുവാക്കൾ ഇരിപ്പുറപ്പിച്ചു. ഇതില്‍ ഒരു യുവാവ് മനഃപൂർവ്വം അയാളുടെ കൈ എന്റെ കസേരയിൽ വച്ചു. ഇതിൽ അസ്വസ്ഥത തോന്നിയ ഞാൻ കസേര മുന്നോട്ടു വലിച്ച് വീണ്ടും ഇരുന്നു. ഇതിന് പിന്നാലെ യുവാവിന്റെ കൂടെ ഉണ്ടായിരുന്ന വ്യക്തി എന്റെ കസേര ശക്തിയോടെ തളളി. ഇതിന്റെ ആഘാതത്തിൽ നിയന്ത്രണം നഷ്ടമായ ഞാൻ കസേരയ്ക്കൊപ്പം കറങ്ങി.' സി.ഇ.ഒ ഫേസ്ബുക്കിൽ കുറിച്ചു.

ഇത് ചോദ്യം ചെയ്തപ്പോൾ യുവാക്കൾ തന്നോടും കൂട്ടുകാരികളോടും അശ്ലീലം പറഞ്ഞുവെന്നും അസഭ്യ വാക്കുകൾ ഉപയോഗിച്ച് സംസാരിച്ചുവെന്നും യുവതി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. തന്റെ സ്വകാര്യ ഭാഗത്തേക്ക് വിരൽ ചൂണ്ടി യുവാക്കളിൽ ഒരാൾ മോശമായി സംസാരിച്ചുവെന്നും മറ്റേയാൾ തന്റെ മുഖത്തേക്ക് അയാളുടെ കാൽ നീട്ടി അതിൽ നക്കാൻ ആവശ്യപ്പെട്ടു എന്നും യുവതി തന്റെ കുറിപ്പിൽ പറയുന്നു. 'നിങ്ങളെ കണ്ടാൽ എന്റെ വേലക്കാരിയെ പോലെയാണെ'ന്നും 'നിങ്ങളെല്ലാം ദക്ഷിണ ഡൽഹിയിലെ ആന്റിമാരാണെ'ന്നും യുവാക്കൾ ഇവരോട് പറഞ്ഞു, പ്രശ്നം രൂക്ഷമായതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാർ ഇവരെ കൂട്ടികൊണ്ട് പോയെങ്കിലും ഇവർ വീണ്ടും വന്ന് തങ്ങളോട് തട്ടിക്കയറിയതായി യുവതി പറയുന്നു. അക്രമികളിൽ ഒരാളുടെ ചിത്രം യുവതികളുടെ കൂട്ടുകാരിൽ ഒരാൾ തന്റെ ഫോണിൽ പകർത്തിയിട്ടുണ്ട്.