mohanlal

'ഞാൻ ഇപ്പോൾ സ്ക്രീനിൽ കണ്ട ഈ 60 സെക്കന്റ് വീഡിയോ മലയാള സിനിമയിലേതു തന്നെയാണോ എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല'. ഈ വാക്കുകൾ നടൻ പൃഥ്വിരാജിന്റെതാണ്. പൃഥ്വി കണ്ട ആ 60 സെക്കന്റ് വീഡിയോ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന മോഹൻലാൽ ചിത്രത്തിന്റെതും. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന 'ആശീർവാദത്തോടെ മോഹൻലാൽ' എന്ന പരിപാടിയിൽ ചിത്രത്തിന്റെ സംവിധായകൻ പ്രിയദർശൻ തന്നെയാണ് സിനിമയുടെ വിഷ്വലുകൾ കോർത്തിണക്കിയ വീഡിയോ വേദിയിൽ പങ്കുവച്ചത്. മലയാള സിനിമ ഇതുവരെ കാണാത്ത വിസ്‌‌‌മയ ലോകം പ്രേക്ഷകന് സമ്മാനിക്കുന്ന ചിത്രം തന്നെയാണ് മരക്കാർ എന്നത് അരക്കിട്ടുറപ്പിക്കുന്നതായിരുന്നു ആ ചടങ്ങ്.

ഹോളിവുഡ് വാർ സിനിമകളെ വെല്ലുന്ന ദൃശ്യവിസ്‌മയമാണ് മരക്കാറിലൂടെ പ്രിയദർശൻ ഒരുക്കിയിരിക്കുന്നതെന്നന്ന് വ്യക്തം. മഹാസമുദ്രവും അതിലൂടെ ഒഴുകി നീങ്ങുന്ന പടുകൂറ്റൻ പായ്‌ക്കപ്പലുകളുമെല്ലാം അമ്പരിപ്പിക്കുന്നവയാണ്. നൂറ്റാണ്ടുകൾക്കു മുമ്പുള്ള അങ്ങാടി തെരുവുകളും കടലിൽ ബ്രിട്ടീഷുകാർക്കെതിരെ കുഞ്ഞാലി മരക്കാർ നയിക്കുന്ന വമ്പൻ യുദ്ധവുമെല്ലാം അക്ഷരാർദ്ധത്തിൽ വിസ്‌മയാവഹമാണ്. മോഹൻലാലിനൊപ്പം പ്രണവ് മോഹൻലാൽ, അർജുൻ, പ്രഭു, സുനിൽ ഷെട്ടി, മഞ്ജു വാര്യർ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, സിദ്ധിഖ്, ഫാസിൽ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ , കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോക്ടർ റോയ് , മൂൺ ഷോട്ട് എന്റെർറ്റൈൻമെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള എന്നിവർ ചേർന്ന് നിർമ്മിക്കുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം 2020ൽ പ്രദർശനത്തിനെത്തും.