kidilam-firoz

ജീവിതത്തിൽ ചെറിയ പ്രശ്നങ്ങൾ വരുമ്പോൾ പോലും തളർന്ന് പോകുന്നവരാണ് നമ്മളിൽ ഭൂരിഭാഗം ആളുകളും. ചെറിയ കാര്യങ്ങൾക്ക് പോലും പരാതി ഉള്ളവരും കുറവല്ല നമ്മുടെ സമൂഹത്തിൽ. അത്തരക്കാർ ഷൈജു എന്ന ചെറുപ്പക്കാരനെക്കുറിച്ച് അറിയാതെ പോകരുത്.

അപകടത്തിൽ ഇരുപത്തിരണ്ടാം വയസിൽ ചക്രക്കസേരയിലായതാണ് ഷൈജുവിന്റെ ജീവിതം. എന്നാൽ ഷൈജു തളർന്നില്ല. മറിച്ച് വിധിയോട് പോരാടി. സ്വന്തമായി ഓട്ടോറിക്ഷ എടുത്തു. കാൽ കൊണ്ട് പ്രവർത്തിപ്പിക്കേണ്ട യന്ത്ര ഭാഗങ്ങളൊക്കെ കൈ കൊണ്ട് ചെയ്യാവുന്ന രീതിയിൽ അതിന്റെ രൂപം മാറ്റി. ഇപ്പോൾ സ്വന്തമായി ഓട്ടോ ഓടി അമ്മയേയും കുടുംബത്തെയും നോക്കുന്നു. ഷൈജുവിനൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചുകൊണ്ട് കിടിലം ഫിറോസാണ് ഇക്കാര്യം ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഇതാണ് എന്റെ ഷൈജു .കല്ലമ്പലം സ്വദേശി. ബാംഗ്ലൂർ തിരുവനന്തപുരം റൂട്ട് സ്ഥിരമായി സഞ്ചരിച്ചിരുന്ന പ്രൈവറ്റ് ടൂർ കമ്പനി ബസ് ന്റെ ക്ലീനർ ആയിരുന്ന 22 കാരൻ ചെറുപ്പക്കാരന്റെ സ്വപ്നങ്ങളിലേക്ക് വിധി വന്നു കയറിയത് ഒരു ബസ് ന്റെ രൂപത്തിലാണ്.`സ്വന്തം ബസിനുള്ളിൽ ഉറങ്ങി കിടന്നിരുന്ന ഷൈജുവിന്റെ ദേഹത്തേയ്ക്ക് തന്നെ മറ്റൊരു ബസ് വന്നു ഇടിച്ചു കയറി. ഷൈജു ചക്രക്കസേരയിൽ ആയി. നിങ്ങൾ ചിന്തിക്കും, ഷൈജു തളർന്നു പോയെന്ന്. ഇല്ല!!! അരയ്ക്കു താഴെ ചക്രക്കസേരയിൽ ചലനശേഷി നഷ്ടപ്പെട്ടു ഒതുങ്ങി കൂടേണ്ട ചെറുപ്പക്കാരൻ സ്വന്തമായി ഒരു ഓട്ടോറിക്ഷ എടുക്കുന്നു. കാൽ കൊണ്ട് പ്രവർത്തിപ്പിക്കേണ്ട യന്ത്ര ഭാഗങ്ങളൊക്കെ കൈ കൊണ്ട് ചെയ്യാവുന്ന രീതിയിൽ അതിന്റെ രൂപം മാറ്റുന്നു. ഇപ്പൊ സ്വന്തമായി ഓട്ടോ ഓടി അമ്മയേം കുടുംബത്തെയും നോക്കുന്നു.
ഇനി പറയു, നിങ്ങൾക്ക് പരാതികളും സങ്കടങ്ങളും, എസ്ക്യൂസ്‌ കളും ഉണ്ടോ? ഈ ചിത്രം ഷൈജുവിന്റെ ഒരാഗ്രഹം നിറവേറിയ സമയത് എടുത്തതാണ്.നല്ല തണുത്ത വെള്ളത്തിൽ, സ്വിമ്മിങ് പൂളിൽ ഒന്ന് നീന്തണം.
ഞങ്ങൾ നീന്തി. ആവോളം.......