റാഞ്ചി: ഗോമാംസം വിറ്റെന്നാരോപിച്ച് ആൾക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു. 34 കാരനായ കലീം ബർലയാണ് കൊല്ലപ്പെട്ടത്. റാഞ്ചിയിലെ കുന്തി എന്ന സ്ഥലത്ത് ഞായറാഴ്ച രാവിലെ പത്ത് മണിയോടൊണ് സംഭവം. 34 കാരനെക്കൂടാതെ മറ്റ് രണ്ട് പേർക്കും ആൾക്കൂട്ട ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നിരോധിക്കപ്പെട്ട മാംസം വിറ്റെന്നാരോപിച്ച് പ്രദേശവാസികൾ ചിലരെ പിടികൂടി അക്രമിക്കുകയാണെന്ന് കറ പൊലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചിരുന്നെന്ന് ഡി.ഐ.ജി.എ.വി ഹോംകാർ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
വിവരം ലഭിച്ചയുടൻ പൊലീസെത്തി പരിക്കേറ്റ മൂന്നുപേരെയും രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ കലീം ആശുപത്രിയിൽവച്ച് മരണത്തിന് കീഴടങ്ങി. ബാക്കി പ്രതികൾക്കായി തെരച്ചിൽ ശക്തമാക്കിയെന്നും, ഇതിനായി പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.