പെർഫോമൻസ് ബൈക്കുകളുടെ കൂട്ടത്തിൽ ഇന്ത്യയിൽ വിപ്ലവമുണ്ടാക്കിയ ബൈക്കാണ് കെ.ടി.എമ്മിന്റെ ഡ്യൂക്ക് ശ്രേണിയിലെ വാഹനങ്ങൾ. 125 സിസിയുടെ എൻട്രി ലെവൽ ബൈക്കിൽ തുടങ്ങി 390 സിസിയുടെ കരുത്തൻ ഡ്യൂക്ക് വരെ ഇന്ത്യയിലെ നിരത്തുകളിൽ വൻ മാറ്റങ്ങളുണ്ടാക്കി. ആദ്യകാലങ്ങളിൽ കൊലയാളി വണ്ടിയെന്ന പേരുദോഷമുണ്ടായിരുന്നെങ്കിലും പിന്നീട് സുരക്ഷാ സംവിധാനങ്ങൾ പരിഷ്‌ക്കരിച്ച ഡ്യൂക്ക് നല്ലകുട്ടിയായി. ഇതിനിടയിൽ ഡ്യൂക്കിന്റെ ഏറ്റവും കരുത്തനായ ഡ്യൂക്ക് 790 ഇന്ത്യയിൽ അവതരിക്കുമെന്ന അഭ്യൂഹങ്ങൾ വാഹനപ്രേമികൾക്കിടയിൽ പ്രചരിക്കാൻ തുടങ്ങി. പിന്നെ അതിലേക്കുള്ള കാത്തിരിപ്പുകളും ചർച്ചകളും ആരംഭിച്ചു. ഒടുവിൽ ഇന്ത്യയിലെ ബൈക്ക് പ്രേമികളുടെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ട് കെ.ടി.എം തങ്ങളുടെ ഡ്യൂക്ക് 790 ഇന്ത്യയിൽ ഔദ്യോഗികമായി അവതരിപ്പിച്ചു.
ഡ്യൂക്ക് 790
കുതിച്ചുചാടാൻ വെമ്പി നിൽക്കുന്ന ലുക്കും അതിഭീകര പെർഫോമൻസ് മികവുമുള്ള ഡ്യൂക്ക് 790 അന്താരാഷ്ട്ര മാർക്കറ്റിൽ സ്‌കാൽപൽ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇതാദ്യമായാണ് ഇത്രയും കരുത്തുറ്റ ഒരു വാഹനത്തെ കെ.ടി.എം ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. പവർ ബൈക്ക് ശ്രേണിയിൽ കൂടുതൽ വാഹനങ്ങൾ കമ്പനി ഇന്ത്യയിൽ ഇറക്കുമെന്നതിന്റെ സൂചനയാണ് ഇതെന്നാണ് വാഹനവിപണിയിലെ സംസാരവിഷയം. ഇനി വാഹനത്തിലേക്ക് വന്നാൽ, ട്രെല്ലിസ് ഫ്രെയിം അടിസ്ഥാനമാക്കി അലൂമിനിയം റിയർ സബ് ഫ്രെയിമിലാണ് നിർമാണം. അതുകൊണ്ട് തന്നെ വാഹനത്തിന്റെ ഭാരം 189 കിലോയായി ഒതുക്കാനായി. 799 സിസി പാരലൽ ട്വിൻ മോട്ടോർ എഞ്ചിൻ 103 ബി.എച്.പി കരുത്തും 86 എൻ.എം ടോർക്കും നൽകും. 6 സ്പീഡ് ഗിയർ ബോക്‌സാണ്. ഇതാദ്യമായാണ് തങ്ങളുടെ മിഡിൽ വെയിറ്റ് മോട്ടോർ സെക്കിളിന് വേണ്ടി കെ.ടി.എം പാരലൽ ട്വിൻ മോട്ടോർ എഞ്ചിൻ ഉപയോഗിക്കുന്നത്. ബൈക്കിന് 612 ബി.എച്.പിയുടെ പവർ ടു വെയിറ്റ് റേഷ്യോ ഉണ്ട്. ഇത് എതിരാളികലായ ട്രയംഫ് സ്‌ട്രീറ്റ് ട്രിപ്പിൾ, ഡ്യൂക്കാറ്റി മോൺസ്‌റ്റർ 821 തുടങ്ങിയ വാഹനങ്ങളേക്കാൾ ഏറെ മുന്നിലാണ്. 2020ൽ ബി.എസ്.6 നിയമങ്ങൾ കർശനമാക്കുന്നതിനാൽ ആദ്യ വർഷം നൂറ് യൂണിറ്റ് മാത്രമേ ഇന്ത്യയിൽ പുറത്തിറക്കൂ എന്നാണ് വിവരം. 8.63 ലക്ഷം രൂപയാണ് ഡൽഹിയിലെ എക്‌സ് ഷോറൂം വില.
മറ്റ് പ്രത്യേകതകൾ
ലീൻ ആങ്കിൾ സെൻസിറ്റീവ് മോട്ടോർ സൈക്കിൾ സ്‌റ്റബിലിറ്റി കൺട്രോൾ സംവിധാനമുള്ള ബോഷിന്റെ എ.ബി.എസ് ആണ് വാഹനത്തിന് സുരക്ഷ നൽകുന്നത്. ഒമ്പത് രീതിയിൽ ക്രമീകരിക്കാവുന്ന ട്രാക്‌ഷൻ കൺട്രോൾ, അഡ്ജസ്‌റ്റബിൾ ത്രോട്ടിൾ റെസ്പോൺസ്, ലോഞ്ച് കൺട്രോൾ ഉള്ള സ്വിച്ചബിൾ എ.ബി.എസ് എന്നിവയും വാഹനത്തിലുണ്ട്.
നാല് റൈഡിംഗ് മോഡുകൾ: സ്‌പോർട്ട്, സ്ട്രീറ്റ്, റെയിൻ, ട്രാക്ക്.
43 എം.എം ഓപ്പൺ കാട്രിഡ്‌ജ് അപ്‌സൈഡ് ഡൗൺ ഫോർക്കാണ് മുന്നിൽ.
വൈറ്റ് പവർ കമ്പനിയുടെ ഗ്യാസ് അസിസ്‌റ്റഡ് പ്രോഗ്രസീവ് സ്പ്രിംഗ് ഉള്ള സസ്‌പെൻഷനാണ് പിന്നിൽ.
ഫുൾ കളർ ടി.എഫ്.ടി ഡിസ്‌പ്ലേയുള്ള മൾട്ടി ഫംഗ്ഷൻ ഡാഷ്‌ബോർഡും വാഹനത്തിലുണ്ട്.
നാല് രീതിയിൽ ഉയരം ക്രമീകരിക്കാവുന്ന ഹാൻഡിൽ ബാർ.
എൽ.ഇ.ഡി ഹെഡ് ലാംപ്, എൽ.ഇ.ഡി ഡേ ടൈം റണ്ണിംഗ് ലാംമ്പ്
1.7ലക്ഷം രൂപയുണ്ടെങ്കിൽ വണ്ടി വീട്ടിലെത്തിക്കാം
ബജാജ് ആട്ടോ ഫിനാൻസുമായി ചേർന്ന് ആകർഷകമായ ലോൺ വ്യവസ്ഥകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. 1.7 ലക്ഷം രൂപ ഡൗൺ പേയ്മെന്റായി നൽകിയാൽ വാഹനം സ്വന്തമാക്കാം. 7.75 പലിശ നിരക്കിൽ 19000 രൂപ വീതം മാസം അടച്ചാൽ മതി. രജിസ്ട്രേഷൻ, നികുതി എല്ലാം അടങ്ങിയ തുകയാണിത്.