കയർ മേഖല പുനർജനിക്കുമോ എന്ന തലക്കെട്ടിൽ കേരള കൗമുദി പ്രസിദ്ധീകരിച്ച ലേഖനം പ്രധാനമായും രണ്ടുവാദങ്ങളാണ് ഉയർത്തുന്നത്. ഒന്ന്, എൽ.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ച കയർ മേഖലയുടെ രണ്ടാം പുനഃസംഘടന ഫലപ്രാപ്തിയിലെത്തുന്നില്ല. രണ്ട്, രണ്ടാം പുനഃസംഘടന പ്രധാനമായി ഊന്നൽ നൽകിയ ആധുനികവത്കരണം തൊഴിലവസരം നഷ്ടപ്പെടുത്തും. എന്നാൽ കയർ മേഖലയുടെ പുനഃസംഘാടനത്തിന് പുതിയ വഴിയെന്ത് എന്നത് ലേഖകൻ ചർച്ച ചെയ്യുന്നതുമില്ല.
എന്താണ് നമ്മുടെ ദൗർബല്യം?
മുൻകാലത്തെപ്പോലെ കേരളത്തിന് കയറിൽ കുത്തകയില്ല. വ്യവസായമാകട്ടെ, തൊട്ടടുത്ത തമിഴ്നാട്ടിൽ ആഴത്തിൽ വേരുപിടിക്കുകയും ചെയ്തു. തൊണ്ടിന്റെയും ചകിരിയുടെയും ക്ഷാമം കേരളത്തെ തമിഴ്നാടിന്റെ ആശ്രിതരാക്കി. ചകിരി ഉത്പാദനം മാത്രമല്ല, കയർപിരിയും തമിഴ്നാട്ടിൽ വ്യാപകമായി. നമ്മിൽ നിന്ന് വിഭിന്നമായി യന്ത്രാടിസ്ഥാനത്തിലാണ് തമിഴ്നാട്ടിൽ വ്യവസായം സംഘടിപ്പിക്കപ്പെട്ടത്. ഉയർന്ന ഉത്പാദനക്ഷമതയും തൊണ്ടിന്റെയും ചകിരിയുടെയും സുലഭ്യതയും തമിഴ്നാട്ടിലെ വ്യവസായത്തെ പരിപോഷിപ്പിച്ചു. കയറുത്പന്ന മേഖലയിൽ നമുക്കുള്ളതാകട്ടെ, പരമ്പരാഗതമായ നൈപുണ്യവും.
കയറിന്റെയും ചകിരിയുടെയും ഉത്പാദനച്ചെലവിന്റെ ഗണ്യമായ കുറവ് തമിഴ്നാടിന്റെ മത്സരക്ഷമത വർദ്ധിപ്പിച്ചു. എന്നാൽ, കൂലിയോ അവകാശങ്ങളോ നിഷേധിക്കാൻ നമുക്കാവില്ല. അങ്ങനെ ഉത്പാദനച്ചെലവ് കുറയ്ക്കാനും പറ്റില്ല. ഉത്പാദനക്ഷമത വർദ്ധിപ്പിച്ചുകൊണ്ടേ, ഇതു സാദ്ധ്യമാകൂ. ഇതിനാകട്ടെ, നിയന്ത്രിത യന്ത്രവത്കരണമെന്ന സമീപനം ഇപ്പോഴെടുത്തതല്ല. നേരത്തെ സ്വീകരിച്ചതാണ്. പക്ഷേ, അതിന് അവലംബിച്ച തന്ത്രങ്ങളിലെ പിഴവു മൂലം വേണ്ടത്ര ഫലപ്രദമായില്ല. തൊണ്ടുസംഭരണത്തിന്റെയും കഥ ഇതുതന്നെ.
ഈ പശ്ചാത്തലത്തിൽ കയർ വ്യവസായത്തിന്റെ പുനർജനി എങ്ങനെ സാദ്ധ്യമാക്കാം? രണ്ടാം കയർ പുനഃസംഘടന ഉടലെടുക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. രണ്ടു ലക്ഷ്യങ്ങളാണ് ഇതു മുന്നോട്ടു വച്ചത്. ഒന്ന്, പരമ്പരാഗത കയർ കയറുത്പ്പന്ന മേഖലയുടെ സംരക്ഷണം. രണ്ട്, വ്യവസായത്തിന്റെ സമ്പൂർണമായ നവീകരണം. ഈ ലക്ഷ്യങ്ങൾ നേടാനാണ് രണ്ടു കൊല്ലത്തിലേറെയായി സർക്കാർ ശ്രമിക്കുന്നത്. ഇതിനെന്തു സംഭവിച്ചെന്ന് നോക്കാം.
ചകിരി ഉത്പാദനം
നാളികേര കൃഷിയുടെ ദൗർബല്യങ്ങളാണ് തൊണ്ടുസംഭരണത്തെയും ചകിരി ഉത്പാദനത്തെയും ബാധിച്ചത്. ശശികുമാർ ചൂണ്ടിക്കാണിക്കുന്നതു പോലെ തെക്കൻ കേരളത്തിലെ നാളികേര കൃഷിയുടെയും വിളവെടുപ്പിന്റെയും സ്വഭാവം ഫലപ്രദമായ സംഭരണത്തിനോ സംസ്കരണത്തിനോ സഹായകമല്ല. തൊണ്ടടിക്കുമ്പോൾ ഉപോത്പന്നമാകുന്ന ചകിരിച്ചോറ് വിൽക്കാനുമാകുന്നില്ല. ഉയർന്ന ഈർപ്പം, ഇലക്ട്രിക് കണ്ടക്ടിവിറ്റി എന്നിങ്ങനെയുള്ള പ്രതിബന്ധങ്ങളുണ്ട്. ഇതിനുകൂടി പരിഹാരം കാണാതെ ചകിരിയുത്പാദനം ലാഭകരമാക്കാനാവില്ല.
പുനഃസംഘടനയുടെ ഭാഗമായി 100 പുതിയ ചകിരി മില്ലുകൾ ഇതിനോടകം സ്ഥാപിച്ചു. അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ചകിരിമില്ലുകൾ ഏതു മേഖലയിൽ വേണമെന്നതൊക്കെ പുതുക്കി നിശ്ചയിക്കുന്നുമുണ്ട്. ലേഖനത്തിൽ പറയുന്നതുപോലെ ചകിരിയുത്പാദനം ക്രമേണ വടക്കൻ കേരളത്തിലേക്ക് മാറുന്നുണ്ട് എന്നത് വസ്തുതയാണ്. സംഘടിതമായ നാളികേര കൃഷിയും തൊണ്ട് ലഭ്യതയും ചകിരിയുടെ ഗുണനിലവാരവുമാണ് ഇതിന് കാരണം.
ചകരിച്ചോറ് കയറ്റുമതിക്കാർക്ക് കൈമാറുന്നതിനും മലബാറിന് ഭൂമിശാസ്ത്രപരമായ ചില സൗകര്യങ്ങളുണ്ട്. ഇതും കണക്കാക്കണം. വ്യവസായത്തിന് ചകിരി ലഭ്യമാക്കുക എന്നതാണ് പ്രധാനം. ഈ നീക്കത്തിൽക്കൂടി എന്തു നേട്ടമുണ്ടായി? ആകെ തൊണ്ടുത്പാദനത്തിന്റെ 2.5 ശതമാനമാണ് നേരത്തെ നാം ചകിരിയാക്കിയിരുന്നത്. ഇപ്പോഴത് ഒൻപത് ശതമാനമായി വർദ്ധിച്ചു. അതു ലാഭകരമായി നടത്താനാവും എന്ന് തെളിയിക്കപ്പെട്ടു. അടുത്ത വർഷം അവസാനത്തോടെ കേരളത്തിലെ തൊണ്ടിന്റെ 30 ശതമാനം ചകിരിയാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
2011 മുതൽ 16 വരെയുള്ള കാലത്ത് കയർഫെഡിന്റെ ആഭ്യന്തര ചകിരി സംഭരണം 784 ടൺ ആയിരുന്നു. കഴിഞ്ഞ രണ്ടരക്കൊല്ലം കൊണ്ട് 2500 ടൺ ചകിരിയാണ് കേരളത്തിനുള്ളിൽ നിന്ന് സംഭരിച്ചത്. ഈ വർദ്ധന ചകിരിയുത്പാദനത്തിൽ സ്ഥിരമായി കൊണ്ടുപോകാനായാൽ കയർ വ്യവസായത്തിന്റെ മുഖ്യദൗർബല്യങ്ങളിലൊന്നിന് പരിഹാരമാകും.
കയർ ഉത്പാദനം
പരമ്പരാഗത തൊഴിൽ സംരക്ഷണത്തെപ്പറ്റിപ്പറഞ്ഞല്ലോ. കയർഫെഡ് സംഭരിക്കുന്ന കയറിന്റെ കണക്കുകളാണ് ഇക്കാര്യത്തിൽ നമുക്കു സ്വീകരിക്കാവുന്ന മാനദണ്ഡം. 2011 -16 കാലത്ത് 34151 മെട്രിക് ടൺ കയറാണ് കയർ ഫെഡ് സംഭരിച്ചത്. ഇതിന്റെ വില 162.32 കോടി രൂപ. എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഇതുവരെ 45525.14 ടൺ കയർ സംഭരിച്ചു. 239 കോടി രൂപയാണ് ഇതിന്റെ സംഭരണവില. 2010-11ൽ 6500 ടൺ കയറാണ് സംഭരിച്ചത്. ഈ വർഷം പകുതി പിന്നിടുമ്പോൾ 15000 ടൺ സംഭരിച്ചു കഴിഞ്ഞു. ഇത് വർഷാവസാനം 30000 ടൺ ആയി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് വ്യക്തമാക്കുന്നത് വേലയും കൂലിയും ഉത്പാദനവും വർദ്ധിച്ചു എന്നാണ്. ഈ കണക്കുകളാണ് പരിശോധിക്കേണ്ടത്. ഇതു മതിയോ എന്നു ചോദിച്ചാൽ, പോര. കയർ ഉത്പാദനം ഒരു ലക്ഷം ടൺ ആയി ഉയർത്തണം. അതിന് പരമ്പരാഗത മേഖലയിലെ തൊഴിലാളികളെ സംരക്ഷിച്ചു കൊണ്ടുതന്നെ ഇലക്ട്രോണിക് റാട്ടുകളും ഓട്ടോമേറ്റിക് സ്പിന്നിംഗ് മില്ലുകളും സെൽഫ് ഫീഡിംഗ് പിരിയന്ത്രങ്ങളും വ്യാപകമാക്കുക എന്നതു തന്നെയാണ് തന്ത്രം. ഈ ഊന്നൽ രണ്ടാം പുനഃസംഘടനയിലുണ്ട്. ഉത്പാദനക്ഷമത പുനർനിർണയിച്ച് അതിനനുസരിച്ചുള്ള വേതനവും സൗകര്യങ്ങളും ലഭ്യമാക്കുന്നതിലേക്കാണ് ഈ വ്യവസായം വളരേണ്ടത്.
അയൽസംസ്ഥാനങ്ങളുടെ ഉത്പാദനക്ഷമതയോളം നമുക്കും ഉയരാനായില്ലെങ്കിൽ, അവരുടെ കുറഞ്ഞ വിലയ്ക്കുള്ള കയർ നമ്മുടെ വിപണി കീഴടക്കുക തന്നെ ചെയ്യും.
ഈ കയറൊക്കെ
എന്തു ചെയ്യും?
34000 ടണ്ണിൽനിന്ന് ഉത്പാദനം ഒരു ലക്ഷം ടണ്ണായാൽ കയറൊക്കെ എന്തു ചെയ്യും? അതുപയോഗിച്ചുള്ള ഉത്പന്ന വ്യവസായം ശക്തിപ്പെടണം. പരമ്പരാഗത കയറുത്പന്നങ്ങൾക്കു പുറമെ മണ്ണ് - ജല സംരക്ഷണത്തിനായി കയർ ഭൂവസ്ത്രം വ്യാപകമായി നിർമ്മിക്കാനൊരുങ്ങിയത് ഈ പശ്ചാത്തലത്തിലാണ്. പരമ്പരാഗത മേഖലയിലെ കയറുത്പന്നങ്ങൾ സർക്കാർ സ്കീമിൽ സംഭരിക്കുന്നതിന് ഒരു ലോപവും കാണിച്ചിട്ടില്ല. കയർ ഭൂവസ്ത്രവ്യാപനം ലേഖകനും അംഗീകരിക്കുന്നു.
പി.ഡബ്ല്യു.ഡി റോഡു നിർമ്മാണത്തിന് കയർ ഭൂവസ്ത്രം ഉപയോഗിക്കുന്നതിനുള്ള സർക്കാർ തീരുമാനമാണ് ആദ്യത്തേത്. സെൻട്രൽ പി.ഡബ്ല്യു.ഡിയും ഇതേ തീരുമാനം പിന്തുടരുമെന്നത് പ്രതീക്ഷാ നിർഭരമാണ്. കയർ ഭൂവസ്ത്രത്തിന്റെ ബോധപൂർവമായ ഡിമാൻഡ് വർദ്ധനയ്ക്കാണ് സർക്കാർ പരിശ്രമിക്കുന്നത്. കയർ ഉത്പ്പന്ന സംഭരണ വളർച്ചയുടെ കണക്കുകൂടി പരിശോധിക്കാം. കയർ കോർപറേഷൻ 2011 -15 കാലത്ത് സംഭരിച്ച പരമ്പരാഗത ഉത്പ്പന്നങ്ങൾ 392 കോടിയുടേതാണ്. ഈ സർക്കാരിന്റെ മൂന്നു കൊല്ലം കൊണ്ട് 510 കോടി രൂപയുടെ സംഭരണമാണ് നടന്നത്.
തെക്കൻ കേരളത്തിലെ കയറുത്പ്പന്ന സഹകരണ സംഘങ്ങളെ ആധുനിക യന്ത്രാടിസ്ഥാനത്തിൽ പുനഃസംഘടിപ്പിക്കുന്നതിനുള്ള പരിപാടികൾ പുരോഗമിക്കുന്നു. പുതിയ തലമുറയ്ക്ക് പണിയെടുക്കാൻ പാകത്തിൽ സാങ്കേതികമായി നവീകരിച്ചൊരു വ്യവസായമാണ് ലക്ഷ്യം.
ഉത്പാദനത്തിലും നവീകരണ അഭിവൃദ്ധി ലക്ഷ്യങ്ങളിലും കയർ വ്യവസായം സ്തംഭിച്ചു നിൽക്കുകയല്ല. മുന്നോട്ടു പോവുക തന്നെയാണ്