അമ്പത് പൈസയുടെ നാണയം ഇപ്പോൾ കാണാറുണ്ടോ ? നിത്യോപയോഗ ഇടപാടുകളിൽ അമ്പത് പൈസയുടെ സ്ഥാനം പുറത്തായിട്ട് നാളേറെയായി. എന്നാൽ കേവലം 49 പൈസ നൽകിയാൽ പത്തുലക്ഷം രൂപയുടെ ഇൻഷുറൻസ് സുരക്ഷ ലഭിക്കുമെന്ന് പറഞ്ഞാൽ ഒരു പക്ഷേ ആരും വിശ്വസിക്കുകയില്ല. ഇന്ത്യൻ റെയിൽവേയ്സ് കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷനാണ് ഓൺലൈൻ വഴി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരിൽ നിന്നും കേവലം 49 പൈസ ഈടാക്കി പത്ത് ലക്ഷം രൂപയുടെ ഇൻഷുറൻസ് യാത്രക്കാർക്കായി നൽകുന്നത്. യാത്രയ്ക്കിടെ എന്തെങ്കിലും അപകടം സംഭവിക്കുകയാണെങ്കിൽ ഇൻഷുറൻസ് ചെയ്തവർക്ക് തുക ലഭിക്കും. മരണമോ, സ്ഥിരമായ വൈകല്യമോ സംഭവിച്ചാൽ പരമാവധി ലഭിക്കുക പത്ത് ലക്ഷം രൂപയാണ്. അതേസമയം ഭാഗികമായുള്ള വൈകല്യത്തിന് ഏഴര ലക്ഷവും ലഭിക്കും. അപകടത്തിന്റെ ഫലമായി ചികിത്സ വേണ്ടി വന്നാൽ രണ്ടു ലക്ഷം വരെ ഈ പദ്ധതിപ്രകാരം ലഭിക്കും.
ഇൻഷുറൻസ് എടുക്കാൻ
ട്രെയിൻ യാത്രയ്ക്കായി ഐആർസിടിസി വെബ് സൈറ്റിലൂടെയോ മൊബൈൽ ആപ്പുവഴിയോ ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഇന്ത്യൻ പൗരൻമാർക്കാണ് യാത്രയിൽ ഇൻഷുറൻസ് എടുക്കാനാവുന്നത്. യാത്രചെയ്യുന്ന ഓരോരുത്തർക്കുമായി 49 പൈസ വീതം ഇതിനായി നൽകണം. അഞ്ച് വയസിനു താഴെയുള്ള കുട്ടികളെ ഈ പദ്ധതിയിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു. ട്രെയിനിലെ എല്ലാ ക്ലാസുകളിലും സഞ്ചരിക്കുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷ ഒരുക്കിയിട്ടുണ്ട്. ടിക്കറ്റ് ഓൺലൈനായി എടുക്കുമ്പോൾ സൈറ്റിൽ ട്രാവൽ ഇൻഷുറൻസ് എന്ന് നൽകിയിട്ടുള്ള ഭാഗത്ത് ക്ലിക്ക് ചെയ്ത് ഇൻഷുറൻസ് എടുക്കാനാവും. ഇൻഷുറൻസ് സംബന്ധിച്ച വിവരങ്ങൾ മെയിലായി ഉപഭോക്താവിന് ലഭിക്കും. ഈ മെയിലിലുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ നൽകാനാവും.