കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ വൻകുതിച്ചു ചാട്ടത്തിനായി കൊണ്ടുവന്ന കിഫ്ബിയെ അഴിമതി നടത്താനുള്ള ഒന്നാന്തരം ഉപാധിയായി മാറ്റിയിരിക്കുകയാണ് സി.പി.എമ്മും ഇടതു സർക്കാരും. മലബാറിന്റെ ജനജീവിതത്തിലും വികസനത്തിലും വൻകുതിപ്പ് ലക്ഷ്യം വയ്‌ക്കുന്ന കണ്ണൂർ എയർപോർട്ട് അതോറിറ്റി എന്ന കിയാലിനെയും അഴിമതിയുടെ തൊഴുത്തായി മാറ്റിയിരിക്കുന്നു.
കോടികളുടെ പൊതുപണത്തിന്റെ ഇടപാട് നടക്കുന്ന രണ്ടു സ്ഥാപനങ്ങളിലും ഭരണഘടനാ സ്ഥാപനമായ സി.ആന്റ് എ.ജിയുടെ പരിശോധന വേണ്ടെന്ന അമ്പരപ്പിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിരിക്കുന്നത്.
യു.ഡി.എഫ് ഭരണകാലത്ത് 1999 ൽ കൊണ്ടുവന്ന കിഫ്ബി നിയമത്തിൽ സി.എ.ജിക്ക് കിഫ്ബി ഫണ്ടുകൾ ഓഡിറ്റ് ചെയ്യാനുള്ള അധികാരം നൽകിയിരുന്നു. കിഫ്ബി നിയമത്തിൽ കിഫ്ബി ഫണ്ട് സ്‌കീമിനായി ഉണ്ടാക്കിയ ചട്ടം 16 (6) പ്രകാരമാണ് സി.എ.ജിക്ക് കിഫ്ബി ഫണ്ടുകൾ ഓഡിറ്റ് ചെയ്യാനുള്ള അധികാരം നൽകിയിരുന്നത്. എന്നാൽ 2010ലും, 2016 ലും എൽ.ഡി.എഫ് സർക്കാർ കൊണ്ടുവന്ന നിയമ ഭേദഗതികളിലൂടെ സി.എ.ജിക്കു നൽകിയിരുന്ന അധികാരം എടുത്തു കളയുകയായിരുന്നു.
സർക്കാരിന്റെ വിചിത്ര മറുപടി
അനുമതി നിഷേധിച്ചു കൊണ്ട് സർക്കാർ സി.എ.ജിക്ക് നൽകിയ മറുപടി വിചിത്രമാണ്. നിലവിലെ കിഫ്ബി ആക്‌ട് പ്രകാരം സി.എ.ജിക്ക് ഓഡിറ്റ് അനുമതിയില്ലെന്നും അതുചെയ്‌താൽ നിക്ഷേപകർക്ക് തെറ്റായ സന്ദേശം നൽകുമെന്നുമായിരുന്നു സർക്കാരിന്റെ മറുപടി.
ഓഡിറ്റിംഗിന് അനുമതി നിഷേധിച്ചു കൊണ്ടുള്ള സർക്കാരിന്റെ കത്തിന് 2/8/2018 ൽ സി.എ.ജി നൽകിയ മറുപടി സർക്കാരിന്റെ വാദങ്ങളെ പൂർണമായും തള്ളിക്കളയുന്നു.
കിയാലിന്റെ കഥയും വ്യത്യസ്‌തമല്ല. യു.ഡി.എഫ് ഭരിച്ചിരുന്ന 2015 -16 സാമ്പത്തികവർഷം വരെ കണ്ണൂർ എയർപോർട്ടിലെ അക്കൗണ്ടുകൾ സി.എ.ജി ഓഡിറ്റിന് വിധേയമാക്കിയിരുന്നു. എന്നാൽ ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം 28 ജൂൺ 2017 ലാണു കിയാൽ അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്യാൻ സി.എ.ജിക്കു അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി അന്നത്തെ കിയാൽ എം.ഡി. സി.എ.ജിക്കു കത്ത് നൽകിയത്.
ഈ കത്തിൽ ഉയർത്തിയ വാദങ്ങൾ വിചിത്രവും വസ്തുതാവിരുദ്ധവുമായിരുന്നു. കിയാലിൽ സർക്കാരിന് വെറും 35 ശതമാനം മാത്രമേ ഓഹരികൾ ഉള്ളൂ എന്നും അതിനാൽ കമ്പനി ആക്‌ട് പ്രകാരം സർക്കാർ കമ്പനിയല്ല എന്നുമാണ് കിയാൽ നൽകിയ കത്തിൽ പറയുന്നത്.
ഇതിനു സി.എ.ജി നൽകിയ മറുപടി കിയാലിന്റെ വാദങ്ങളെല്ലാം പൊള്ളയാണെന്ന് തെളിയിക്കുന്നു. കിയാലിൽ സർക്കാരിനും, പൊതുമേഖല സ്ഥാപനങ്ങൾക്കും കൂടി 65 ശതമാനത്തോളം ഓഹരികളുണ്ടെന്ന വസ്തുത സി.എ.ജി മറുപടിയിൽ ചൂണ്ടിക്കാട്ടി. അതിനാൽ ഇത് സർക്കാർ കമ്പനിയാണെന്നും, കമ്പനി നിയമപ്രകാരം ഈ കമ്പനിയെ 'ഡീംഡ് കമ്പനിയായി' കണക്കാക്കി സി.എ.ജി ഓഡിറ്റിന് വിധേയമാക്കണമെന്നും സി.എ.ജി പറഞ്ഞു. കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയത്തിൽ നിന്നും ഇത് സംബന്ധിച്ചു വ്യക്തത വരുത്തിയ ശേഷമാണ് സർക്കാരിന് മറുപടി നൽകിയതെന്നും സി.എ.ജി കത്തിൽ വ്യക്തമാക്കുന്നുണ്ട്.
സർക്കാരിന്റെ വാദം പൊള്ളയാണെന്ന് സി.എ.ജി തെളിയിച്ചിട്ടും, കിയാൽ അക്കൗണ്ടുകളിൽ ഓഡിറ്റിന് അനുമതി നൽകാത്തത് ദുരൂഹമാണ്. ഇതിന്റെ കാരണം അധികം തിരയേണ്ടതില്ല. 2015 -16 വർഷത്തിലെ സി.എ.ജി ഓഡിറ്റ് റിപ്പോർട്ടിൽത്തന്നെ ഇതിനുള്ള മറുപടിയുണ്ട്.
കിഫ്ബിയിലും കിയാലിലും എന്തുകൊണ്ട് സി.എ.ജി ഓഡിറ്റിംഗ് അനുവദിക്കുന്നില്ല എന്നതിൽ തെറ്റിദ്ധാരണ സൃഷ്‌ടിച്ചും പുകമറ പരത്തിയും രക്ഷപ്പെടാനാണ് മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും ശ്രമിക്കുന്നത്.
കിഫ്ബി നിയമ ഭേദഗതി നിയമസഭയിൽ ചർച്ചയ്‌ക്ക് വന്നപ്പോൾ തന്നെ കിഫ്ബി കണക്കുകൾ നിയമസഭയിൽ വയ്‌ക്കാതിരിക്കുന്നതിന്റെയും ഓഡിറ്റിംഗ് നടക്കാത്തതിന്റെയും അപകടം പ്രതിപക്ഷ നേതാവെന്ന നിലയ്‌ക്ക് ഞാൻ ചൂണ്ടിക്കാട്ടിയിരുന്നു. 2016 ലാണ് കിഫ്ബി ഭേദഗതി ബിൽ നിയമസഭ പാസാക്കിയത്. അതിന്റെ മൂന്നാംവായന വേളയിൽ ഇക്കാര്യം കൃത്യമായി ഞാൻ ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷേ ഉറപ്പുകളൊന്നും പാലിക്കാതെ ധനമന്ത്രി സഭയെ കബളിപ്പിക്കുകയായിരുന്നു.
തുടങ്ങിയിടത്ത്
നിൽക്കുന്ന കിഫ്ബി
അഞ്ച് വർഷം കൊണ്ട് 50000 കോടി രൂപയുടെ വികസന പ്രവർത്തനം നടത്തുമെന്ന് അവകാശപ്പെട്ട് രൂപീകരിച്ച കിഫ്ബി ഒച്ചിഴയുന്ന വേഗത്തിലാണ് നീങ്ങുന്നത്. അടിസ്ഥാന സൗകര്യ വികസനനിധി 45,380.37 കോടി രൂപയുടെ പദ്ധതികൾ അനുവദിച്ചെങ്കിലും നിർമാണം തുടങ്ങിയത് വെറും 7031 കോടിയുടെ പദ്ധതികൾ മാത്രം. 558 ഓളം പദ്ധതികളിൽ തുടങ്ങിയത് 228 എണ്ണം മാത്രം. കരാറുകാർക്ക് ഇതുവരെ നൽകിയത് വെറും 2300 കോടിരൂപ മാത്രവും. സംസ്ഥാനത്തെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ നിരവധി പദ്ധതികൾക്ക് അംഗീകാരം നൽകുന്നതല്ലാതെ കിഫ്ബിയിൽ മറ്റൊന്നും നടക്കുന്നില്ല.
വരാനിരിക്കുന്നത്
ഭീമമായ കടബാധ്യത
സംസ്ഥാന ബജറ്റിന് പുറത്ത് അൻപതിനായിരം കോടിയുടെ പദ്ധതികൾ കിഫ്ബിയിലൂടെ നടപ്പിലാക്കും എന്നായിരുന്നു എൽ.ഡി.എഫ് സർക്കാരിന്റെ അവകാശവാദം. പ്രവാസി ചിട്ടി, ഫ്രീ ഫ്‌ളോട്ടിങ് ബോണ്ടുകൾ, നബാർഡിന്റെ വാണിജ്യബാങ്കു വായ്‌പ എന്നിവയിലൂടെ ഫണ്ട് സമാഹരിക്കാനായിരുന്നു കിഫ്ബി തീരുമാനിച്ചിരുന്നത്. 2017 ൽ ധനമന്ത്രി തോമസ് ഐസക് പറഞ്ഞത് വിദേശപണ കമ്പോളത്തിൽനിന്നും 1.53 ശതമാനം പലിശയ്‌ക്ക് വായ്‌പ നൽകാൻ പലരും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും, 30 വർഷത്തെ തിരിച്ചടവ് കാലാവധി ലഭിക്കുമെന്നുമാണ്. എന്നാൽ ധനമന്ത്രി പറഞ്ഞിരുന്നതിൽ നിന്നും വിപരീതമായി ആറുമാസത്തിനു തിരിച്ചടവ് കാലാവധിയാരംഭിക്കുന്ന, ഒൻപത് ശതമാനത്തിനടക്കം പലിശയുള്ള വായ്‌പകളാണ് കിഫ്ബി എടുത്തു കൊണ്ടിരിക്കുന്നത്. സർക്കാരിന്റെ സഞ്ചിത നികുതി ഗ്യാരണ്ടിയായി നൽകി ലഭ്യമാക്കുന്ന വായ്‌പകളാണ് ഇവയെല്ലാം. ഇതിന്റെ തിരിച്ചടവ് ബാദ്ധ്യത മുഴുവൻ സംസ്ഥാന സർക്കാരിനും അതുവഴി പൊതുജനങ്ങൾക്കുമാണ്.
മസാല ബോണ്ട്:
കൊള്ളപലിശ,അഴിമതി
കിഫ്ബി പുറത്തിറക്കിയ 2150 കോടിയുടെ മസാല ബോണ്ടുകൾ വാങ്ങിയത് കേരളത്തിലിന്നും കത്തിനിൽക്കുന്ന വലിയ അഴിമതിക്കഥയുടെ നായകരായ എസ്.എൻ.സി ലാവ്‌ലിൻ കമ്പനിയെ നയിക്കുന്ന കനേഡിയൻ ഫണ്ടിംഗ് ഏജൻസിയായ സി.ഡി.പി ക്യുവാണെന്നത് ഞെട്ടലോടെയാണ് കേരളം തിരിച്ചറിഞ്ഞത്. വളരെ ആസൂത്രിതമായും ഗൂഢമായും നടത്തിയ നീക്കങ്ങളിലൂടെയാണ് ഇത് നടപ്പാക്കിയത്.
ലണ്ടൻ സ്റ്റോക്ക് എക്‌സേഞ്ചിൽ പബ്ളിക് ഇഷ്യൂ ആയാണ് മസാലാ ബോണ്ടുകൾ ലിസ്റ്റ് ചെയ്‌തതെന്നും ലോകത്താർക്കും അത് വാങ്ങാമെന്നും സി.ഡി.പി.ക്യൂ വന്ന് വാങ്ങിയതിൽ ഞങ്ങളെന്തു ചെയ്യാനാണെന്നുമായിരുന്നു ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞിരുന്നത്. പക്ഷേ എല്ലാം പെരുംകള്ളങ്ങളായിരുന്നു. പബ്ളിക് ഇഷ്യൂ ആയിട്ടല്ല, പ്രൈവറ്റ് ഇഷ്യൂ ആയിട്ടാണ് മസാലാ ബോണ്ട് ആദ്യം പ്‌ളേസ് ചെയ്തതെന്നതിന്റെ തെളിവ് ലണ്ടൻ സ്റ്റോക്ക് എക്‌സേഞ്ചിലെ രേഖകൾ തന്നെയായിരുന്നു.
മസാലാ ബോണ്ട് വൻ നഷ്‌ടമാണുണ്ടാക്കിയത്. 2150 കോടിയുടെ മസാല ബോണ്ട് സി.ഡി.പി.ക്യു വാങ്ങിയിരിക്കുന്നത് അഞ്ച് വർഷത്തേക്കാണ്. 9.72 ശതമാനം പലിശ. അതായത് അഞ്ചുവർഷം കൊണ്ട് 1045 കോടി രൂപ പലിശയായി നൽകണം. എടുത്ത കടത്തിന്റെ ഏതാണ്ട് പകുതിയോളം പലിശ. 2150 കോടി രൂപക്ക് അഞ്ച് വർഷം കൊണ്ട് 3195 കോടി രൂപ പലിശയടക്കം നൽകേണ്ടി വരും.
2019 -20 സാമ്പത്തിക വർഷത്തിൽ ഇതിനകം തന്നെ പലിശയിനത്തിൽ മാത്രം മസാല ബോണ്ടുകളിൽ 10 കോടിയുടെ നഷ്‌ടമുണ്ടായെന്നാണ് പുറത്തു വന്നിട്ടുള്ള വിവരം.
സി.എ.ജി ഓഡിറ്റിംഗ് എന്ന വലിയ കടമ്പയില്ലാതെ അഴിമതി നടത്താനുള്ള സംവിധാനമാക്കി കിഫ്ബിയെയും കിയാലിനെയും മാറ്റിയിരിക്കുന്നു. പൊതുപണം അങ്ങനെ തട്ടിയെടുക്കുന്നത് അനുവദിക്കാനാവില്ല.