ലണ്ടൻ: സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാനാവാതെ വന്നതോടെ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന അന്താരാഷ്ട്ര ട്രാവൽ ഏജൻസി 'തോമസ് കുക്കിനെ' പാപ്പരായി പ്രഖ്യാപിച്ചു. കമ്പനി അടച്ചുപൂട്ടി. തോമസ് കുക്കിന്റെ നൂറിലേറെ വിമാനങ്ങൾ തിരിച്ചിറക്കി. 20,000ത്തോളം ജീവനക്കാർക്ക് തൊഴിൽ നഷ്ടമായി. ഓഫീസുകളുടെ പ്രവർത്തനവും വിമാന സർവീസുകളും നിറുത്തിയതായി കമ്പനി ട്വിറ്ററിലൂടെ അറിയിച്ചു. ആയിരക്കണക്കിന് ഉപഭോക്താക്കൾ പെരുവഴിയിലായി. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്ക് ലോകത്താകമാനം ഓഫീസുകളും ആയിരക്കണക്കിന് ഉപഭോക്താക്കളുമുണ്ടായിരുന്നു. 'തോമസ് കുക്ക് ഇന്ത്യ' വേറെ കമ്പനി ആയതിനാൽ പ്രതിസന്ധി ബാധിക്കില്ലെന്ന് അധികൃതർ പറയുന്നു.
ആഗോള സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് 178 വർഷം പഴക്കമുള്ള ബ്രിട്ടീഷ് ട്രാവൽ ഏജൻസി തോമസ് കുക്കിനെ പാപ്പരായി പ്രഖ്യാപിച്ചത്. പ്രതിസന്ധി മറികടക്കാൻ വേണ്ടിയിരുന്ന 2000 കോടി രൂപ നൽകാൻ ബാങ്കുകളോ നിക്ഷേപകരോ തയ്യാറാകാത്തതാണ് കാരണം. പിടിച്ചുനിൽക്കാനുള്ള അവസാനശ്രമവും പരാജയപ്പെട്ടതിനെ തുടർന്നാണ് കമ്പനി പൂട്ടിയത്.
യാത്രക്കാർ പെരുവഴിയിൽ
തോമസ് കുക്ക് മുഖേന വിമാനയാത്രകളും ഹോട്ടലുകളും ബുക്ക് ചെയ്തവർ യൂറോപ്പിന്റെ പലഭാഗത്തായി കുടുങ്ങിക്കിടക്കുകയാണ്. ഇവരിൽ മിക്കവരും വിനോദസഞ്ചാരികളാണ്. അതേസമയം, വിനോദസഞ്ചാരികൾ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ബ്രിട്ടീഷ് സർക്കാരിന്റെ പ്രതികരണം. കമ്പനിയുടെ ഒന്നരലക്ഷത്തോളം വിനോദസഞ്ചാരികളെ ചാർട്ടർ വിമാനങ്ങളിൽ ബ്രിട്ടീഷ് സർക്കാർ സൗജന്യമായി തിരികെ അതത് സ്ഥലങ്ങളിൽ എത്തിക്കുമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്. ആരും യാത്ര വെട്ടിച്ചുരുക്കേണ്ട ആവശ്യമില്ലെന്നും അധികൃതർ അറിയിച്ചു.
ഇന്ത്യയിലെ തോമസ് കുക്കിന് പ്രശ്നമില്ല
ബ്രിട്ടനിലെ തോമസ് കുക്കുമായി തങ്ങൾക്ക് ബന്ധമില്ലെന്ന് 'തോമസ് കുക്ക് ഇന്ത്യ" അറിയിച്ചു. തോമസ് കുക്ക് ഇന്ത്യയുടെ ഭൂരിഭാഗം ഓഹരികളും ഫെയർഫാക്‌സ് ഫിനാൻഷ്യൽ ഹോൾഡിംഗ്സിന്റെ കൈവശമാണെന്നും തോമസ്‌കുക്ക് യു.കെയ്ക്ക് തോമസ് കുക്ക് ഇന്ത്യയിൽ പങ്കാളിത്തമില്ലെന്നും കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി.