weapons

ചണ്ഡിഗഡ്: ഇന്ത്യ പാക് അതിർത്തിയിൽ ഡ്രോൺ ഉപയോഗിച്ചെത്തിച്ച വൻ ആയുധശേഖരം പഞ്ചാബ് പൊലീസ് പിടികൂടി. പഞ്ചാബിലെ തരൻ താരൻ ജില്ലയിൽ നിന്ന് നാല് ഭീകരരെയും അറസ്റ്റ് ചെയ്തു. ഇതോടെ പഞ്ചാബിലും സമീപ സംസ്ഥാനങ്ങളിലും ആക്രമണ പരമ്പര നടത്താനുള്ള നിരോധിത സംഘടനയായ ഖാലിസ്ഥാൻ സിന്ദാബാദ് ഫോഴ്സിന്റെ പദ്ധതി പരാജയപ്പെട്ടതായി പൊലീസ് അറിയിച്ചു.


ബൽവന്ത് സിംഗ്, ആകാശ് ദീപ്, ഹർഭജൻ സിംഗ്, ബൽബീർ സിംഗ് എന്നിവരാണ് പിടിയിലായത്. ആകാശ് ദീപ്, ബൽവന്ത് സിംഗ് എന്നിവർക്കെതിരെ സ്‌ഫോടനം ഉൾപ്പെടെ നിരവധി കേസുകൾ നിലവിലുണ്ട്. ഇവരിൽ നിന്ന് എ.കെ 47 റൈഫിളുകളും ഗ്രനേഡും പിസ്റ്റളുകളുമുൾപ്പെടെ വൻ ആയുധശേഖരമാണ് പിടിച്ചെടുത്തത്. സാറ്റലൈറ്റ് ഫോണുകളും 10 ലക്ഷം രൂപയും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. ഹിന്ദു ഉത്സവങ്ങൾ, ഹൈന്ദവ രാഷ്ട്രീയ നേതാക്കൾ എന്നിവരെ ആക്രമിക്കുകയായിരുന്നു ലക്ഷ്യമെന്ന് ഇവർ പൊലീസിന് മൊഴി നൽകി. ഐ.എസ്.ഐയുടെ സഹായം ഇവർക്ക് ലഭിച്ചിരുന്നതായാണ് വിവരം. സെപ്തംബർ നാലിന് തരൻ താരൻ ജില്ലയിലുണ്ടായ സ്‌ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് പൊലീസ് സംസ്ഥാനത്ത് ജാഗ്രത വർദ്ധിപ്പിച്ചത്.

കാശ്മീരും പഞ്ചാബും മറ്റ് അതിർത്തി മേഖലകളും കേന്ദ്രീകരിച്ച് ആക്രമണം നടത്തുകയെന്ന ലക്ഷ്യത്തോടെ നുഴഞ്ഞുകയറ്റം വർദ്ധിച്ചത് ശ്രദ്ധയിൽ പെട്ടതായി പൊലീസ് ഡയറക്ടർ ജനറൽ ദിൻകർ ഗുപ്ത മാദ്ധ്യമങ്ങളെ അറിയിച്ചു.

ഖാലിസ്ഥാൻ സിന്ദാബാദ് ഫോഴ്സിന്റെ തലവൻ രഞ്ജിത് സിംഗും ജർമനി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗുർമീത് സിംഗുമാണ് സംസ്ഥാനത്ത് സംഘടനാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായതിനാൽ വിഷയം എൻ.ഐ.എയ്ക്ക് കൈമാറി. സംസ്ഥാനത്തിനകത്തേക്കുള്ള നുഴഞ്ഞുകയറ്റവും ഡ്രോൺ ഉപയോഗിച്ച് ആയുധം കടത്തുന്നതും തടയുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

-പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്