tragic-love-story

ടാൻസാനിയ:' ദിനംതോറും നിന്നോടുള്ള പ്രണയം എന്നിൽ ഇരട്ടിക്കുകയാണ്.

പ്രിയപ്പെട്ടവളേ, നിനക്കെന്റെ ഭാര്യയാകാമോ?. എന്നെ വിവാഹം കഴിക്കാമോ?' നാളുകളായി മനസിലൊളിപ്പിച്ച പ്രണയം സ്റ്റീവൻ വെബർ കടലിനടിയിൽ വച്ച് പുറത്തെടുത്തു. വിവാഹമോതിരം നീട്ടി.

കാലങ്ങളായി കാതോർത്തിരുന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ കെനേഷ അന്റോയിന് പറയാനുണ്ടായിരുന്നുള്ളൂ. 'സമ്മതമാണ് നൂറുവട്ടം.'

പക്ഷേ, അത് കേൾക്കാൻ സ്റ്റീവനായില്ല. കടലിന്റെ ആഴങ്ങളിലേക്കവൻ മുങ്ങിപ്പോയി. അവന്റെ പ്രണയം മരണം കവർന്നെടുത്തു.

അവധിയാഘോഷിക്കാൻ ടാൻസാനിയയിലെ പേമ്പ ദ്വീപിലെത്തിയതായിരുന്നു ലൗസിയാന സ്വദേശി സ്റ്റീവൻ വെബറും കെനേഷ അന്റോയിനും. 'മാന്റ റിസോർട്ടിൽ' കടലിനടിയിൽ മുറിയുള്ള കാബിനിൽ തങ്ങുകയായിരുന്നു ഇരുവരും. കടലിനടിയിൽ വച്ച് വിവാഹാഭ്യർത്ഥന നടത്താനായിരുന്നു സ്റ്റീവന്റെ പദ്ധതി. ഇതിനായി വെള്ളത്തിനടിയിലേക്ക് സ്റ്റീഫൻ നീന്തി. പേപ്പറിൽ പ്രണയമെഴുതി നനയാത്തവിധം കവറിനുള്ളിലാക്കി അണ്ടർവാട്ടർ മുറിയുടെ ജനാലയിലേക്ക് കാട്ടി.

'നിന്നിൽ എനിക്കിഷ്ടപ്പെട്ടതെല്ലാം പറയാനുള്ള നേരമത്രയും ശ്വാസമടക്കി എനിക്കീ വെള്ളത്തിനടിയിൽ തുടരാനാവില്ല. ഓരോ ദിവസവും എനിക്ക് നിന്നോടുള്ള പ്രണയം ഇരട്ടിയാവുന്നു. നിനക്കെന്റെ ഭാര്യയാകാമോ?' എന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. തുടർന്ന്, മോതിരമെടുത്ത് കെനേഷയുടെ നേരെ നീട്ടി. ഇതെല്ലാം കെനേഷ കാമറയിൽ പകർത്തി. വിവാഹാഭ്യർത്ഥനയ്ക്ക് ശേഷം നീന്തിയകലുന്ന സ്റ്റീവനെ വീഡിയോയിൽ കാണാം. പിന്നീട് അവന്റെ മൃതദേഹമാണ് കെനേഷയ്ക്ക് മുന്നിലെത്തിയത്. മുങ്ങിമരണമാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.

'ഇനി വരും ജന്മത്തിൽ നാം കണ്ടുമുട്ടും. വിവാഹിതരാവുകയും ചെയ്യും.'. പ്രതീക്ഷയുണരുന്ന വാക്കുകൾ നിറച്ച് സ്റ്റീവന്റെ വീഡിയോയും ചിത്രങ്ങളും ഫേസ് ബുക്കിലൂടെ കെനേഷ തന്റെ നഷ്ടപ്രണയത്തെ അടയാളപ്പെടുത്തി. 26 ലക്ഷത്തിലധികം പേർ കെനേഷയുടെ ഫേസ് ബുക്ക് പോസ്റ്റിനോട് പ്രതികരിച്ചു.

സ്റ്റീവന്റെ മരണത്തിൽ ദുഃഖം പ്രകടിപ്പിച്ച് റിസോർട്ടിന്റെ സി.ഇ.ഒ മാത്യു സാസും രംഗത്തെത്തി. കാലാവസ്ഥയും മറ്റും അനുകൂലമായിരുന്നുവെന്നും തീരത്ത് നിന്ന് ഏകദേശം 300 മീറ്റർ മാത്രം അകലെയാണ് അണ്ടർവാട്ടർ റൂമെന്നും 10 മീറ്റർ മാത്രമാണ് ആഴമെന്നും തോമസ് പറയുന്നു.