killing

റാഞ്ചി: ബീഫ് (പശു ഇറച്ചി) വില്പന നടത്തിയെന്നാരോപിച്ച് ജാർഖണ്ഡിൽ ആൾക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു. കലീം ബർലയാണ് (34) കൊല്ലപ്പെട്ടത്. തലസ്ഥാനമായ റാഞ്ചിയിൽ നിന്ന് 34 കിലോമീറ്റർ അകലെ കുന്തി ജില്ലയിലാണ് സംഭവം. രണ്ട് പേർക്ക് ആൾക്കൂട്ട ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച രാവിലെ 10ഓടെയാണ് സംഭവം. നിരോധിക്കപ്പെട്ട ഇറച്ചി വില്പന നടത്തിയെന്നാരോപിച്ച് പ്രദേശവാസികൾ ചിലരെ പിടികൂടിയതായി കറ പൊലീസ് സ്‌റ്റേഷനിൽ വിവരം ലഭിച്ചു. ഇവരെ നാട്ടുകാർ മർദ്ദിച്ചിരുന്നെന്നും ഡി.ഐ.ജി എ.വി. ഹോംകാർ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

പരിക്കേറ്റ മൂന്ന് പേരെ റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിൽ പ്രവേശിപ്പിച്ചു. ഇവരിൽ കലീം ബർല പിന്നീട് മരിച്ചു. പ്രതികളെ പിടികൂടാനായി പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ടെന്നും പരിശോധനകൾ നടക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.