howdy-modi

ന്യൂഡൽഹി: അമേരിക്കയിലെ 'ഹൗഡി മോദി' പരിപാടിക്കിടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വീണ്ടും ഭരണത്തിലെത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. ഇതാദ്യമായാണ് ഒരു വിദേശരാജ്യത്തെ നേതാവിനായി ഇന്ത്യൻ പ്രധാനമന്ത്രി വോട്ട് ചോദിക്കുന്നതെന്നും, മോദി അമേരിക്കയിൽ പോയത് ട്രംപിന്റെ താരപ്രചാരകനായല്ലെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ആനന്ദ് ശർമ ട്വിറ്ററിർ പറഞ്ഞു.

ഹൗഡി മോദി പരിപാടിക്കിടെ ഇരു നേതാക്കളും പരസ്പരം പുകഴ്ത്തിയിരുന്നു. ആദ്യം സംസാരിച്ച മോദി ഇത്തവണയും ട്രംപ് ഗവൺമെന്റിനെ കൊണ്ടുവരണമെന്നാണ് അമേരിക്കയിലെ ഇന്ത്യൻ വംശജരോട് അഭ്യർത്ഥിച്ചത്. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യമായിരുന്ന 'അബ് കി ബാർ മോദി സർക്കാർ' എന്നതിനെ അനുകരിച്ച് 'അബ് കി ബാർ ട്രംപ് സർക്കാർ' എന്നായിരുന്നു മോദിയുടെ പ്രസംഗവാചകം.

'മറ്റൊരു രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് അടക്കമുള്ള ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കുകയെന്ന ഇന്ത്യയുടെ പ്രഖ്യാപിത നയത്തിൽ നിന്നുള്ള വ്യതിചലനമാണ് ഇത്. അമേരിക്കയുമായുള്ള ഇന്ത്യയുടെ ബന്ധം റിപ്പബ്ലിക്കൻ എന്നോ ഡെമോക്രാറ്റ് എന്നോ വേർതിരിവില്ലാതെ നിഷ്പക്ഷമായിരുന്നു. ട്രംപിനു വേണ്ടി പ്രചാരണം നടത്തിയതിലൂടെ അമേരിക്കയുടെയും ഇന്ത്യയുടെയും ജനാധിപത്യ പാരമ്പര്യം മോദി അട്ടിമറിച്ചു.'- ശർമ്മ കുറ്റപ്പെടുത്തി. അതേസമയം,ഹൗഡി മോദി പരിപാടി വൻ വിജയമായതിലുള്ള ആസൂയയാണ് ആരോപണങ്ങൾക്കു പിന്നിലെന്ന് ബി.ജെ.പി നേതാവ് അമിത് മാളവ്യ തിരിച്ചടിച്ചു.

2020-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ടെക്സാസിൽ വിജയം നേടാൻ ഡെമോക്രാറ്റുകൾ ശക്തമായ നീക്കമാണ് നടത്തുന്നത്. ഇതു മുൻകൂട്ടി കണ്ട് ഇന്ത്യൻ വംശജരായ അമേരിക്കക്കാരുടെ വോട്ടുറപ്പിക്കാനാണ് ട്രംപ് പരിപാടിയിൽ പങ്കെടുത്തതെന്ന് വാഷിംഗ്ടൺ പോസ്റ്റ് ദിനപത്രം റിപ്പോർട്ട് ചെയ്തിരുന്നു. 2016- ൽ 80 ശതമാനം ഇന്ത്യക്കാരും ഡെമോക്രാറ്റ് സ്ഥാനാർത്ഥിയായ ഹിലരി ക്ലിന്റനാണ് വോട്ട് ചെയ്തിരുന്നത്.