കൊച്ചി: കോർപ്പറേറ്റ് നികുതിയിൽ ഇളവ് കിട്ടയതിന്റെ ആഹ്ളാദവുമായി ഓഹരി വിപണി കാഴ്‌ചവയ്‌ക്കുന്ന മുന്നേറ്റം തുടരുന്നു. സെൻസെക്‌സ് 1075 പോയിന്റ് ഉയർന്ന് 39,090ലും നിഫ്‌റ്റി 326 പോയിന്റ് നേട്ടവുമായി 11,600ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്‌ച സെൻസെക്‌സ് 1921 പോയിന്റും നിഫ്‌റ്റി 569 പോയിന്റും മുന്നേറിയിരുന്നു. ഇരു സൂചികകളുടെയും കഴിഞ്ഞ പത്തുവർഷത്തെ ഏറ്രവും മികച്ച ഏകദിന നേട്ടമായി അത്.
ബജാജ് ഫിനാൻസ്, എൽ ആൻഡ് ടി., ഏഷ്യൻ പെയിന്റ്‌സ്, ഐ.ടി.സി., കോട്ടക് മഹീന്ദ്ര ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐഷർ മോട്ടോഴ്‌സ്, ഇന്ത്യൻ ഓയിൽ എന്നിവയാണ് ഇന്നലെ കുതിപ്പിന് നേതൃത്വം കൊടുത്ത പ്രമുഖ ഓഹരികൾ. സമ്പദ്‌വളർച്ചയ്ക്ക് ഉണർവേകാനായി കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ആഭ്യന്തര കമ്പനികൾക്ക് കോർപ്പറേറ്ര് നികുതിയിളവ് പ്രഖ്യാപിച്ചത്. നിലവിലെ 30 ശതമാനത്തിൽ നിന്ന് 22 ശതമാനമായി നികുതി കുറഞ്ഞു. പുതിയ കമ്പനികളുടെ നികുതി 25ൽ നിന്ന് 15 ശതമാനവുമാക്കി.
ലാഭത്തിന്മേലുള്ള നികുതി (മിനിമം ഓൾട്ടർനേറ്റ് ടാക്‌സ്) കുറയ്‌ക്കുകയും വിദേശ പോർട്ട്‌ഫോളിയോ ഇൻവെസ്‌റ്റർമാർക്കുമേൽ (എഫ്.പി.ഐ) ഏർപ്പെടുത്തിയ സൂപ്പർ സർചാർജ്, മൂലധന നേട്ട നികുതി എന്നിവ ഒഴിവാക്കുകയും ചെയ്‌തിട്ടുണ്ട്.
നികുതി ബാദ്ധ്യത ഒഴിവായതോടെ വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരികൾ വാങ്ങിത്തുടങ്ങി. വെള്ളിയാഴ്‌ച മാത്രം 36 കോടി രൂപയുടെ ഇന്ത്യൻ ഓഹരികൾ എഫ്.പി.ഐകൾ വാങ്ങി.
കീശയിൽ ₹10.35 ലക്ഷം കോടി
കഴിഞ്ഞ രണ്ടു ദിവസത്തിനിടെ സെൻസെക്‌സിലെ നിക്ഷേപകർ കൊയ്‌ത നേട്ടം 10.35 ലക്ഷം കോടി രൂപയാണ്. ഇന്നലെ മാത്രം 3.52 ലക്ഷം കോടി രൂപയുടെ നേട്ടമുണ്ടായി. സെൻസെക്‌സിന്റെ മൂല്യം 145.37 ലക്ഷം കോടി രൂപയിൽ നിന്ന് 148.89 ലക്ഷം കോടി രൂപയായാണ് ഇന്നലെ ഉയർന്നത്.
രൂപയ്ക്കും നേട്ടം
ഓഹരികളിലേക്ക് നിക്ഷേപത്തിന്റെ ഒഴുക്ക് തുടങ്ങിയത് രൂപയ്‌ക്കും നേട്ടമായി. ഇന്നലെ ഡോളറിനെതിരെ ഒരു പൈസ ഉയർന്ന് 70.93ലാണ് രൂപ വ്യാപാരം പൂർത്തിയാക്കിയത്. വെള്ളിയാഴ്‌ച രൂപ 40 പൈസയുടെ നേട്ടമുണ്ടാക്കിയിരുന്നു.
സെൻസെക്‌സ് 45,000 കടക്കുമോ?
നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്രഭരണം വീണ്ടും എൻ.ഡി.എ ഉറപ്പിച്ചതിനെ ആഘോഷവുമായി കഴിഞ്ഞ മേയ് 23ന് സെൻസെക്‌സ് ചരിത്രത്തിൽ ആദ്യമായി 40,000 പോയിന്റ് ഭേദിച്ചിരുന്നു. നിഫ്‌റ്രി 12,000വും മറികടന്നു. കോർപ്പറേറ്റ് നികുതിയിളവ്, കുറഞ്ഞ പലിശഭാരം, സാമ്പത്തിക ഉത്തേജക പാക്കേജുകൾ എന്നിവയുടെ കരുത്തിൽ അടുത്ത ജൂണിനകം സെൻസെക്‌സ് 45,000 കടന്നേക്കുമെന്ന് പ്രമുഖ വിദേശ ധനകാര്യ സ്ഥാപനമായ മോർഗൻ സ്‌റ്റാൻലി അഭിപ്രായപ്പെട്ടു. നിഫ്‌റ്റി മാർച്ചോടെ 13,000വും കടക്കും.