നടൻ ബാലയുടേയും ഗായിക അമൃത സുരേഷിന്റെയും മകളായ പപ്പു എന്ന് വിളിക്കുന്ന അവന്തികയുടെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. അമൃത സുരേഷ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച മകളുടെ ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. നിരവധി പേരാണ് പപ്പുവിന് ആശംസകളുമായെത്തിയിരിക്കുന്നത്.
മകൾക്ക് പിറന്നാളാശംസയുമായി ഫേസ്ബുക്കിലൂടെ ബാലയും രംഗത്തെത്തിയിരുന്നു. പപ്പു കുഞ്ഞായിരിക്കുമ്പോഴുള്ള ഒരു ചിത്രവും ഹൃദയസ്‌പർശിയായ കുറിപ്പുമാണ് ബാല ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്.
'ജന്മദിനാശംസകൾ പപ്പു...ഞാൻ ഇന്ന് ജീവിച്ചിരിക്കുന്നതിനുള്ള കാരണം നീയാണ്. ഒരു ദുഷ്ട ശക്തിക്കും നമ്മെ പിരിക്കാനാകില്ല,നമ്മൾ തമ്മിലുള്ള സ്നേഹം അനന്തമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരുപാട് കാര്യങ്ങൾ പങ്കുവയ്ക്കാനുണ്ട്, എന്നാൽ എന്റെ കൈകൾ ബന്ധിക്കപ്പെട്ടിരിക്കുന്നു. എന്റെ മാലാഖയ്ക്ക് എല്ലാവിധ ആശംസകളും...ഉമ്മ'- ബാല കുറിച്ചു.
2010ലായിരുന്നു ബാലയും അമൃതയും പ്രണയിച്ച് വിവാഹിതരായത്. 2012ൽ ഇരുവർക്കും അവന്തിക ജനിച്ചു. ദീർഘനാളായി അകന്നു കഴിയുന്ന ഇരുവരും ഈ വർഷമാണ് വിവാഹ മോചിതരായത്.