masamani-amman

വിവിധങ്ങളായ ആചാരങ്ങളാൽ സമ്പുഷ്‌ടമാണ് ഭാരതത്തിലെ ക്ഷേത്രങ്ങൾ. വ്യത്യസ്‌തമായ നിരവധി അനുഷ്‌ഠാനങ്ങളും വഴിപാടുകളും രാജ്യത്തെ ഓരോ ക്ഷേത്രത്തിനും അവകാശപ്പെടാനുണ്ട്. അത്തരത്തിലൊരു മഹാക്ഷേത്രമാണ് തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിലുള്ള ആനമലയിൽ സ്ഥിതി ചെയ്യുന്ന മാശാണി അമ്മൻ കോവിൽ. എന്താണ് ഇവിടുത്തെ പ്രത്യേകത എന്നല്ലേ? പ്രധാനദേവതയായ മാശാണി അമ്മന് മുളകരച്ച് തേയ്‌ക്കുന്നതാണ് ഇവിടുത്തെ പ്രധാന നിവേദ്യം.

മറ്റൊരു ക്ഷേത്രത്തിലും ഇത്തരത്തിലൊരു വഴിപാട് നിലവിലില്ല. പാലക്കാട്ട് നിന്ന് 45 കിമീ ദൂരമുണ്ട് പൊള്ളാച്ചിയ്‌ക്ക്. അവിടെ നിന്നും 15 കിമീ കൂടി പോയാൽ ആനമലയിലെത്തും. ഇവിടെയാണ് അത്ഭുത ശക്തിയുള്ള മാശാണി അമ്മൻ കോവിൽ. 15 അടിയിൽ കൂടുതൽ നീളമുള്ള ശയനരൂപത്തിലുള്ള ദേവീ ബിംബമാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത.

masamani-amman

സീതയെ അന്വേഷിച്ച് അലയുന്നതിനിടയിൽ ശ്രീരാമൻ ഇവിടുത്തെ ശ്‌മശാനത്തിൽ എത്തുകയും, അവിടുത്തെ മണ്ണ് കൂട്ടികുഴച്ച് മാശാണി അമ്മനെ കിടക്കുന്ന വിധം പ്രതിഷ്‌ഠിച്ചുവെന്നുമാണ് ഐതിഹ്യം. ഏതു തരത്തിലുള്ള ശാരീരിക മാനസിക പ്രശ്‌നങ്ങൾക്കും രോഗങ്ങൾക്കും അമ്മനെ മനമുരുകി പ്രാർത്ഥിച്ചാൽ പ്രതിവിധിയുണ്ടാകുമെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം. വിലപിടിപ്പുള്ള സാധനങ്ങൾ മോഷണം പോവുക, കടം കൊടുത്തത് തിരികെ ലഭിക്കാതിരിക്കുക, ചതിവിൽപെടുക തുടങ്ങിയ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് ഇവിടെ വ്യത്യസ്‌തമായ ഒരു വഴിപാടുണ്ട്.

ചുവന്ന മുളക് അഥവാ വറ്രൽമുളക് അരച്ച് ദേവിയുടെ ബിംബത്തിൽ തേയ‌്ക്കുന്ന വഴിപാടാണിത്. ശ്രീകോവിലിന് പുറത്താണ് മുളകരയ്‌ക്കാനുള്ള അരകല്ലും തേയ്‌ക്കാനുള്ള വിഗ്രഹവും പ്രതിഷ്‌ഠിച്ചിരിക്കുന്നത്. നീതിക്കല്ല് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. വഴിപാടുകാരൻ തന്നെയാണ് ഇത് നേരിട്ട് ചെയ്യേണ്ടത്. രാവിലെ ആറു മുതൽ രാത്രി എട്ടു മണിവരെയാണ് ക്ഷേത്രത്തിലെ പൂജാ സമയം.