ന്യൂഡൽഹി: മാരുതി സുസുക്കിയുടെ പുതിയ മൈക്രോ എസ്.യു.വിയായ എസ്-പ്രസോ വിപണിയിലെത്തി. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ മാരുതി സുസുക്കി ഇന്ത്യ മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ കെനിചി അയുകാവ, മാർക്കറ്റിംഗ് ആൻഡ് സെയിൽസ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ശശാങ്ക് ശ്രീവാസ്‌തവ എന്നിവർ ചേർന്ന് എസ്-പ്രസോ വിപണിയിലിറക്കി.
മാനുവൽ, എ.എം.ടി ഗിയർ ട്രാൻസ്‌മിഷൻ ഓപ്‌ഷനുകളിലായി ആറ് വേരിയന്റുകളാണുള്ളത്. മാരുതി സുസുക്കി അറീന ഷോറൂമുകൾ വഴി ലഭിക്കുന്ന എസ്-പ്രസോയ്ക്ക് 3.69 ലക്ഷം രൂപ മുതൽ 4.91 ലക്ഷം രൂപവരെയാണ് ഡൽഹി എക്‌സ്‌ഷോറൂം വില. രണ്ടുനിര സീറ്റുകൾ ഉൾപ്പെടുന്ന അകത്തളത്തിലെ സെൻട്രൽ കൺസോളിലും എ.സി വെന്റുകളിലും ഓറഞ്ച് നിറംപൂശി ആകർഷകമാക്കിയിട്ടുണ്ട്. സ്‌റ്റിയറിംഗിൽ ഓഡിയോ കൺട്രോൾ സ്വിച്ചുകളുണ്ട്. വാഗൺആറിലേതിന് സമാന ഇൻഫോടെയ്‌ൻമെന്റ് ടച്ച് സ്‌ക്രീനും മികവാണ്.
ബി.എസ്-6 ചട്ടം പാലിക്കുന്ന കെ10 1.0 ലിറ്റർ പെട്രോൾ എൻജിനാണുള്ളത്. 68 പി.എസ് കരുത്തും പരമാവധി 90 എൻ.എം ടോർക്കും ഉത്‌പാദിപ്പിക്കുന്ന എൻജിനാണിത്. ലിറ്ററിന് 21.7 കിലോമീറ്ററാണ് മൈലേജ് വാഗ്‌ദാനം. ഇന്ത്യൻ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചെത്തുന്ന എസ്-പ്രസോയ്ക്ക് ഡ്യുവൽ എയർബാഗുകൾ, ഇ.ബി.ഡിയോട് കൂടിയ ആന്റിലോക്ക് ബ്രേക്കിംഗ് സിസ്‌റ്റം (എ.ബി.എസ്), ഹൈസ്‌പീഡ് വാണിംഗ് അലർട്ട്, റിയർ പാർക്കിംഗ് അസിസ്‌റ്റ്, റിവേഴ്‌സ് പാർക്കിംഗ് സെൻസർ തുടങ്ങിയ സവിശേഷതകളുമുണ്ട്.