കൊച്ചി: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊന്ന സംഭവം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ
കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. കൊല്ലപ്പെട്ടവരുടെ മാതാപിതാക്കൾ നൽകിയ ഹർജി വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി. അതേസമയം കേസിൽ സി.പി.എം ഉന്നത നേതാക്കളുടെ പങ്കിന് തെളിവില്ലെന്നും അന്വേഷണത്തിൽ ബാഹ്യ ഇടപെടലുണ്ടായില്ലെന്നും ക്രൈംബ്രാഞ്ച് സംഘം ഹൈക്കോടതിയിൽ ബോധിപ്പിച്ചു. മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി.എം. പ്രദീപാണ് അഡിഷണൽ സ്റ്റേറ്റ്മെന്റ് നൽകിയത്.
സി.പി.എം ജില്ലാ നേതൃത്വത്തിന് കല്യോട്ടുള്ള കോൺഗ്രസുകാരോടുള്ള പകയാണ് ഇരട്ടക്കൊലപാതകത്തിന് കാരണമെന്ന ആരോപണം ശരിയല്ല. കുറ്റപത്രം മേയ് 20ന് ഹോസ്ദുർഗ് ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ചു. കേസ് ഇപ്പോൾ വിചാരണയുടെ ഘട്ടത്തിലാണ്. അന്വേഷണ സംഘത്തിന് രാഷ്ട്രീയ ചായ്‌വില്ല. സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും അഡിഷണൽ സ്റ്റേറ്റ്മെന്റിൽ പറയുന്നു.
കുഞ്ഞിരാമനും മുസ്‌തഫയ്‌ക്കും പങ്കില്ല
രണ്ടാം പ്രതി സജി സി. ജോർജിനെ പൊലീസ് കസ്റ്റഡിയിൽ നിന്ന് മുൻ എം.എൽ.എ കുഞ്ഞിരാമന്റെ നേതൃത്വത്തിൽ ബലമായി മോചിപ്പിച്ചെന്ന ആരോപണത്തിന് തെളിവില്ല. ഇയാൾ പൊലീസിൽ കീഴടങ്ങുകയായിരുന്നു. കുഞ്ഞിരാമൻ സ്ഥലത്തുണ്ടായിരുന്നതായി അന്വേഷണത്തിന്റെ ഫയലിൽ പറയുന്നില്ല. സി.പി.എം നേതാവ് വി.പി.പി. മുസ്തഫ കൃപേഷിനും ശരത് ലാലിനുമെതിരെ ഭീഷണിയുടെ സ്വരത്തിൽ പ്രസംഗിച്ചെന്നത് ശരിയല്ലെന്നും സ്റ്റേറ്റ്മെന്റിൽ പറയുന്നു.
ഫെബ്രുവരി 17നാണ് കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടത്. സി.പി.എം പ്രാദേശിക നേതാവ് പീതാംബരനെ ആക്രമിച്ചതിന് പകവീട്ടാനായി ഇരുവരെയും കൊലപ്പെടുത്തിയെന്നാണ് കേസ്. പീതാംബരനാണ് ഒന്നാം പ്രതി. സജി സി. ജോർജ്, കെ.എം. സുരേഷ്, അമ്പു എന്ന അനിൽകുമാർ, ജിജിൻ, കുട്ടു എന്ന ശ്രീരാഗ്, അപ്പു എന്ന അശ്വിൻ, സുബീഷ്, മുരളി, രഞ്ജിത്ത്, പ്രദീപൻ എന്നിവരാണ് രണ്ടു മുതൽ 11 വരെയുള്ള പ്രതികൾ.